വിജയവഴിയിൽ
Wednesday, July 31, 2024 12:34 AM IST
പാരീസ്: പാരീസ് ഒളിന്പിക്സ് പുരുഷ ഹോക്കിയിൽ ഇന്ത്യ വിജയവഴിയിൽ തിരിച്ചെത്തി. പൂൾ ബിയിലെ രണ്ടാം മത്സരത്തിൽ അർജന്റീനയോടു സമനില വഴങ്ങിയ ഇന്ത്യ ക്യാപ്റ്റൻ ഹർമൻപ്രീത് സിംഗ് നേടിയ ഇരട്ട ഗോൾ മികവിൽ 2-0ന് അയർലൻഡിനെ പരാജയപ്പെടുത്തി. ഇതോടെ ഇന്ത്യ ക്വാർട്ടർ പ്രതീക്ഷകൾ നിലനിർത്തി.
ആറു ടീമുകളുള്ള പൂളിലെ ആദ്യ നാലു സ്ഥാനക്കാരാണ് ക്വാർട്ടറിലെത്തുക. ജയത്തോടെ ഇന്ത്യ താത്കാലികമായിട്ടെങ്കിലും ഏഴു പോയിന്റുമായി ഒന്നാം സ്ഥാനത്തായി. ആറു പോയിന്റ് വീതമുള്ള ബെൽജിയം, ഓസ്ട്രേലിയ ടീമുകളാണ് ഇന്ത്യക്കു പിന്നിൽ. ഒരു പോയിന്റുമായി അർജന്റീന നാലാമതുണ്ട്.
കഴിഞ്ഞ രണ്ടു മത്സരങ്ങളിലും ആദ്യം തന്നെ ഗോൾ നേടുന്നിൽ പരാജയപ്പെട്ട ഇന്ത്യ ജയം തേടിയാണ് ഇറങ്ങിയത്. 11-ാം മിനിറ്റിൽ പെനാൽറ്റിലൂടെ ക്യാപ്റ്റൻ ഹർമൻപ്രീത് ഇന്ത്യയെ മുന്നിലെത്തിച്ചു. ഗുർജന്ത് സിംഗും മന്ദീപ് സിംഗുമായുള്ള നീക്കമാണ് ഗോളിനു വഴിയൊരുക്കിയത്.
പന്തുമായി മുന്നേറിയ മന്ദീപിനെ ഫൗൾ ചെയ്തു വീഴ്ത്തിയതിന് ഇന്ത്യക്ക് അനുകൂലമായി പെനാൽറ്റി സ്ട്രോക് ലഭിച്ചു. പെനാൽറ്റിയിൽ പിഴവൊന്നും വരുത്താതെ ക്യാപ്റ്റൻ പന്ത് വലയിലാക്കി.
രണ്ടാം ക്വാർട്ടറിലും ഇന്ത്യ ആക്രമണം തുടർന്നു. 19-ാം മിനിറ്റിൽ ക്യാപ്റ്റൻ ഒരിക്കൽക്കൂടി ഐറിഷ് വലകുലുക്കി. ഇത്തവണ പെനാൽറ്റി കോർണറിൽനിന്നായിരുന്നു ഗോൾ. അയർലൻഡിന്റെ പ്രത്യാക്രമണത്തെ ശക്തമായ പ്രതിരോധം കെട്ടി ഇന്ത്യ തകർത്തു.
മൂന്നാം ക്വാർട്ടറിൽ തുടർച്ചയായി പെനാൽറ്റി കോർണറുകൾ നേടിയ അയർലൻഡ് ഇന്ത്യയെ സമ്മർദത്തിലാക്കിക്കൊണ്ടിരുന്നു. എന്നാൽ ഇന്ത്യൻ പ്രതിരോധവും ഗോളി പി.ആർ. ശ്രീജേഷിനെയും കടന്ന് പന്ത് വലയിലെത്തിയില്ല. അവസാന ക്വാർട്ടറിലും അയർലൻഡിന് ഇന്ത്യൻ പ്രതിരോധം ഭേദിക്കാനായില്ല.