സഞ്ജുവിനോടുള്ള ആക്രോശം: വിശദീകരണവുമായി പാർഥ് ജിൻഡാൽ
Thursday, May 9, 2024 1:59 AM IST
ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ സഞ്ജു സാംസണ് ഔട്ടായപ്പോൾ ഗ്യാലറിയിലിരുന്ന് കയറിപ്പോകാൻ ആക്രോശിച്ച സംഭവത്തിൽ വിശദീകരണവുമായി ഡൽഹി ക്യാപിറ്റൽസ് ടീം ഉടമയായ പാർഥ് ജിൻഡാൽ.
ആരാധകരോഷം കനത്തതോടെയാണ് ആദ്യം ഡൽഹി ക്യാപിറ്റൽസും പിന്നീട് ജിൻഡാൽ നേരിട്ടും എക്സിലൂടെ പ്രതികരണവുമായി രംഗത്തെത്തിയത്.
ഡൽഹിക്കെതിരായ മത്സരത്തിൽ സഞ്ജു വിവാദ ക്യാച്ചിൽ പുറത്താവുന്പോൾ ടിവി അംപയറുടെ തീരുമാനം വരുന്നതിന് മുന്പേ പാർഥ് ജിൻഡാൽ സഞ്ജുവിനോടു കയറിപ്പോകാൻ ആക്രോശിച്ചിരുന്നു.
എന്നാൽ മത്സരശേഷം സഞ്ജു രാജസ്ഥാൻ ടീം ഉടമ മനോജ് ബദാലെക്കൊപ്പം സംസാരിച്ചു നിൽക്കുന്പോൾ അടുത്തെത്തിയ പാർഥ് ജിൻഡാൽ രാജസ്ഥാൻ നായകനു കൈകൊടുത്ത് സംസാരിക്കുകയും ലോകകപ്പ് ടീമിലെത്തിയതിന് അഭിനന്ദിക്കുകയും ചെയ്തുവെന്നു ഡൽഹി ക്യാപിറ്റൽസ് നേരത്തെ പങ്കുവച്ച എക്സ് പോസ്റ്റിൽ വ്യക്തമാക്കിയിരുന്നു.
ഈ പോസ്റ്റ് റീ ട്വീറ്റ് ചെയ്ത ജിൻഡാൽ പവർ ഹിറ്റിംഗിലൂടെ സഞ്ജു ശരിക്കും തങ്ങളെ വിറപ്പിച്ചുവെന്നും അതുകൊണ്ടാണ് പുറത്തായപ്പോൾ പെട്ടെന്നുള്ള ആവേശത്തിൽ അത്തരമൊരു പ്രതികരണം നടത്തിയതെന്നും എക്സ് പോസ്റ്റിൽ വിശദീകരിച്ചു.
സഞ്ജുവിനോടും ബദാലെയോടും സംസാരിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും സഞ്ജുവിനെ അഭിനന്ദിച്ചുവെന്നും ജിൻഡാൽ എക്സിൽ കുറിച്ചു.