ലോകകപ്പിൽ അഫ്ഗാന് റിക്കാർഡ് ജയം
Wednesday, June 5, 2024 1:08 AM IST
ഗയാന: ഐസിസി ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പിൽ അഫ്ഗാനിസ്ഥാന് ചരിത്ര ജയം. ഗ്രൂപ്പ് സിയിൽ അഫ്ഗാനിസ്ഥാൻ 125 റണ്‍സിന് ഉഗാണ്ടയെ തകർത്തു. ട്വന്റി-20 ലോകകപ്പ് ചരിത്രത്തിൽ റണ്‍ അടിസ്ഥാനത്തിലെ ഏറ്റവും ഉയർന്ന നാലാമത് ജയമാണിത്.
ടോസ് നേടിയ ഉഗാണ്ട ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണർമാരായ റഹ്മനുള്ള ഗുർബാസ് (45 പന്തിൽ 76), ഇബ്രാഹിം സദ്രൻ (46 പന്തിൽ 70) എന്നിവരുടെ മികവിൽ അഫ്ഗാനിസ്ഥാൻ 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 183 റണ്‍സ് നേടി. ഉഗാണ്ട യുടെ മറുപടി 16 ഓവറിൽ 58 റണ്‍സിൽ അവസാനിച്ചു.
റിക്കാർഡ് ഓപ്പണിംഗ്
ഗുർബാസും സദ്രനും ചേർന്നുള്ള 154 റണ്‍സ് ഐസിസി ട്വന്റി-20 ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത് ഓപ്പണിംഗ് കൂട്ടുകെട്ടാണ്. 2022ൽ ഇംഗ്ലണ്ടിന്റെ അലക്സ് ഹെയ്ൽസും ജോസ് ബട്ലറും ചേർന്ന് പുറത്താകാതെ ഇന്ത്യക്കെതിരേ നേടിയ 170 റണ്‍സാണ് റിക്കാർഡ്.
2021ൽ ഇന്ത്യക്കെതിരേ പാക്കിസ്ഥാന്റെ ബാബർ അസവും മുഹമ്മദ് റിസ്വാനും പുറത്താകാതെ നേടിയ 152 നോട്ടൗട്ട് ഇതോടെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
ട്വന്റി-20 ലോകകപ്പിൽ ഒന്നിലധികം തവണ 120+ റണ്‍സ് ജയം നേടുന്ന ടീം എന്ന നേട്ടവും അഫ്ഗാനിസ്ഥാൻ സ്വന്തമാക്കി. 2021 ലോകകപ്പിൽ അഫ്ഗാൻ 130 റണ്‍സിന് സ്കോട്ലൻഡിനെ കീഴടക്കിയിരുന്നു.
ഫറൂഖി ഫിഫർ
നാല് ഓവറിൽ ഒന്‍പത് റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഫസൽഹഖ് ഫറൂഖിയുടെ ബൗളിംഗാണ് ഉഗാണ്ടയെ നിലംപരിശാക്കി അഫ്ഗാന് റിക്കാർഡ് ജയം സമ്മാനിച്ചത്. 16 ഓവറിൽ വെറും 58 റണ്‍സിന് ഉഗാണ്ടയുടെ ഇന്നിംഗ്സ് അവസാനിച്ചു. ഫറൂഖിയാണ് പ്ലെയർ ഓഫ് ദ മാച്ച്.
ട്വന്റി-20 ലോകകപ്പ് ചരിത്രത്തിൽ അഞ്ച് വിക്കറ്റ് വീഴ്ത്തുന്ന രണ്ടാമത് അഫ്ഗാൻ ബൗളറാണ് ഫറൂഖി. ട്വന്റി-20 ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച നാലാമത് ബൗളിംഗാണ് ഫറൂഖിയുടെ 5/9. ശ്രീലങ്കയുടെ അജന്ത മെൻഡിസിന്റെ (2012ൽ സിംബാബ്വെയ്ക്കെതിരേ 6/8) പേരിലാണ് റിക്കാർഡ്.
ശ്രീലങ്കയുടെ രങ്കണ ഹെറാത് (5/3, 2014ൽ ന്യൂസിലൻഡിന് എതിരേ), പാക്കിസ്ഥാന്റെ ഉമർ ഗുൽ (5/6, 2009ൽ ന്യൂസിലൻഡിന് എതിരേ) എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ.