‘സന്തോഷ’ സ്മൃതിക്ക് 50
Wednesday, December 27, 2023 12:21 AM IST
സെബി മാളിയേക്കൽ
സ്വപ്നതുല്യമായിരുന്നു ആ നേട്ടം... എല്ലാവരും ശ്വാസമടക്കിപ്പിടിച്ചിരുന്നു. കേരളം ആദ്യമായി സന്തോഷ് ട്രോഫിയിൽ മുത്തമിടുന്നതു കാണാൻ എറണാകുളം മഹാരാജാസ് ഗ്രൗണ്ടിലേക്ക് ജനം ഒഴുകിയെത്തി. ആദ്യപകുതി തീരുന്പോൾതന്നെ കേരളം ക്യാപ്റ്റൻ മണി മുപ്പതാം മിനിറ്റിൽ നേടിയ ഗോളിൽ മുന്നിലെത്തിയിരുന്നു.
രണ്ടാം പകുതി ആരംഭിച്ച് അധികം വൈകാതെ മണിതന്നെ വീണ്ടും സ്കോർ ചെയ്തു. ഇതിനിടെ റെയിൽവേസ് അവരുടെ കളിയുടെ ശൈലി മാറ്റി. നിരന്തരം ആക്രമണം അഴിച്ചുവിട്ടു. അതിനു ഫലം കണ്ടു. 65-ാം മിനിറ്റിൽ അവർ ഒരു ഗോൾ മടക്കി. ഇതിനിടെ 78-ാം മിനിറ്റിൽ മണി തന്റെ ഹാട്രിക് തികച്ചു. 3-1ന് പിറകിൽ ആയിട്ടും എതിരാളികൾ ആക്രമണത്തിനു മൂർച്ചകൂട്ടുകയായിരുന്നു. 87-ാം മിനിറ്റിൽ അവർ രണ്ടാംഗോളും മടക്കി. കേരളത്തിന്റെ ഗോളി ജി. രവീന്ദ്രൻനായരുടെ കൈയിൽനിന്നും വഴുതിപ്പോയ ബോൾ ഗോളാവുകയായിരുന്നു. ഗോളി ആകെ പകച്ചുപോയി.
കളി തീരാൻ വെറും മൂന്നു മിനിറ്റു മാത്രം. കളി മുഴുവൻ കേരള പോസ്റ്റിൽ. കേരളത്തിന്റെ പെനാൽറ്റി ബോക്സിലേക്ക് അവർ ഇരന്പിക്കയറുകയാണ്. അവസാന മിനിറ്റിൽ ഒരു ഷോട്ട് ഗോളിയെയും മറികടന്ന് ഗോൾപോസ്റ്റിലേക്ക്... ഞൊടിയിടയിൽ ഓടിയെത്തിയ ഡിഫൻഡർ സി.സി. ജേക്കബ് ഗോൾലൈനിൽ വച്ച് പന്ത് പുറത്തേക്ക് അടിച്ചുകളഞ്ഞു.
ഉദ്വേഗം നിറഞ്ഞ നിമിഷങ്ങൾ... പൂഴിപോലും നിലത്തുവീഴാത്തവിധം തിങ്ങിനിറഞ്ഞ ജനം മുഴുവൻ പ്രാർഥിച്ചുകൊണ്ടിരുന്നു. ഫൈനൽ വിസിലിനായി നെഞ്ചിടിപ്പോടെ ഏവരും കാതോർത്തു. ഒടുവിൽ... പതിനായിരങ്ങൾക്ക് ആശ്വാസമായി ഫൈനൽ വിസിൽ മുഴങ്ങി... ആഹ്ലാദാവേശത്തിൽ ജനം തുള്ളിച്ചാടി... ചരിത്രം പിറന്നു... കേരളം സന്തോഷ് ട്രോഫിയിൽ മുത്തമിട്ടു. ക്യാപ്റ്റൻ മണിയും സംഘവും സന്തോഷ് ട്രോഫിയുമേന്തി മൈതാനം വലംവച്ചു. ജനം ആർപ്പുവിളിച്ചും കരഘോഷം മുഴക്കിയും ഗ്രൗണ്ട് വിടാതെ നിന്നു.. ആ രാത്രി മഹാരാജാസിന്റെ ഫ്ലഡ്ലിറ്റ് സ്റ്റേഡിയം മിഴിചിമ്മാതെ സൂര്യപ്രഭ ചൊരിഞ്ഞുനിന്നു...
