സ്പിന്നിൽ ഇന്ത്യൻ ബാറ്റർമാർ നിലംപൊത്തി ; ലീഡ് ലക്ഷ്യമാക്കി ഇംഗ്ലണ്ട്
Sunday, February 25, 2024 12:13 AM IST
റാഞ്ചി: കൊടുത്ത ഏറ് തിരിച്ചുകൊണ്ട ക്ഷീണത്തോടെയാണ് ഇംഗ്ലണ്ടിന് എതിരായ നാലാം ടെസ്റ്റ് ക്രിക്കറ്റിന്റെ രണ്ടാംദിനം ഇന്ത്യ മൈതാനംവിട്ടത്. ഇംഗ്ലീഷ് സ്പിന്നർമാർ ആറ് വിക്കറ്റ് വീഴ്ത്തിയ രണ്ടാംദിനം ഇന്ത്യ ക്രീസ് വിട്ടപ്പോൾ ഒന്നാം ഇന്നിംഗ്സിൽ പിറന്നത് ഏഴിന് 219 റണ്‍സ്.
ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് 353ൽ അവസാനിച്ചിരുന്നു. മൂന്ന് വിക്കറ്റ് കൈയിലിരിക്കേ 134 റണ്‍സ് പിന്നിലാണ് ഇന്ത്യ രണ്ടാംദിനം ഒന്നാം ഇന്നിംഗ്സ് അവസാനിപ്പിച്ചത്. വിക്കറ്റ് കീപ്പർ ബാറ്റർ ധ്രുവ് ജുറെലും (30) സ്പിന്നർ കുൽദീപ് യാദവുമാണ് (17) ക്രീസിൽ.
സ്പിൻ ദിനം
ഏഴ് വിക്കറ്റ് നഷ്ടത്തിൽ 302 റണ്‍സ് എന്ന നിലയിലാണ് രണ്ടാംദിനമായ ഇന്നലെ ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്സ് പുനരാരംഭിച്ചത്. ഇംഗ്ലീഷ് ഇന്നിംഗ്സിൽ ശേഷിച്ച മൂന്ന് വിക്കറ്റും സ്പിന്നർ രവീന്ദ്ര ജഡേജ സ്വന്തമാക്കി.
അർധസെഞ്ചുറി നേടിയ ഒല്ലി റോബിൻസണ്‍ (58), ഷൊയ്ബ് ബഷീർ (0), ജയിംസ് ആൻഡേഴ്സണ് (0) എന്നിവരെ രണ്ട് ഓവറിനിടെയാണ് ജഡേജ മടക്കിയത്. റോബിൻസണിന്റെ കന്നി അർധസെഞ്ചുറിയാണ്. ആറ് റണ്‍സ് എടുക്കുന്നതിനിടെയായിരുന്നു ഈ മൂന്ന് വിക്കറ്റും ഇംഗ്ലണ്ടിന് നഷ്ടപ്പെട്ടതെന്നതും ശ്രദ്ധേയം. 274 പന്തിൽ 122 റണ്‍സുമായി ജോ റൂട്ട് പുറത്താകാതെനിന്നു.
ഇന്ത്യ ഒന്നാം ഇന്നിംഗ്സിനു ക്രീസിലെത്തിയപ്പോഴും സ്പിന്നർമാർക്കായിരുന്നു ആധിപത്യം. സ്പിന്നർമാരായ ഷൊയ്ബ് ബഷീർ നാലും ടോം ഹാർട്ട്ലി രണ്ടും വിക്കറ്റ് വീഴ്ത്തി.
ജയ്സ്വാൾ 73
ഈ പരന്പരയിൽ ഏറ്റവും കൂടുതൽ റണ്‍സ് നേടിയ ഇന്ത്യൻ ഓപ്പണർ യശസ്വി ജയ്സ്വാൾ ഇന്നലെ അർധശതകം സ്വന്തമാക്കി. 117 പന്തിൽ ഒരു സിക്സും എട്ട് ഫോറും അടക്കം 73 റണ്‍സായിരുന്നു ജയ്സ്വാളിന്റെ സന്പാദ്യം.
ശുഭ്മാൻ ഗിൽ (38), ധ്രുവ് ജുറെൽ (30 നോട്ടൗട്ട്) എന്നിവരാണ് ഇന്ത്യൻ ഇന്നിംഗ്സിലേക്ക് ഇന്നലെ സംഭാവന നൽകിയ മറ്റ് രണ്ട് കളിക്കാർ. ക്യാപ്റ്റൻ രോഹിത് ശർമ (2), രജത് പാട്ടീദർ (17), രവീന്ദ്ര ജഡേജ (12), സർഫറാസ് ഖാൻ (14) എന്നിവർ നിരാശപ്പെടുത്തി. അശ്വിൻ (1) ടോം ഹാർട്ട്ലിയുടെ പന്തിൽ പുറത്തായപ്പോൾ ഇന്ത്യൻ സ്കോർ 177/7 എന്നതായിരുന്നു.