പെനാൽറ്റി വേണ്ടെന്നുവച്ച് ക്രിസ്റ്റ്യാനോ
Friday, May 3, 2024 2:49 AM IST
റിയാദ്: പതിവിനു വിപരീതമായി പെനാൽറ്റി വേണ്ടെന്നുവച്ച് സൗദി പ്രൊ ലീഗ് ക്ലബ്ബായ അൽ നസർ എഫ്സിയുടെ പോർച്ചുഗൽ ഇതിഹാസ ഫുട്ബോളർ ക്രിസ്റ്റ്യാനോ റൊണാൾഡോ. ‘പെനാൽഡോ’ എന്ന കളിയാക്കലിനു പാത്രമാകാറുള്ള റൊണാൾഡോ കിംഗ് കപ്പ് ഓഫ് ചാന്പ്യൻസ് സെമിയിൽ അൽ ഖലീജ് എഫ്സിക്ക് എതിരായ പെനാൽറ്റിയാണ് വേണ്ടെന്നുവച്ചത്.
സെനഗൽ താരമായ സാദിയൊ മാനയെക്കൊണ്ട് റൊണാൾഡോ പെനാൽറ്റി എടുപ്പിക്കുകയും ചെയ്തു. സാദിയൊ മാനയെ ഫൗൾ ചെയ്തതിനായിരുന്നു റഫറി സ്പോർട്ട് കിക്ക് വിധിച്ചത്.
മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ (17’, 57’) ഇരട്ട ഗോൾ നേടി. നോ ലുക്ക് ബാക്ക് ഷോട്ടിലൂടെയായിരുന്നു റൊണാൾഡോയുടെ ആദ്യ ഗോൾ. സാദിയൊ മാനെ (37’) പെനാൽറ്റിയിലൂടെയും വലകുലുക്കി.
മത്സരത്തിൽ 3-1ന്റെ ജയത്തോടെ അൽ നസർ ഫൈനലിൽ പ്രവേശിച്ചു. അൽ ഹിലാൽ എഫ്സിയാണ് ഫൈനലിൽ അൽ നസറിന്റെ എതിരാളികൾ. സെമിയിൽ അൽ ഹിലാൽ 2-1ന് അൽ എത്തിഹാദ് എഫ്സിയെ തോൽപ്പിച്ചു.