ലിവർപൂൾ, യുണൈറ്റഡ് മുന്നോട്ട്
Tuesday, January 30, 2024 12:28 AM IST
ന്യൂപോർട്ട്/ലിവർപൂൾ: എഫ്എ കപ്പ് ഫുട്ബോളിൽ ലിവർപൂളും മാഞ്ചസ്റ്റർ യുണൈറ്റഡും അഞ്ചാം റൗണ്ടിൽ. ലിവർപൂൾ 5-2ന് നോർവിച്ച് സിറ്റിയെയും യുണൈറ്റഡ് 4-2ന് ന്യൂപോർട്ട് കൗണ്ടിയെയും പരാജയപ്പെടുത്തി.
എട്ടു തവണ എഫ് കപ്പ് ജേതാക്കാളായ ലിവർപൂളിനായി ക്യൂർട്ടിസ് ജോണ്‍സ്, ഡാർവിൻ ന്യൂനസ്, ഡിയോഗോ ജോർട്ട, വിർജിൽ വാൻഡിക്, റയാൻ ഗ്രാവൻബ്രെച്ച് എന്നിവരാണു വല കുലുക്കിയത്. ബെൻ ഗിബ്സണും ബോർഹ സെയ്ൻസുമാണു നോർവിച്ചിനായി ഗോൾ നേടിയത്.
രണ്ടു ഗോൾ ലീഡ് നേടിയശേഷം രണ്ടു ഗോൾ വഴങ്ങിയ മാഞ്ചസ്റ്റർ യുണൈറ്റഡ് നാലാം നിരയിൽനിന്നുള്ള വെയ്ൽസ് ക്ലബ് ന്യൂപോർട്ട് കൗണ്ടിയോടു രക്ഷപ്പെടുകയായിരുന്നു. 68-ാം മിനിറ്റിൽ ആന്റണിയുടെ ഗോളിലൂടെ മുന്നിലെത്തിയ യുണൈറ്റഡിന്റെ ജയം 90+4-ാം മിനിറ്റിൽ റാസ്മസ് ഹോയ്ലൻഡ് ഉറപ്പിച്ചു.
ഏഴാം മിനിറ്റിൽ ബ്രൂണോ ഫെർണാണ്ടസും 13-ാം മിനിറ്റിൽ കോബി മെയ്നൂവും യുണൈറ്റഡിന് മുന്നിലെത്തിച്ചു. എന്നാൽ ബ്രയൻ മോറിസും (36’), വിൽ ഇവാൻസും (47’) ന്യൂപോർട്ടിനു സമനില നല്കി. 1970നുശേഷം (നോർത്താംപ്ടണ്‍ ടൗണിനെതിരേ) ആദ്യമായാണ് യുണൈറ്റഡ് നാലാം നിര ടീമിനോടു രണ്ടു ഗോൾ വഴങ്ങുന്നത്.
മറ്റ് മത്സരങ്ങളിൽ വൂൾവർഹാംടൺ 2-0ന് വെസ്റ്റ് ബ്രോംവിച്ചിനെ പരാജപ്പെടുത്തി. വാറ്റ്ഫർഡ്-സതാംപ്ടൺ മത്സരം 1-1ന് സമനിലയായി. വിജയികളെ നിർണയിക്കാൻ ഇവർ വീണ്ടും സതാംപ്ടണിന്റെ കളത്തിൽ ഏറ്റുമുട്ടും.