ചരിത്രമായി അവധിപ്രഖ്യാപനം, പാരിതോഷികം...
ചരിത്രനിമിഷം പിറന്നപ്പോൾ കമന്ററി നൽകിയിരുന്ന ആകാശവാണിയിലൂടെ കേരള മുഖ്യമന്ത്രി സി. അച്യുതമേനോൻ പിറ്റേന്ന് കേരളം മുഴുവൻ അവധി പ്രഖ്യാപിച്ചു. കൂടാതെ, ടീം അംഗങ്ങൾക്ക് ആയിരം രൂപവീതം പാരിതോഷികവും. പിന്നീട് തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ മുഖ്യമന്ത്രി കേരള ടീമിന് അത്താഴമൊരുക്കി. അന്നു പ്രഖ്യാപിച്ച പാരിതോഷികവും നൽകി.
സൈമണ്‍ സാറിന്റെ മാജിക്
“കേരളത്തിലെ പ്രഗത്ഭ ക്ലബ്ബുകളിൽനിന്നും 25 പേരെയും പ്രഫഷണൽ കളിക്കാരനായ ഒരാളെയും ഉൾപ്പെടുത്തിയാണ് 26 അംഗ കേരള ടീം രൂപീകരിച്ചത്. ദേശീയതലത്തിൽ ശ്രദ്ധ പിടിച്ചുപറ്റിയ താരങ്ങളിൽ ഡോ. ബഷീർ മാത്രമാണ് നമ്മുടെ ടീമിൽ ഉണ്ടായിരുന്നത്. പിന്നെ ഇന്ത്യക്കുവേണ്ടി ജൂണിയർ കളിച്ചിട്ടുള്ള ഞാനും. വലിയ താരമൂല്യമുള്ള ആരും ഇല്ലാതിരുന്നിട്ടും ഈ ടീമിനെ കപ്പടിക്കാൻവിധം സജ്ജമാക്കിയതു ഞങ്ങളുടെ കോച്ചായ ഒളിന്പ്യൻ സൈമണ്‍ സുന്ദർരാജ് (1960 റോം ഒളിന്പിക്സിൽ ഇന്ത്യക്കായി അവസാന ഗോളടിച്ച അഭിമാനതാരം) എന്ന ഫുട്ബോൾ മജീഷന്റെ മാജിക് തന്നെയായിരുന്നു.
പ്രീമിയർ ടയേഴ്സിൽനിന്ന് 10, ടൈറ്റാനിയത്തിൽ നിന്ന് 6, എഫ്എസിടിയിൽ നിന്ന് 5, കെഎസ്ഇബി, കെഎസ്ആർടിസി, കാലിക്കട്ട് യൂണിവേഴ്സിറ്റി, കാലിക്കട്ട് ടീം എന്നിവയിൽ നിന്ന് ഓരോരുത്തരും ഉൾപ്പെടെ 25 പേർ. ബാക്കി ഒരാൾ എംബിബിഎസുകാരനായ ഡോ. എം.ഐ. മുഹമ്മദ് ബഷീർ ആയിരുന്നു. ഈ 26 പേരെയും എണ്ണയിട്ട യന്ത്രം പോലെ ഒരു ടീമായി കളിക്കുന്നത് അദ്ദേഹം വരച്ചു പഠിപ്പിച്ചു. ഓരോരുത്തരുടെയും പൊസിഷനും മൂവ്മെന്റ്സും അറ്റാക്കിംഗും ഡിഫൻസുമെല്ലാം അദ്ദേഹം പേപ്പറിൽ വരച്ചുകാണിച്ചുതരുമായിരുന്നു. 50 വർഷത്തിനിപ്പുറം അന്താരാഷ്ട്ര തലത്തിൽ പ്രീമിയർ ലീഗിലെല്ലാം ഇപ്പോഴും കളിക്കുന്ന 4-2-4 ശൈലിയാണ് അദ്ദേഹം ഞങ്ങളെ പഠിപ്പിച്ചത്. അദ്ദേഹത്തിന്റെ ആ മാന്ത്രിക ശൈലി തന്നെയാണ് കേരളത്തെ ജേതാക്കളാക്കിയത്. അതിനുമുന്‍പ് 1961ൽ കോഴിക്കോട് നടന്ന സന്തോഷ് ട്രോഫിയിൽ സെമിയിൽ തോറ്റതായിരുന്നു അതുവരെയുള്ള ഏറ്റവും വലിയ നേട്ടം.”
