മഴയിൽ പോയിന്റ് പങ്കിട്ടു
Thursday, June 6, 2024 12:18 AM IST
ബ്രിഡ്ജ്ടൗണ്‍: ഐസിസി ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പിൽ മഴയെത്തുടർന്ന് സ്കോട്ലൻഡും ഇംഗ്ലണ്ടും തമ്മിലുള്ള മത്സരം ഉപേക്ഷിച്ചു. മഴയെത്തുടർന്ന് വൈകിയാരംഭിച്ച മത്സരം ഇടയ്ക്കുവച്ചും നിർത്തിവയ്ക്കേണ്ടിവന്നിരുന്നു.
ടോസ് നേടിയ സ്കോട്ലൻഡ് 10 ഓവറിൽ വിക്കറ്റ് നഷ്ടപ്പെടാതെ 90 റണ്‍സ് നേടിയെങ്കിലും മത്സരം പൂർത്തിയാക്കാൻ സാധിച്ചില്ല. ഓപ്പണർമാരായ ജോർജ് മുൻസിയും (31 പന്തിൽ 41 നോട്ടൗട്ട്) മൈക്കൽ ജോണ്‍സും (30 പന്തിൽ 45 നോട്ടൗട്ട്) മികച്ച ബാറ്റിംഗ് കാഴ്ചവച്ചു.
മത്സരം ഉപേക്ഷിച്ചതോടെ ഇരുടീമും ഓരോ പോയിന്റ് വീതം പങ്കുവച്ചു. ഗ്രൂപ്പ് ബിയിൽ ഒമാനെ തോൽപ്പിച്ച് രണ്ട് പോയിന്റ് നേടിയ നമീബിയയ്ക്ക് പിന്നിൽ ഓരോ പോയിന്റ് വീതവുമായി രണ്ടും മൂന്നും സ്ഥാനങ്ങളിലാണ് സ്കോട്ലൻഡും ഇംഗ്ലണ്ടും. ഗ്രൂപ്പിൽ ഓസ്ട്രേലിയ ഇന്ന് ഒമാനെ നേരിടും.