വീണ്ടും സിആർ7
Tuesday, September 10, 2024 12:00 AM IST
ബെൻഫിക: യുവേഫ നേഷൻസ് ലീഗ് ഫുട്ബോളിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും ഗോൾ സ്വന്തമാക്കി പോർച്ചുഗൽ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ.
പകരക്കാരുടെ ബെഞ്ചിൽനിന്നെത്തിയാണ് ക്രിസ്റ്റ്യാനോ സ്കോട്ലൻഡിനെതിരേ ഗോൾ നേടി പോർച്ചുഗലിനെ ജയത്തിലെത്തിച്ചത്. ഒരു ഗോളിനു പിന്നിൽനിന്നശേഷമായിരുന്നു പോർച്ചുഗൽ 2-1ന്റെ ജയം നേടിയത്.
ഗ്രൂപ്പ് ഒന്നിലെ കഴിഞ്ഞ മത്സരത്തിൽ ക്രൊയേഷ്യക്കെതിരേയും സിആർ7 വലകുലുക്കിയിരുന്നു. ക്രൊയേഷ്യക്കെതിരായത് ക്രിസ്റ്റ്യാനോയുടെ കരിയറിലെ 900-ാം ഗോളായിരുന്നു. ഗ്രൂപ്പ് ഒന്നിൽ പോർച്ചുഗലിന്റെ തുടർച്ചയായ രണ്ടാം ജയമാണ്. ആറു പോയിന്റുമായി പോർച്ചുഗൽ ഒന്നാമതുണ്ട്.
പകരക്കാരൻ റൊണാൾഡോ
2022 ഫിഫ ലോകകപ്പിന്റെ നോക്കൗട്ടിനിടെ ക്രിസ്റ്റ്യാനോ റൊണാൾഡോയെ അന്നത്തെ പരിശീലകൻ ഫെർണാണ്ടോ സാന്റോസ് പകരക്കാരുടെ ബെഞ്ചിൽ ഇരുത്തിയത് വൻ ചർച്ചയായിരുന്നു.
സാന്റോസിന്റെ സീറ്റ് തെറിക്കുന്നതിൽവരെ കാര്യങ്ങളെത്തി. സാന്റോസിന്റെ പിൻഗാമിയായി പോർച്ചുഗൽ പരിശീലക സ്ഥാനത്തെത്തിയ റോബർട്ടോ മാർട്ടിനെസിന്റെ ശിക്ഷണത്തിൽ റൊണാൾഡോ ആദ്യമായി പകരക്കാരുടെ ബെഞ്ചിൽനിന്നെത്തിയ മത്സരമായിരുന്നു സ്കോട്ലൻഡിനെതിരായത്.
രണ്ടാം പകുതി സബ്സ്റ്റിറ്റ്യൂഷനായാണ് റൊണാൾഡോ കളത്തിലെത്തിയത്. ഏഴാം മിനിറ്റിൽ സ്കോട്ട് മക് ടോമിനെയുടെ ഗോളിൽ മുന്നിലെത്തിയ സ്കോട്ലൻഡിനെതിരേ 54-ാം മിനിറ്റിൽ ബ്രൂണോ ഫെർണാണ്ടസിന്റെ ഗോളിൽ പോർച്ചുഗൽ സമനിലയിലെത്തി.
88-ാം മിനിറ്റിൽ നൂനോ മെൻഡെസിന്റെ ക്രോസിൽനിന്ന് പോർച്ചുഗലിന്റെ ജയം കുറിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ ഗോൾ സ്വന്തമാക്കി.