ഫ്ലഡ്ലിറ്റ് ചതിച്ചാശാനേ...
സന്തോഷ് ട്രോഫി ആദ്യമായി ഫ്ലഡ്ലിറ്റ് സ്റ്റേഡിയത്തിൽ കളിക്കുന്നത് അന്നായിരുന്നു. അതിനുവേണ്ടിയാണ് മഹാരാജാസ് ഗ്രൗണ്ട് ഒരുക്കിയത്. ജനറൽ ഇലക്ട്രിക്കൽ കന്പനിക്കായിരുന്നു ലൈറ്റ്സിന്റെ ചുമതല. പരിശീലന സമയത്ത് ഞാൻ ലൈറ്റ് ഷേഡിംഗിനെക്കുറിച്ച് പരാതിപ്പെട്ടിരുന്നു. അതവർ ശരിയാക്കുകയും ചെയ്തു. കളിക്കാർക്കൊന്നും ഫ്ലഡ്ലിറ്റ് അത്ര പരിചയമില്ലായിരുന്നു. പന്ത് വരുന്നതു ഗോൾകീപ്പർമാർക്ക് പലപ്പോഴും കാണാനാകുമായിരുന്നില്ല. അതുകൊണ്ടുതന്നെ ആ ടൂർണമെന്റിൽ 11 ഗോൾകീപ്പർമാർക്ക് പരിക്കുപറ്റി. ബീഹാറിന്റെ രണ്ടു ഗോൾകീപ്പർമാരുടെയും തോളെല്ലു പൊട്ടി.
ഡൽഹിയുമായുള്ള ആദ്യ മത്സരത്തിലെ വീഴ്ചയിൽ എനിക്കു പരിക്കുപറ്റി: കൈ സ്ലിംഗിലായി. മണിപ്പുരുമായുള്ള രണ്ടാം മത്സരത്തിൽ രണ്ടാം ഗോളി സേതുമാധവനും പരിക്കേറ്റു. പിന്നെ ഫൈനൽവരെ മൂന്നാം ഗോളിയായ ജി. രവീന്ദ്രൻ നായരാണ് കേരളത്തിന്റെ വലകാത്തത്. നമ്മുടെ പ്ലെയിംഗ് ഇലവനിലെ ആറു പേർക്കും പരിക്കുപറ്റി. അഞ്ചുപേർക്കു മാത്രമാണ് ഫൈനൽവരെ കളിക്കാനായത്. എന്നിട്ടും നാം കപ്പടിച്ചു. അതാണ് ഞാൻ പറഞ്ഞ സൈമണ്‍ സാർ മാജിക്...’’ വിക്ടർ മഞ്ഞില പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.
ആർത്തിരന്പി ജനം
“സന്തോഷ് ട്രോഫി ടൂർണമെന്റ് തുടങ്ങുന്പോൾ മഹാരാജാസ് ഗ്രൗണ്ടിൽ മുള ഗാലറിയാണ് ഒരുക്കിയിരുന്നത്. അഭൂതപൂർവമായ ജനത്തിരക്കുമൂലം ചൂള മരം കൊണ്ട് പുതിയ ഗാലറി തീർത്തു. ഗാലറിയും കസേരയും നിറഞ്ഞ് ഗ്രൗണ്ടിന്റെ ലൈൻ വരെ ജനം തിങ്ങിനിന്നു. സെമിഫൈനൽ, ഫൈനൽ പോരാട്ടങ്ങളിൽ ത്രോ ചെയ്യാനും കോർണർ കിക്ക് എടുക്കാനുമെല്ലാം ആളുകളെ വകഞ്ഞു മാറ്റേണ്ടി വന്നു. അത്രമാത്രം ജനപങ്കാളിത്തവും പ്രോത്സാഹനവുമായിരുന്നു . ജനക്കൂട്ടത്തിന്റെ കാതടപ്പിക്കുന്ന ആരവം ഇപ്പോഴും കാതുകളിൽ മുഴങ്ങുന്നുണ്ട്...” എൻ.കെ. ഇട്ടിമാത്യു പറഞ്ഞു.
