പാരിസ് ഒളിന്പിക്സിൽ നിരീക്ഷകൻ സൂരജ്
Friday, July 19, 2024 11:42 PM IST
കണ്ണൂര്‍: പാരീസിലെ ഒളിന്പിക്സ് നഗരത്തിലേക്ക് ഇന്ത്യൻ ബോക്സിംഗ് ടീം പറന്നിറങ്ങുന്പോൾ അവർക്കൊപ്പം ഒരു കണ്ണൂർ സ്വദേശിയുമുണ്ടാകും. ബോക്സിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ബിഎഫ്ഐ) ഡെവലപ്മെന്റ് കമ്മീഷൻ വൈസ് ചെയർമാനായ ഡോ. എൻ.കെ. സൂരജ് എന്ന അഴീക്കോട് സ്വദേശി.
ബിഎഫ്ഐയുടെ നിരീക്ഷകനായാണ് ഡോ. സൂരജ് ടീമിനോടൊപ്പം പാരീസിലെത്തുന്നത്. മത്സരങ്ങളുടെ നടത്തിപ്പ് നിരീക്ഷണം, അന്താരാഷ്ട്ര ബോക്സിംഗ് ചട്ടങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കല്‍, ഇന്ത്യന്‍ ബോക്സര്‍മാരുടെ പ്രകടനവും തയാറാറെടുപ്പും മെച്ചപ്പെടുത്തുന്നതിനുള്ള നിർദേശം നൽകൽ എന്നിവയാണ് ഡോ. സൂരജിന്റെ ചുമതല.
2019ല്‍ കണ്ണൂരില്‍ നടത്തിയ ദേശീയ വനിതാ ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പിന്റെയും അഴീക്കോട് നടത്തിയ സംസ്ഥാന ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പിന്റെയും സംഘാടന മികവും ബോക്സിംഗ് രംഗത്ത് ബിഎഫ്ഐ ഡെവലപ്മെന്റ് കമ്മീഷന് വൈസ് ചെയര്മാന് എന്ന നിലയില്‍ നല്കിയ സംഭാവനകളും പരിഗണിച്ചാണ് ഡോ. എൻ. കെ. സൂരജിനെ ഒളിന്പിക്സ് ടീമിന്റെ നിരീക്ഷകനായി നിയോഗിച്ചത്.