വിൻഡീസ് റിട്ടേണ്‍സ്
Saturday, December 16, 2023 12:48 AM IST
ഗ്രനേഡ: ഐസിസി 2023 ഏകദിന ലോകകപ്പ് ക്രിക്കറ്റ് യോഗ്യത നേടാതിരുന്ന വെസ്റ്റ് ഇൻഡീസ് തിരിച്ചുവരവിന്റെ പാതയിൽ. ഇംഗ്ലണ്ടിനെതിരായ ഏകദിന പരന്പര 2-1നു സ്വന്തമാക്കിയതിനു പിന്നാലെ ട്വന്റി-20 പരന്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും വിൻഡീസ് ജയം സ്വന്തമാക്കി.
ചരിത്രത്തിൽ ആദ്യമായായിരുന്നു ഒരു ഏകദിന ലോകകപ്പിൽ വിൻഡീസ് യോഗ്യത നേടാതിരുന്നത്. ഇംഗ്ലണ്ടിനെതിരായ രണ്ടാം ട്വന്റി-20യിൽ 10 റണ്‍സ് ജയത്തോടെ അഞ്ച് മത്സര പരന്പരയിൽ വിൻഡീസ് 2-0ന്റെ ലീഡ് നേടി.
സ്കോർ: വെസ്റ്റ് ഇൻഡീസ് 176/7 (20). ഇംഗ്ലണ്ട് 166/7 (20). 52 പന്തിൽ 82 റണ്‍സുമായി പുറത്താകാതെനിന്ന ബ്രണ്ടൻ കിംഗാണ് പ്ലെയർ ഓഫ് ദ മാച്ച്. പരന്പരയിലെ മൂന്നാം മത്സരം ഇന്ന് ഇന്ത്യൻ സമയം രാത്രി 11ന് അരങ്ങേറും.
ഫ്രാഞ്ചൈസി ക്രിക്കറ്റിന്റെ പിന്നിലുള്ള സാന്പത്തിക ലാഭം തേടിയുള്ള കളിക്കാരുടെ യാത്ര, കരീബിയൻ ദ്വീപുകളിൽ ക്രിക്കറ്റിന്റെ സ്വാധീനം കുറഞ്ഞത് തുടങ്ങിയ വിവിധ കാരണങ്ങളാണ് വിൻഡീസ് ക്രിക്കറ്റ് ടീമിനെ ക്ഷയിപ്പിച്ചത്. എന്നാൽ, ഒരു തിരിച്ചുവരവിനുള്ള സൂചനയാണ് കരീബിയൻ ദ്വീപുകളിൽനിന്ന് ലഭിക്കുന്നത്.
രണ്ട് വർഷത്തെ ഇടവേളയ്ക്കുശേഷം ആന്ദ്രേ റസലിനെ ട്വന്റി-20 ടീമിൽ തിരിച്ചെത്തിച്ചത് ഉൾപ്പെടെയുള്ള ശുഭകരമായ നീക്കവും വിൻഡീസിൽ നടന്നു. 2024 ഐസിസി ട്വന്റി-20 ലോകകപ്പ് മുന്നിൽകണ്ടുള്ള ഒരുക്കമാണ് കരീബിയൻ ദ്വീപിൽ ഇപ്പോൾ നടക്കുന്നത്.