ഇന്ത്യ തകർന്നു
Wednesday, December 20, 2023 1:25 AM IST
ഖ്വെബേഹ: ടോണി ഡിസോര്സിയുടെ കന്നി സെഞ്ചുറി മികവില്‍ ദക്ഷിണാഫ്രിക്കയ്ക്കു ജയം. ഇന്ത്യക്കെതിരേയുള്ള രണ്ടാം ഏകദിന ക്രിക്കറ്റില്‍ എട്ടു വിക്കറ്റ് ജയമാണ് ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയത്. ഇതോടെ മൂന്നു മത്സരങ്ങളുടെ പരമ്പര 1-1നായി. പരമ്പരയിലെ മൂന്നാം മത്സരം 21ന് നടക്കും.
സ്കോര്‍: ഇന്ത്യ 46.2 ഓവറില്‍ 211ന് എല്ലാവരും പുറത്ത്. ദക്ഷിണാഫ്രിക്ക 42.3 ഓവറില്‍ 215/2. നാലാമത്തെ അന്താരാഷ്ട്ര ഏകദിനത്തിലാണ് ഡിസോര്‍സി സെഞ്ചുറി നേടിയത്. 122 പന്തില്‍ 119 റണ്‍സുമായി പുറത്താകാതെ നിന്നു. റീസ ഹെന്‍ഡ്രിക്സും (52) ടോണി ഡി സോര്‍സിയും ചേര്‍ന്ന ഓപ്പണിംഗ് കൂട്ടുകെട്ടില്‍ 130 റണ്‍സാണ് പിറന്നത്. റാസി വാന്‍ഡെര്‍ ഡസനു ( 36) മികച്ച പ്രകടനം നടത്തി.
ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയത് ഇന്ത്യയുടെ ആദ്യ ഓവറിന്റെ രണ്ടാം പന്തിൽ ഋതുരാജ് ഗെയ്ക്വാദ് (4) പുറത്ത്. തുടർച്ചയായ രണ്ടാം മത്സരത്തിലും അർധ സെഞ്ചുറി നേടിയ സായ് സുദർശൻ (62), ക്യാപ്റ്റൻ കെ.എൽ. രാഹുൽ (56) എന്നിവരുടെ പ്രകടനമാണ് ഇന്ത്യയെ പൊരുതാനുള്ള സ്കോറിലെത്തിച്ചത്. മലയാളി താരം സഞ്ജു സാംസണിന് (12) ശോഭിക്കാനായില്ല. റിങ്കു സിംഗിനും (17) ദീർഘ ഇന്നിംഗ്സ് കളിക്കാനായില്ല. വാലറ്റത്ത് അർഷ്ദീപ് സിംഗിന്റെ (18) പ്രകടനമാണ് ഇന്ത്യയെ 200 റണ്‍സ് കടത്തിയത്