ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പ് : ഇന്ത്യ x ബംഗ്ലാദേശ് മത്സരം ഇന്ന് രാത്രി 8.00ന്
Saturday, June 22, 2024 12:27 AM IST
ആന്റിഗ്വ: ഐസിസി ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പ് സൂപ്പർ എട്ട് ഗ്രൂപ്പ് ഒന്നിൽ രണ്ടാം ജയത്തിനായി ടീം ഇന്ത്യ ഇന്ന് അയൽക്കാരായ ബംഗ്ലാദേശിനെതിരേ ഇറങ്ങും.
ഇന്ത്യൻ സമയം രാത്രി എട്ടിന് ആന്റിഗ്വയിലെ സർ വിവിയൻ റിച്ചാർഡ്സ് സ്റ്റേഡിയത്തിലാണ് മത്സരം. സൂപ്പർ എട്ടിലെ ആദ്യമത്സരത്തിൽ ഇന്ത്യ അഫ്ഗാനിസ്ഥാനെ 47 റണ്സിനു കീഴടക്കിയിരുന്നു. തിങ്കളാഴ്ച ഓസ്ട്രേലിയയ്ക്കെതിരേയാണ് സൂപ്പർ എട്ടിൽ ഇന്ത്യയുടെ അവസാന മത്സരം. ഇന്ന് ബംഗ്ലാദേശിനെതിരേ ജയിച്ചാൽ രോഹിത് ശർമയ്ക്കും സംഘത്തിനും സെമി ഫൈനലിലേക്ക് ഒരുപടികൂടി അടുക്കാം.
◄ദുബെ/സഞ്ജു സാംസൺ ►
സൂപ്പർ എട്ടിലേക്ക് എത്തിയിട്ടും ഇന്ത്യക്ക് മികച്ച പ്ലേയിംഗ് ഇലവനെ കണ്ടേത്താൻ സാധിച്ചിട്ടില്ല എന്നതും വാസ്തവം. വിരാട് കോഹ് ലി - രോഹിത് ശർമ ഓപ്പണിംഗ് കൂട്ടുകെട്ട് ഇതുവരെ ഫോമിൽ എത്തിയിട്ടില്ല. ഋഷഭ് പന്ത്, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ എന്നിവർ മധ്യനിരയിൽ നടത്തുന്ന മികവാണ് ഇതുവരെ നിർണായകമായത്. പ്രത്യേകിച്ച് സൂര്യകുമാറിന്റെ ബാറ്റിംഗ്. ശിവം ദുബെ, രവീന്ദ്ര ജഡേജ എന്നിവർക്ക് ഇതുവരെ ഫോം കണ്ടെത്താൻ സാധിച്ചിട്ടില്ല. ജഡേജ ബൗളിംഗ് ഓപ്ഷനായി രോഹിത്തിനു സഹായമാകുന്നുണ്ട്. ദുബെയെക്കൊണ്ട് ആ ഉപകാരവും ഇല്ല എന്നതാണ് വാസ്തവം.
ബംഗ്ലാദേശിനെതിരായ മത്സരത്തിലും ദുബെ ഫോം കണ്ടെത്തിയില്ലെങ്കിൽ ടീം മാനേജ്മെന്റ് സഞ്ജു സാംസണെ പ്ലേയിംഗ് ഇലവനിൽ ഉൾപ്പെടുത്തിയേക്കും. വെസ്റ്റ് ഇൻഡീസിൽ സ്പിന്നിന് കൂടുതൽ പിന്തുണ ലഭിക്കുമെന്നതിനാൽ അഫ്ഗാനെതിരേ മുഹമ്മദ് സിറാജിനു പകരം കുൽദീപ് യാദവിനെ ഇന്ത്യ കളിപ്പിച്ചിരുന്നു. സമാനമായ ഒരു മാറ്റം മധ്യനിര ബാറ്റിംഗിൽ ഇന്നുണ്ടാകുമോ എന്നതിനായി ക്രിക്കറ്റ് ആരാധകർ കാത്തിരിക്കുകയാണ്.
സൂപ്പർ എട്ടിൽ ഓസ്ട്രേലിയയ്ക്കെതിരേ തോൽവി വഴങ്ങിയാണ് ബംഗ്ലാദേശ് എത്തുന്നത്.