ട്വന്റി-20 പോരാട്ടത്തിനായി ഇന്ത്യ, ഓസീസ് ടീമുകളെത്തി
Saturday, November 25, 2023 2:38 AM IST
തിരുവനന്തപുരം: ഇന്ത്യ x ഓസ്ട്രേലിയ ട്വന്റി-20 ക്രിക്കറ്റ് പരന്പരയിലെ രണ്ടാം മത്സരത്തിനായി ഇരുടീമും ഇന്നലെ തിരുവനന്തപുരത്ത് എത്തി.
ഏകദിന ലോകകപ്പ് ജയത്തിനുശേഷം ട്വന്റി-20 പരന്പരയും നേടി ഇന്ത്യൻ മുറിവിനു നീറ്റൽ കൂട്ടാനാണ് ഓസീസ് ലക്ഷ്യമിടുന്നത്. എന്നാൽ, വിശാഖപട്ടണത്തിലെ ആദ്യ ട്വന്റി-20യിൽ മിന്നും ജയം സ്വന്തമാക്കിയ സൂര്യകുമാർ യാദവിന്റെ ഇന്ത്യൻ സംഘം രണ്ടാം ജയത്തിലൂടെ ലീഡ് വർധിപ്പിക്കാനുള്ള തയാറെടുപ്പിലാണ്.
ഇന്നലെ രാത്രി ഏഴോടെ ചാർട്ടേഡ് വിമാനത്തിലാണ് ടീമുകൾ തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറങ്ങിയത്.ടീം ഇന്ത്യ ഹയാത്ത് റീജൻസിയിലും ഓസീസ് സംഘം വിവാന്ദ ബൈ താജിലുമാണ് തങ്ങുന്നത്.
ഇന്ന് ഉച്ചയ്ക്ക് ഒന്നു മുതൽ നാലുവരെ ഓസ്ട്രേലിയയും അഞ്ചു മുതൽ എട്ടു വരെ ഇന്ത്യയും കാര്യവട്ടത്ത് പരിശീലനം നടത്തും. ഞായറാഴച രാത്രി ഏഴിനാണ് മത്സരം. മലയാളി മുൻ ക്രിക്കറ്റർ അനന്തപത്മനാഭനാണ് മത്സരം നിയന്ത്രിക്കുന്നത്.