ഓർക്കുന്പോൾ ഇപ്പോഴും ചങ്കിടിപ്പ്...
എന്റെ കളിജീവിതത്തിലെ മഹാഭാഗ്യമായിരുന്നു 1973ലെ സന്തോഷ് ട്രോഫി. ആദ്യ രണ്ടു കളികളിലൂടെ വിക്ടർ മഞ്ഞിലയ്ക്കും രണ്ടാം ഗോളി സേതുമാധവനും പരിക്കുപറ്റിയതോടെയാണു സൈഡ് ബെഞ്ചിൽ മാത്രം ഇരിക്കാൻ സാധ്യതയുണ്ടായിരുന്ന മൂന്നാം ഗോളിയായ എനിക്ക് അവസരം കൈവന്നത്. അത് ഒരുവിധം ഭംഗിയായി കൈകാര്യം ചെയ്തതോടെ നാം സെമിയിലെത്തി. ഇന്ത്യൻ ഗോളി ഉൾപ്പെടെ ഇന്ത്യൻ താരങ്ങളെക്കൊണ്ട് നിറഞ്ഞ വലിയ ഒരു ടീമായ മഹാരാഷ്ട്രയായിരുന്നു എതിരാളികൾ. രണ്ടു ലെഗ്ഗുകളിലായി നടന്ന സെമിയിൽ ആദ്യത്തേതിൽ 2-1 ഉം രണ്ടാം മത്സരത്തിൽ 1-1 ന് സമനിലയും പിടിച്ചതോടെ അഗ്രഗേറ്റിൽ ഫൈനലിലേക്ക്. എന്റെ ജീവിതത്തിലെ ഏറ്റവും നല്ല പെർഫോമൻസ് ആ സെമി ആയിരുന്നു.
ഫൈനലിൽ രണ്ടാം ഗോളി സേതുമാധവൻ ഫിറ്റായി തിരിച്ചുവന്നെങ്കിലും തഞ്ചാവൂർക്കാരനായ നമ്മുടെ കോച്ച് സൈമണ്‍ സാർ വല കാക്കാൻ നിയോഗിച്ചത് എന്നെയായിരുന്നു. രണ്ടു ഗോളിന് കേരളം മുന്നിട്ടു നിന്നതോടെ ആശ്വാസമായി എന്ന് കരുതുന്പോഴാണ് 65-ാം മിനിറ്റിൽ കിന്നറെഡി ഒന്നാം ഗോൾ മടക്കിയത്. ഇതോടെ കളി മുഴുവൻ കേരള പോസ്റ്റിലായി.
റെയിൽവേ താരങ്ങൾ തിരമാല കണക്കെ കേരളത്തിന്റെ പെനാൽറ്റി ബോക്സിലേക്ക് ഇറച്ചുകയറുകയാണ്. 87-ാം മിനിറ്റിൽ ബംഗാളിയായ റെയിൽവേ താരം ദിലീപ് പാലിത്തിന്റെ ഒരു ലോംഗ് റേഞ്ച് ഷോട്ട് എന്റെ കൈയിൽ നിന്നും വഴുതി വലയിൽ കയറി. അതോടെ ഞാനാകെ പകച്ചുപോയി. ഭയങ്കരമായ സമ്മർദം.
മോനേ, കുറച്ചു നേരംകൂടി പിടിച്ചു നിൽക്ക്. ശരീരം മറക്ക്... എന്നെല്ലാം കാണികൾ വിളിച്ചു പറയുന്നുണ്ടായിരുന്നു. ഞാനാകെ വിയർത്തു കുളിച്ചു...ശരീരമാകെ വിറയ്ക്കുന്ന അവസ്ഥ... എങ്ങനെയെ ങ്കിലും കളി തീർന്നാൽ മതിയെന്നായി. വല്ലാതെ പരിഭ്രമിച്ചുപോയ ആ നിമിഷം ഫൈനൽ വിസിൽ ഉൗതി. അപ്പോൾ പന്ത് എന്റെ കൈയിലായിരുന്നു. അത് ഇന്നും എന്റെ ഷോക്കേസിൽ പൊന്നുപോലെ സൂക്ഷിച്ചിട്ടുണ്ട്. ( ഫൈനൽ വിസിൽ ഉൗതുന്പോൾ ആരുടെ കൈയിലാണ് പന്തെങ്കിൽ അത് അവർക്ക് എടുക്കാമായിരുന്നു. കാണികൾക്ക് ഇടയിൽ ആണെങ്കിൽ പോലും ).
