ഓസ്ട്രേലിയ, ന്യൂസിലൻഡ്, പാക്കിസ്ഥാൻ ഇന്ന് ഇറങ്ങും
Saturday, November 4, 2023 12:41 AM IST
ബംഗളൂരു/അഹമ്മദാബാദ്: ഐസിസി 2023 ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ നിര്‍ണായക പോരാട്ടങ്ങള്‍ ഇന്ന്. സെമി ഫൈനല്‍ ലക്ഷ്യമിട്ട് ഓസ്ട്രേലിയ, ന്യൂസിലൻഡ്, പാക്കിസ്ഥാൻ ടീമുകൾ ഇന്ന് ഇറങ്ങും. രാവിലെ ന്യൂസിലന്‍ഡ് x പാക്കിസ്ഥാന് മത്സരവും ഉച്ചകഴിഞ്ഞ് ഓസ്ട്രേലിയ x ഇംഗ്ലണ്ട് മത്സരവും നടക്കും.
പാക്കിസ്ഥാന് x ന്യൂസിലന്‍ഡ്
വിജയം തുടരാന്‍ പാക്കിസ്ഥാനും പരാജയത്തുടര്‍ച്ച അവസാനിപ്പിക്കാന്‍ കിവീസും ഇറങ്ങുകയാണ്. ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഇരുടീമും ആദ്യമായാണ് മുഖാമുഖം വരുന്നത്.
ന്യൂസിലന്‍ഡ് ജയിച്ചാല്‍ സെമിയിലേക്കുള്ള ദൂരം കുറയ്ക്കാം. പാക്കിസ്ഥാന് ജയിച്ചാല്‍ സെമി പ്രതീക്ഷകള്‍ നിലനിര്‍ത്താം. തുടര്‍ച്ചയായ നാലു ജയവുമായി ലോകകപ്പ് പോരാട്ടം തുടങ്ങിയ ന്യൂസിലന്‍ഡ് പെട്ടെന്നാണ് തുടര്‍ തോല്‍വിയിലേക്കു പതിച്ചത്. തുടര്‍ച്ചയായ മൂന്നു തോല്‍വികൾ കിവീസിന് സെമി പ്രവേശനത്തിനായി കാത്തിരിക്കേണ്ട അവസ്ഥയിലെത്തിച്ചു.
പാക്കിസ്ഥാനാണെങ്കില്‍ തുടര്‍ച്ചയായ നാലു തോല്‍വികള്‍ക്കുശേഷം കഴിഞ്ഞ മത്സരത്തില്‍ ബംഗ്ലാദേശിനെ പരാജയപ്പെടുത്തി വിജയവഴിയില്‍ തിരിച്ചെത്തി. ഇന്നലെ അഫ്ഗാനിസ്ഥാന്റെ ജയം പാക്കിസ്ഥാനെ അഞ്ചാം സ്ഥാനത്തേക്കു തള്ളിവിട്ടു. പാക്കിസ്ഥാന് ഇന്ന് മികച്ച റണ്‍റേറ്റില്‍ ജയിക്കാനായാല്‍ ആദ്യ നാലിലെത്താനുള്ള വഴിയൊരുങ്ങും. അതിന് 84 റണ്‍സ് മാർജിനിൽ ജയിക്കുകയോ അല്ലെങ്കില്‍ 15 ഓവര്‍ ബാക്കിയിരിക്കേ വേണ്ട സ്കോര്‍ മറികടക്കുകയോ വേണം. നിലവിൽ -0.024 ആണ് പാക്കിസ്ഥാന്റെ നെറ്റ് റണ്‍റേറ്റ്.
പരിക്ക് പ്രശ്നം
കിവീസ് നിരയില്‍ ഓള്‍റൗണ്ടര്‍ ജയിംസ് നീഷവും ഇന്നുണ്ടാകില്ല. പകരം ലോക്കി ഫെര്ഗുസന് എത്തും. പേസര്‍ മാറ്റ് ഹെൻറി പരിക്കിനെത്തുടര്‍ന്ന് ലോകകപ്പില്‍നിന്നു പുറത്തായി. പകരം കെയ്ൽ ജാമിസണ് ടീമിനൊപ്പം ചേരും. പരിക്കേറ്റ് വിശ്രമത്തിലുള്ള ക്യാപ്റ്റൻ കെയ്ൻ വില്യംസൺ തിരിച്ചെത്താനുള്ള സാധ്യതയുമുണ്ട്.
ഓസ്ട്രേലിയ x ഇംഗ്ലണ്ട്
ക്രിക്കറ്റിലെ ഏറ്റവും പഴക്കമേറിയ വൈരി പോരാട്ടമാണ് ഇന്ന് അഹമ്മദാബാദിൽ അരങ്ങേറുക. ആറു കളിയില്‍ ഒരു ജയം മാത്രമായി പത്താം സ്ഥാനത്തുള്ള ഇംഗ്ലണ്ടും നാലു ജയവുമായി എട്ടു പോയിന്റോടെ മൂന്നാം സ്ഥാനത്തുള്ള ഓസീസുമാണ് മാറ്റുരയ്ക്കുന്നത്.
ഇംഗ്ലണ്ടിന്റെ സെമി സാധ്യതകള്‍ 0.4 ശതമാനം മാത്രമാണ്. തുടര്‍ച്ചയായി നാലുകളിയില്‍ ജയിച്ച ഓസ്ട്രേലിയയ്ക്കാണെങ്കില് ഇന്നു ജയിച്ചാല്‍ സെമി സാധ്യതകള്‍ കൂടുതല്‍ സജീവമാക്കാം. ഓസീസിന് അഫ്ഗാനിസ്ഥാനെയും ബംഗ്ലാദേശിനെയുമാണ് ഇനി നേരിടാനുള്ളത്.
നെതര്‍ലന്‍ഡ്സും പാക്കിസ്ഥാനുമാണ് ഇംഗ്ലീഷ് ടീമിന്റെ അടുത്ത എതിരാളികൾ. സെമിയില്‍ പ്രവേശിക്കാനായില്ലെങ്കിലും 2025ലെ ചാമ്പ്യന്‍സ് ട്രോഫിക്ക് യോഗ്യത നേടണമെങ്കില്‍ ഇംഗ്ലണ്ടിന് ഇനിയുള്ള മത്സരങ്ങള്‍ ജയിച്ചേ പറ്റൂ. അതുകൊണ്ടുതന്നെ വിജയത്തില്‍ക്കുറഞ്ഞതൊന്നും ഇംഗ്ലണ്ടിന് ചിന്തിക്കാനാവില്ല.
മാക്സ്വെൽ, മാർഷ്
ഗോൾഫ് കാർട്ടിൽനിന്ന് വീണു പരിക്കറ്റ ഓൾ റൗണ്ടർ ഗ്ലെൻ മാക്സ്വെല്ലും കുടുംബ കാര്യങ്ങൾക്കായി സ്വദേശത്തേക്ക് മടങ്ങിയ മിച്ചൽ മാർഷും ഇല്ലാതെയാണ് ഓസ്ട്രേലിയ ഇന്ന് ഇറങ്ങുക.