ആരാകും കൊന്പൻ?
തോമസ് വർഗീസ്
Thursday, August 29, 2024 1:25 AM IST
തിരുവനന്തപുരം: നാട്ടിലെ പരിശീലനം പൂർത്തിയാക്കി കേരള ഫുട്ബോളിലെ കൊന്പൻ പട്ടം സ്വന്തമാക്കാനുള്ള അവസാന വട്ട തയാറെടുപ്പിനായി തിരുവനന്തപുരം കൊന്പൻസ് എഫ്സി ഗോവയിലേക്ക്. ഇന്ത്യൻ കാൽപ്പന്തുകളിയിലെ ഈറ്റില്ലങ്ങളിലൊന്നായ ഗോവയിലെ പ്രബല ഫുട്ബോൾ ടീമുകളുമായി പരിശീലന മത്സരത്തിനായാണ് ഇന്നു ടീം ഗോവയിലേക്ക് യാത്ര തിരിച്ചത്. കൊന്പൻസ് ടീമിന് പിന്തുണയുമായി ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസണും രംഗത്തെത്തെി. ടീം മാനേജ്മെന്റുമായി സഞ്ജു ചർച്ച നടത്തി.
മൂന്നു സൗഹൃദമത്സരങ്ങളാണ് ഗോവയിൽ കൊന്പൻസിനുള്ളത്. സാൽഗോക്കർ ഗോവ, ഡെംപോ ഗോവ എന്നീ ടീമുകളുമായാണ് മത്സരം. പ്രഥമ സൂപ്പർ ലീഗ് കേരള പോരാട്ടത്തിനു മുന്നോടിയായി തികഞ്ഞ ആത്മവിശ്വാസത്തിലാണ് പരിശീലനം പുരോഗമിക്കുന്നതെന്നു ടീമിന്റെ മുഖ്യപരിശീലകൻ ബ്രസീലിൽ നിന്നുള്ള സെർജിയോ അലെക്സാൻദ്രേ വ്യക്തമാക്കി. ബ്രസീലിൽ നിന്നുള്ള ആറു താരങ്ങളുമായാണ് കൊന്പൻസ് സൂപ്പർ ലീഗ് കേരളാ പോരാട്ടത്തിന് സജ്ജമാകുന്നത്. കൂടാതെ ഇന്ത്യൻ ദേശീയ താരങ്ങളും സന്തോഷ് ട്രോഫിയിൽ കേരളത്തിനായി ബൂട്ടണിഞ്ഞവരും ടീമിന് കരുത്താകും.
യുഎഇ, ഇന്തോനേഷ്യ, തായ്ലൻഡ് എന്നിവിടങ്ങളിൽ വിവിധ ക്ലബുകളെ പരിശീലിപ്പിച്ചതിന്റെ അനുഭവസന്പത്തുമായാണ് സെർജിയോ ആദ്യമായി ഒരു ഇന്ത്യൻ ടീമിനെ പരിശീലിപ്പിക്കാനായി എത്തുന്നത്.
കൊന്പൻസിന്റെ ക്യാന്പിലെ ബ്രസീലിയൻ താരങ്ങളും ഇന്ത്യൻ താരങ്ങളും തമ്മിൽ മൂന്നാഴ്ച്ചയ്ക്കുള്ളിൽ മികച്ച കേളീശൈലി രൂപപ്പെടുത്തിയെടുക്കാൻ കഴിഞ്ഞതായും ബ്രസീലിൽനിന്നുള്ള താരങ്ങൾക്ക് കേരളത്തിലെ കാലാവസ്ഥയുമായി വേഗത്തിൽ പൊരുത്തപ്പെടാൻ കഴിഞ്ഞതായും കോച്ച് വ്യക്തമാക്കി. മധ്യനിര താരമായ 32കാരൻ പാട്രിക് മോട്ടയാണ് ബ്രസീലിൽ നിന്നും വന്ന സംഘത്തിലെ ഏറ്റവും പരിചയ സന്പന്നൻ.
ബ്രസീലിൽ രണ്ടാം ഡിവിഷൻ ടീമുകൾക്കുവേണ്ടി കളിച്ചിട്ടുണ്ട്. കൂടാതെ, ഇന്തോനേഷ്യ, തായ്ലൻഡ്, മാൾട്ട എന്നിവിടങ്ങളിലെ വിവിധ ക്ലബുകളിലെ കളിപരിചയവും മുതൽക്കൂട്ടായുണ്ട്. ഇന്ത്യയിൽ ആദ്യമായി തിരുവനന്തപുരം കൊന്പൻ എഫ് സിക്കുവേണ്ടി കളിക്കുന്നു.
ഇരുപതുകാരനായ ഡേവി കുൻഹിൻ ബ്രസീലിന് പുറത്ത് ആദ്യമായി ഒരു മത്സരം കളിക്കാൻ ഒരുങ്ങുകയാണ്. കുൻഹിൻ ആണ് ടീമിലെ ഏറ്റവും പ്രായംകുഞ്ഞ വ്യക്തി. കാംപിയനാറ്റോ കാറ്ററിനെൻസെ, കോപിൻഹ, തുടങ്ങിയ ടീമുകൾക്കായി ജഴ്സി അണിഞ്ഞിട്ടുണ്ട്. സെന്റർ-ബാക്ക് പൊസിഷനിൽ കളിക്കുന്ന റെനൻ ജനുവാരിയോ , മാർകോസ് വൈൽഡർ, എന്നിവരും ഗോൾ കീപ്പർ മൈക്കേൽ അമേരികോ ബ്രസീലിൽ നിന്നും കേരളത്തിലെത്തി കൊന്പൻസിന്റെ പോരാട്ടത്തിന് ശക്തിപകരാൻ തയാറെടുക്കുകയാണ്.
മുൻ ഇന്ത്യൻതാരവും ചെന്നൈയിൻ ബി ടീമിന്റെ മുഖ്യ പരിശീലകനുമായ കാളി അലാവുദ്ദീനാണ് കൊന്പൻസിന്റെ സഹപരിശീലകൻ. അണ്ടർ 20 ഇന്ത്യൻ ടീമിന്റെ ഗോൾ കീപ്പിംഗ് പരിശീലകൻ ബാലാജി നരസിംഹൻ ഗോൾ കീപ്പർമാർക്ക് തന്ത്രം പകരുക.