ലങ്ക പിടിക്കാൻ പ്രോട്ടീസ്
Saturday, October 7, 2023 3:27 AM IST
ന്യൂഡൽഹി: ഐസിസി ഏകദിന ലോകകപ്പ് ക്രിക്കറ്റിന്റെ ഇന്ത്യൻ എഡിഷനിലെ ആദ്യ പോരാട്ടത്തിൽ ദക്ഷിണാഫ്രിക്ക ഇന്ന് ശ്രീലങ്കയ്ക്കെതിരേ.
പഴയകാല പ്രതാപത്തിന്റെ നിഴലിലാണെങ്കിലും ഇരുടീമുകൾക്കും ആദ്യ മത്സരം നിർണായകമാണ്. ഡൽഹിയിലെ അരുണ് ജയ്റ്റ്ലി സ്റ്റേഡിയത്തിൽ ഉച്ചകഴിഞ്ഞു രണ്ടുമുതലാണു മത്സരം. സ്റ്റാർ സ്പോർട്സ് നെറ്റ്വർക്കിലും ഡിസ്നി+ ഹോട്ട്സ്റ്റാറിലും തത്സമയം.
പരിക്കിന്റെ കളി
സമീപകാലത്ത് എടുത്തുപറയത്തക്ക പ്രകടനങ്ങളൊന്നും ദക്ഷിണാഫ്രിക്കയിൽനിന്ന് ഉണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ കിരീട പ്രതീക്ഷയുള്ളവരുടെ കൂട്ടത്തിൽ പ്രോട്ടീസില്ല. മറിച്ചെന്തെങ്കിലും സംഭവിച്ചാൽ അദ്ഭുതമെന്നേ പറയാനാകൂ.
ഓൾറൗണ്ടർമാരുടെ അഭാവമാണ് ദക്ഷിണാഫ്രിക്കയുടെ ദൗർബല്യം. ആന്റിച്ച് നോർക്കിയയുടെയും സിസാന്ദ മഗളയുടെയും പരിക്കും ടീമിനു വൻ തിരിച്ചടിയാണ്. നോർക്കിയയുടെ അഭാവത്തിൽ പ്രോട്ടീസിന് കഗിസോ റബാദയെ കൂടുതലായി ആശ്രയിക്കേണ്ടിവരും. അഞ്ചു മത്സര ഏകദിന പരന്പരയിൽ ഓസ്ട്രേലിയയെ പരാജയപ്പെടുത്തിയശേഷമാണു വരവെന്നതു മാത്രമാണ് ദക്ഷിണാഫ്രിക്കയ്ക്ക് ആകെയുള്ള മേൽക്കൈ.
ഏഷ്യാ കപ്പിന്റെ ഫൈനൽ പ്രവേശത്തിന്റെ ആത്മവിശ്വാസത്തിലായിരുന്നു ശ്രീലങ്ക. എന്നാൽ, കലാശപ്പോരിൽ ഇന്ത്യയോടു ദയനീയമായി തകർന്നടിഞ്ഞത് ടീമിന്റെ ആത്മവിശ്വാസത്തെ സാരമായി ബാധിച്ചിരിക്കണം.
ലോകകപ്പ് സന്നാഹമത്സരങ്ങളിൽ ബംഗ്ലാദേശിനോടും അഫ്ഗാനിസ്ഥാനോടും പരാജയപ്പെട്ടത് ഇതിന്റെ തുടർച്ചയാണ്. പേസ് സെൻസേഷൻ ദുഷ്മന്ത ചമീര, സ്പിൻ താരം വാനിന്ദു ഹസരങ്ക, ലഹിരു മധുഷനക എന്നിവരുടെ പരിക്ക് ടീമിനു തിരിച്ചടിയാണ്.
നേർക്കുനേർ
ഇതുവരെ ഏകദിനത്തിൽ 80 തവണയാണ് ശ്രീലങ്ക-ദക്ഷിണാഫ്രിക്ക പോരാട്ടം നടന്നത്. 45 മത്സരങ്ങളിൽ ദക്ഷിണാഫ്രിക്കയും 33 എണ്ണത്തിൽ ശ്രീലങ്കയും വിജയിച്ചു. ഒരു മത്സരം ഫലമില്ലാതെ അവസാനിച്ചപ്പോൾ, ഒന്ന് സമനിലയിലായി.
ദക്ഷിണാഫ്രിക്കൻ ബാറ്റിംഗ് നിര എയ്ഡൻ മാർക്രത്തിൽ പ്രതീക്ഷയർപ്പിക്കുന്പോൾ, കുശാൽ മെൻഡിസിന്റെ ഫോമാണ് ലങ്കയുടെ സമാധാനം. മെൻഡിസിന്റെ മികവിലാണ് ശ്രീലങ്ക ഏഷ്യാ കപ്പ് ഫൈനൽ ഉറപ്പിച്ചത്.