ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ്; സഞ്ജു ടീമിൽ
Wednesday, May 1, 2024 2:07 AM IST
അഹമ്മദാബാദ്: ഐസിസി ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. മലയാളി ക്രിക്കറ്റ് ആരാധകരുടെ കാത്തിരിപ്പിനു വിരാമമിട്ട് സഞ്ജു സാംസണെയും ഉൾപ്പെടുത്തിയുള്ള 15 അംഗ ടീമിനെയാണു പ്രഖ്യാപിച്ചിരിക്കുന്നത്.
എസ്. ശ്രീശാന്തിനുശേഷം ലോകകപ്പ് ടീമിൽ ഇടംനേടുന്ന ആദ്യത്തെ കേരളതാരമാണ് സഞ്ജു. രോഹിത് ശർമ നായകനായ ടീമിൽ ഹാർദിക് പാണ്ഡ്യയാണു വൈസ് ക്യാപ്റ്റൻ. ജൂണിൽ വെസ്റ്റ് ഇൻഡീസിലും യുഎസ്എയിലുമായാണു ലോകകപ്പ് നടക്കുന്നത്.
യശസ്വി ജയ്സ്വാൾ, ശിവം ദുബെ, സഞ്ജു സാംസണ്, മുഹമ്മദ് സിറാജ്, കുൽദീപ് യാദവ് എന്നിവർക്ക് ട്വന്റി 20 ലോകകപ്പിലേക്ക് ആദ്യമായി വിളി ലഭിച്ചു. കെ.എൽ. രാഹുലിനെ ഉൾപ്പെടുത്താതിരുന്നതാണു പ്രധാന സംഭവം.
ഋഷഭ് പന്തിനെ ഒന്നാം നന്പർ വിക്കറ്റ് കീപ്പറായി തീരുമാനിച്ചതോടെ രണ്ടാം വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് ആരെന്നുള്ള കാര്യത്തിലാണു സെലക്ടർമാർ കൂടുതൽ ചിന്തിക്കേണ്ടിവന്നത്. അവസാനം കെ.എൽ. രാഹുലിനെ ഒഴിവാക്കാൻ സെലക്ടർമാർ നിർബന്ധിതരാകുകയായിരുന്നു.
ഈ ഐപിഎൽ സീസണിൽ മലയാളി വിക്കറ്റ് കീപ്പർ പുലർത്തുന്ന സ്ഥിരതയാർന്ന പ്രകടനമാണ് ആ സ്ഥാനത്തേക്കെത്തിച്ചത്. വിക്കറ്റ് കീപ്പറായും ബാറ്ററായും ക്യാപ്റ്റനായും സഞ്ജു മികച്ചുനിന്നു. ഈ ഐപിഎല്ലിൽ ഒന്‍പത് കളിയിൽ 161.09 സ്ട്രൈക്ക് റേറ്റിൽ 385 റണ്‍സാണ് രാജസ്ഥാൻ റോയൽസിനായി നേടിയത്.
ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന്റെ ക്യാപ്റ്റനായി സ്ഥാനമേറ്റശേഷം മികവിലെത്താനാകുന്നില്ലെങ്കിലും ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയെ വൈസ് ക്യാപ്റ്റനായി ടീമിൽ നിലനിർത്തി. അഫ്ഗാനിസ്ഥാനെതിരായ ട്വന്റി 20 പരന്പരയിൽ പുറത്തെടുത്ത ഫോം ഐപിഎല്ലിലും തുടർന്നതോടെ മറ്റൊരു ഓൾറൗണ്ടറായ ശിവം ദുബെയ്ക്കും ടീമിലേക്കുള്ള വഴിയൊരുക്കി. ഒന്‍പത് കളിയിൽ 172.41 സ്ട്രൈക്ക് റേറ്റിൽ 350 റണ്‍സാണു ചെന്നൈ സൂപ്പർ കിംഗ്സിനായി ദുബെ നേടിയത്. ഇവർക്കൊപ്പം മധ്യനിരയിൽ
രവീന്ദ്ര ജഡേജ, അക്ഷർ പട്ടേൽ, കുൽദീപ് യാദവ്, യുസ് വേന്ദ്ര ചാഹൽ എന്നിവരുള്ള മികച്ച സ്പിൻനിരയാണുള്ളത്. ജസ്പ്രീത് ബുംറ നയിക്കുന്ന പേസ് നിരയിൽ അർഷ്ദീപ് സിംഗ്, മുഹമ്മദ് സിറാജ്, വൈസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ എന്നിവരാണുള്ളത്.
ലോകകപ്പ് ടീം തെരഞ്ഞെടുപ്പിൽ ഇന്ത്യക്ക് ടോപ് ഓർഡർ ഏവരും പ്രതീക്ഷിച്ചതുതന്നെയായിരുന്നു. രോഹിത് ശർമയ്ക്കൊപ്പം ജയ്സ്വാൾ, വിരാട് കോഹ്ലി, സൂര്യകുമാർ യാദവ് എന്നിവരാണു ബാറ്റർമാരുടെ നിരയിൽ.
ശുഭ്മാൻ ഗിൽ, റിങ്കു സിംഗ്, പേസർമാരായ ഖലീൽ അഹമ്മദ്, ആവേശ് ഖാൻ എന്നിവരാണു റിസർവ് കളിക്കാർ.
ഇന്ത്യൻ ലോകകപ്പ് ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), യശസ്വി ജയ്സ്വാൾ, വിരാട് കോഹ്ലി, സൂര്യകുമാർ യാദവ്, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), സഞ്ജു സാംസണ് (വിക്കറ്റ് കീപ്പർ), ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്ഷർ പട്ടേൽ, കുൽദീപ് യാദവ്, യുസ്വേന്ദ്ര ചാഹൽ, അർഷ്ദീപ് സിംഗ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.