അന്ന് ഗോളികൾക്ക് ഇന്നത്തെപ്പോലെ കൈയിൽ ഗ്ലൗസ് ഇല്ലായിരുന്നു. വൈകുന്നേരം പെയ്ത ചാറ്റൽമഴ കാരണം ഗ്രൗണ്ടിലും ബോളിലും നനവ് ഏറെ ഉണ്ടായിരുന്നു. അതുകൊണ്ട് പന്തുപിടിച്ചെങ്കിലും ഗ്രിപ്പ് കിട്ടിയില്ല. കൈയിൽ നിന്നും വഴുതിപ്പോയി. പക്ഷേ, അതെനിക്കൊരു വല്ലാത്ത ഷോക്കായി... ഈശ്വരാനുഗ്രഹം...എന്തായാലും നാം സന്തോഷ് ട്രോഫിയിൽ മുത്തമിട്ടു. അത് എന്റെ കരിയറിലും വലിയ നേട്ടമായി. കെഎസ്ഇബിയിൽ ജോലിക്കാരനായിരുന്ന ഇലക്ട്രിക്കൽ എൻജിനിയറിംഗ് ഡിപ്ലോമക്കാരനായ എനിക്ക് ഡബിൾ പ്രമോഷൻ ആണ് വൈദ്യുതി ബോർഡ് അന്നു നൽകിയത്.
(ഫൈനലിലെ ഗോളി ജി. രവീന്ദ്രൻനായരുടെ ഓർമകളിലൂടെ)
കോച്ചിന്റെ കരുതലും ഗ്രൗണ്ടിന്റെ നനയും
“ഫൈനലിന്റെ അന്ന് രാവിലെ സൈമണ്‍ സാർ മൈതാനത്തേക്കു പോയി. ഗ്രൗണ്ടിലെ ഈർപ്പവും ഗ്രാസും എല്ലാം നോക്കുകയായിരുന്നു ഉദ്ദേശ്യം. അപ്പോഴതാ ഒരാൾ നിന്ന് വലിയ ഹോസ് ഉപയോഗിച്ച് ഗ്രൗണ്ട് നനയ്ക്കുന്നു. വെള്ളം വല്ലാതെ ഒഴുകുന്നതുകണ്ട് അയാളോട് നന നിർത്താൻ ആവശ്യപ്പെട്ടെങ്കിലും അയാൾ കൂട്ടാക്കിയില്ല. ഉടൻ ടീം മാനേജർ പി.പി. ജോസിനെ വിളിച്ച് കാര്യം പറഞ്ഞു. അദ്ദേഹം ഇടപെട്ടതോടെ നനയ്ക്കൽ നിർത്തി. അപ്പോൾതന്നെ ഗ്രൗണ്ട് നനഞ്ഞു കുതിർന്ന് വെള്ളം പുറത്തേക്കു വരുന്നുണ്ടായിരുന്നു.
പിന്നീടാണ് അദ്ദേഹം ഞങ്ങളോടു കാര്യം പറഞ്ഞത്. നനഞ്ഞു കുതിർന്ന വഴുക്കലുള്ള ഗ്രൗണ്ടിൽ കളിച്ച് റെയിൽവേ താരങ്ങൾക്ക് നല്ല പരിചയമാണ്. മഴയത്ത് കളിക്കുന്ന ടീമാണ് അവർ. അത്രയും നനവുള്ള ഗ്രൗണ്ടിൽ നമ്മുടെ കളിക്കാർ തെന്നി വീഴും. ആ തന്ത്രമായിരുന്നു റെയിൽവേ പയറ്റിയത്. പക്ഷ, സൈമണ്‍ സാറിന്റെ ഇടപെടൽ അത് പൊളിച്ചടുക്കി. സന്തോഷ് ട്രോഫി നാം സ്വന്തമാക്കി.’’-ഇന്നലെ നടന്നപോലെ അത്യാവേശത്തോടെ ഇരുവരും വിശദീകരി ച്ചു.