ഇന്ന് ഏഷ്യ നാളെ ആഫ്രിക്ക
Thursday, January 11, 2024 11:02 PM IST
ലുസൈൻ: 18-ാമത് എഎഫ്സി ഏഷ്യൻ കപ്പ് ഫുട്ബോൾ പോരാട്ടത്തിന് ഇന്ന് കിക്കോഫ്. ആതിഥേയരും നിലവിലെ ചാന്പ്യന്മാരുമായ ഖത്തർ ഗ്രൂപ്പ് എയിൽ ലെബനനെ നേരിടുന്നതോടെയാണ് ഏഷ്യൻ ഫുട്ബോൾ കോണ്‍ഫെഡറേഷൻ പോരാട്ടത്തിനു പന്ത് ഉരുളുക.
ഇന്ത്യൻ സമയം രാത്രി 9.30നാണ് ഖത്തർ x ലെബനൻ പോരാട്ടം. 2022 ഫിഫ ലോകകപ്പ് വേദികളിലൊന്നായ ലൂസൈൻ സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം. ഫെബ്രുവരി 10നാണ് ഫൈനൽ.
സൂപ്പർ ജപ്പാൻ
2024 എഎഫ്സി ഏഷ്യൻ കപ്പിൽ പങ്കെടുക്കുന്ന 24 ടീമുകളിൽ കിരീട സാധ്യതയിൽ ഏറ്റവും മുന്നിലുള്ളത് ജപ്പാനാണ്. ഏഷ്യയിൽ ഫിഫ റാങ്കിംഗിൽ ഏറ്റവും മുന്നിലുള്ളതും ജപ്പാൻതന്നെ. ഫിഫ റാങ്കിംഗിൽ 17-ാം സ്ഥാനത്തുള്ള ജപ്പാനാണ് ഏഷ്യൻ കപ്പ് ഏറ്റവും കൂടുതൽ (നാല്) തവണ സ്വന്തമാക്കിയത് എന്നതും ശ്രദ്ധേയം.
ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ടോട്ടൻഹാം ഹോട്ട്സ്പുറിന്റെ സൂപ്പർ താരമായ സണ്‍ ഹ്യൂങ് മിന്നാണ് ദക്ഷിണ കൊറിയയുടെ ക്യാപ്റ്റൻ.
ഇന്ത്യ x ഓസ്ട്രേലിയ
സുനിൽ ഛേത്രിയുടെ നേതൃത്വത്തിലിറങ്ങുന്ന ഇന്ത്യൻ ടീമിന്റെ ആദ്യ മത്സരം നാളെ ഓസ്ട്രേലിയയ്ക്കെതിരേയാണ്. ഗ്രൂപ്പ് ബിയിൽ ഉസ്ബക്കിസ്ഥാൻ, സിറിയ ടീമുകളുമുണ്ട്. ഗ്രൂപ്പിൽ ഫിഫ റാങ്കിൽ 100ൽ താഴെയുള്ള ഏകടീമാണ് ഇന്ത്യ (102). ഗ്രൂപ്പ് ഘട്ടത്തിൽ ആദ്യ രണ്ട് സ്ഥാനക്കാരും മികച്ച നാല് മൂന്നാം സ്ഥാനക്കാരുമാണ് പ്രീക്വാർട്ടറിൽ ഇടംനേടുക.
എഎഫ്സി ഏഷ്യൻ കപ്പ് ചരിത്രത്തിൽ ഇന്ത്യ ഇതുവരെ നോക്കൗട്ടിൽ പ്രവേശിച്ചിട്ടില്ല. എഎഫ്സി ഏഷ്യൻ കപ്പിൽ അഞ്ചാം തവണയാണ് ഇന്ത്യ പങ്കെടുക്കുന്നത്.
അബിജാൻ (ഐവറികോസ്റ്റ്): സാദിയൊ മാനെ x മുഹമ്മദ് സല, ആഫ്രിക്കൻ കാൽപ്പന്ത് ലോകത്തിൽ ഇതിലും ഗ്ലാമർ പോരാട്ടം മറ്റൊന്നില്ല. 2024 ആഫ്രിക്ക കപ്പ് ഓഫ് നേഷൻസ് പോരാട്ടത്തിന് പന്തുരുളുന്പോൾ സെനഗലിന്റെ സാദിയൊ മാനെയും ഈജിപ്തിന്റെ മുഹമ്മദ് സലയും വീണ്ടും നേർക്കുനേർ വരുമോ എന്നതിനായുള്ള കാത്തിരിപ്പിലാണ് ഫുട്ബോൾ ലോകം. 2021 ഫൈനലിൽ സലയുടെ ഈജിപ്തിനെ കീഴടക്കി മാനെയുടെ സെനഗൽ ചാന്പ്യന്മാരായിരുന്നു.
പെനാൽറ്റി ഷൂട്ടൗട്ടിലൂടെയായിരുന്നു സെനഗലിന്റെ കന്നിക്കിരീടം. ഇന്ത്യൻ സമയം നാളെ അർധരാത്രിയാണ് (ഞായർ പുലർച്ചെ 1.30ന്) ടൂർണമെന്റിന്റെ കിക്കോഫ്. ആതിഥേയരായ ഐവറികോസ്റ്റും ഗ്വിനിയ-ബിസാവുവും തമ്മിലാണ് ഉദ്ഘാടന മത്സരം. ഫെബ്രുവരി 11നാണ് ഫൈനൽ.
മൊറോക്കോയെ മറക്കല്ല്
ഫിഫ ഖത്തർ ലോകകപ്പ് സെമിയിൽ പ്രവേശിച്ച മൊറോക്കോയാണ് 2024 ആഫ്രിക്ക കപ്പ് ഓഫ് നേഷൻസിൽ ഏറ്റവും ശ്രദ്ധേയ ടീം. ഫിഫ റാങ്കിംഗിൽ ഏറ്റവും ഉയർന്ന സ്ഥാനത്തുള്ള ആഫ്രിക്കൻ സംഘവും മൊറോക്കോയാണ് (13). നിലവിലെ ചാന്പ്യന്മാരായ സെനഗലാണ് (20) ഫിഫ റാങ്കിംഗിൽ ആദ്യ ഇരുപതിനുള്ളിലുള്ള മറ്റൊരു ആഫ്രിക്കൻ ടീം.
ടുണീഷ്യ (28), അൾജീരിയ (30), ഈജിപ്ത് (33), നൈജീരിയ (42), കാമറൂണ്‍ (46), ഐവറികോസ്റ്റ് (49) തുടങ്ങിയ ടീമുകൾ ഫിഫ റാങ്കിംഗിൽ ആദ്യ അന്പതിനുള്ളിൽ ഉള്ളവയാണ്. ഇത്തവണ ടൂർണമെന്റിൽ പങ്കെടുക്കുന്ന 24 ടീമുകളിൽ 18ഉം നൂറിനുള്ളിൽ ഫിഫ റാങ്കുള്ളതാണെന്നതും ശ്രദ്ധേയം.