നോൺസ്റ്റോപ്പ്...
Wednesday, January 24, 2024 1:40 AM IST
മെൽബണ്‍: 11-ാമത് ഓസ്ട്രേലിയൻ ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിൾസ് കിരീടത്തോടടുത്ത് ലോക ഒന്നാം നന്പർ നൊവാക് ജോക്കോവിച്ച്. ക്വാർട്ടർ ഫൈനലിൽ സെർബിയൻ താരം 7-6(7-3), 4-6, 6-2, 6-3ന് 12-ാം സീഡ് അമേരിക്കൻ താരം ടെയ്ലർ ഫ്രിറ്റ്സിനെ തോൽപ്പിച്ചു.
ജോക്കോവിച്ചിന്റെ 11-ാമത്തെ ഓസ്ട്രേലിയൻ ഓപ്പണ്‍ സെമി ഫൈനൽ പ്രവേശനമാണ്. ഇതിൽ പത്ത് തവണയും കിരീടവുമായാണ് സെർബിയൻ താരം മടങ്ങിയത്.
32 ഡിഗ്രി സെൽഷസിൽ കനത്ത ചൂടിലാണ് മത്സരം നടന്നത്. ടൈബ്രേക്കർ ഉൾപ്പെടെ ആദ്യ സെറ്റ് പൂർത്തിയാക്കാൻ ഒരു മണിക്കൂർ 24 മിനിറ്റ് സമയമെടുത്തു. ടൂർണമെന്റിലെ തന്നെ ഏറ്റവും ദൈർഘ്യമേറിയ ആദ്യ സെറ്റാണിത്. യാനിക് സിന്നറാണ് സെമിയിൽ ജോക്കോവിച്ചിന്റെ എതിരാളി. നാലാം സീഡ് സിന്നർ 6-4, 7-6(7-5), 6-3ന് ആന്ദ്രെ റൂബ്ലെവിനെ തോൽപ്പിച്ചു.
അനായാസം സബലെങ്ക
ലോക രണ്ടാം നന്പർ വനിതാ താരം അരിന സബലെങ്ക അനായാസ ജയത്തോടെ ഓസ്ട്രേലിയൻ ഓപ്പണ്‍ വനിതാ സിംഗിൾസിൽ തുടർച്ചയായ രണ്ടാ സെമി ഫൈനലിൽ. നിലവിലെ ചാന്പ്യനായ സബലെങ്ക നേരിട്ടുള്ള സെറ്റുകൾക്ക് (6-2, 6-3) ഒന്‍പതാം സീഡ് ബാർബൊറ ക്രെജികോവയെ തോൽപ്പിച്ചു. സെമിയിൽ അമേരിക്കയുടെ കൊക്കോ ഗഫാണ് സബലെങ്കയുടെ എതിരാളി.
33
ഓസ്ട്രേലിയൻ ഓപ്പണിൽ നൊവാക് ജോക്കോവിച്ചിന്റെ തുടർച്ചയായ 33-ാം ജയമാണ്. ഇതോടെ ഓസ്ട്രേലിയൻ ഓപ്പണിൽ പുരുഷ-വനിതാ സിംഗിൾസിൽ തുടർച്ചയായി ഏറ്റവും കൂടുതൽ ജയമെന്ന ഇതിഹാസ വനിതാ താരം മോണിക്ക സെലസിന്റെ റിക്കാർഡിന് ഒപ്പവും ജോക്കോവിച്ച് എത്തി.