ഐസിസി ഏകദിന ലോകകപ്പിലെ ഉദ്ഘാടന മത്സരത്തിൽ ന്യൂസിലൻഡിന് തകർപ്പൻ വിജയം
Thursday, October 5, 2023 11:38 PM IST
അഹമ്മദാബാദ്: ഐസിസി ഏകദിന ലോകകപ്പിലെ ഉദ്ഘാടന മത്സരത്തിൽ തകർപ്പൻ ജയവുമായി ന്യൂസിലൻഡ്. നിലവിലെ ലോക ചാന്പ്യന്മാരായ ഇംഗ്ലണ്ടിനെ ഒന്‍പത് വിക്കറ്റുകൾക്കു തകർത്താണ് കഴിഞ്ഞ തവണ റണ്ണേഴ്സപ്പായ ന്യൂസിലൻഡ് വിജയക്കൊടി പാറിച്ചത്. ഇംഗ്ലണ്ട് ഉയർത്തിയ 283 റണ്‍സ് വിജയലക്ഷ്യം 82 പന്ത് ബാക്കിനിൽക്കെ കിവീസ് മറികടന്നു.
സെഞ്ചുറികളുമായി കളം നിറഞ്ഞ രചിൻ രവീന്ദ്രയും (123*) ഡെവണ്‍ കോണ്‍വെ (152*) യുമാണ് കിവീസിന് അനായാസം ജയം നൽകിയത്. സെഞ്ചുറിയും ഒരു വിക്കറ്റും നേടിയ രവീന്ദ്രയാണു കളിയിലെ താരം. സ്കോർ: ഇംഗ്ലണ്ട് 50 ഓവറിൽ ഒന്‍പതു വിക്കറ്റിന് 282 റണ്‍സ്; ന്യൂസിലൻഡ് ഒരു വിക്കറ്റ് മാത്രം നഷ്ടമാക്കി 36.2 ഓവറിൽ 283 റണ്‍സ്.
ടോസ് കിവീസിന്
ടോസ് നേടിയ കിവീസ് ഇംഗ്ലണ്ടിനെ ബാറ്റിംഗിനു വിടുകയായിരുന്നു. ഇംഗ്ലണ്ടിനായി ഓപ്പണർമാരായ ജോണി ബെയർസ്റ്റോയും ഡേവിഡ് മലാനും 7.4 ഓവറിൽ 40 റണ്‍സിന്റെ ഭേദപ്പെട്ട തുടക്കമാണ് നല്‍കിയത്. വൈകാതെ തന്നെ മികച്ച രീതിയിൽ കളിച്ചുവന്നിരുന്ന ബെയർസ്റ്റോയെ (33) മിച്ചൽ സാന്റ്നർ പുറത്താക്കി.
ഡാരിൽ മിച്ചലാണ് ക്യാച്ചെടുത്തത്. ജോ റൂട്ട്-ഹാരി ബ്രൂക്ക് സഖ്യത്തിനും അധികം ആയുസില്ലായിരുന്നു. ഇംഗ്ലണ്ട് സ്കോർ നൂറു കടക്കുന്നതിനു മുന്‍പ് ബ്രൂക്കിനെയും (25) നഷ്ടമായി. രവീന്ദ്രയുടെ പന്തിൽ കോണ്വെയ്ക്കായിരുന്നു ക്യാച്ച്. മോയിൻ അലിയെ (11) ഗ്ലെൻ ഫിലിപ്സ് ക്ലീൻബൗൾഡാക്കി.
റൂട്ട് ക്ലിയറാക്കി
റൂട്ടിനൊപ്പം ക്യാപ്റ്റൻ ജോസ് ബട്ലർ ചേർന്നതോടെയാണ് ഇംഗ്ലണ്ട് സ്കോർ ഉയർന്നു തുടങ്ങിയത്. 70 റണ്‍സിന്റെ സഖ്യമാണ് ഇരുവരും അഞ്ചാം വിക്കറ്റിൽ സ്ഥാപിച്ചത്. ഈ കൂട്ടുകെട്ട് ശക്തി പ്രാപിക്കും മുന്‍പുതന്നെ മാറ്റ് ഹെൻറി, ബട്ലറെ (43) ടോം ലാഥത്തിന്റെ കൈകളിലെത്തിച്ചു. ഇംഗ്ലീഷ് സ്കോർ 200 കടന്നശേഷം അപകടകാരിയായ ലിയാം ലിവിംഗ്സ്റ്റണിനെ (20) ബോൾട്ട് പുറത്താക്കി. പെട്ടെന്നു തന്നെ റൂട്ടും പുറത്തായി.
86 പന്തിൽ 77 റണ്‍സ് നേടിയ റൂട്ടിനെ ഫിലിപ്സ് ക്ലീൻബൗൾഡാക്കി. സാം കരൻ (14), ക്രിസ് വോക്സ് 11), എന്നിവർക്കും കാര്യമായ സംഭാവന ഇംഗ്ലീഷ് സ്കോർ ബോർഡിലേക്കു നൽകാനായില്ല. ആദിൽ റഷീദ് (15), മാർക് വുഡ് (13) എന്നിവർ പുറത്താകാതെ നിന്നു. മാറ്റ് ഹെൻറി മൂന്നും ഫിലിപ്സും സാന്റ്നറും രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി. ബോൾട്ടും രവീന്ദ്രയും ഓരോ വിക്കറ്റും പങ്കിട്ടു.
തിരിച്ചടി
മറുപടി ബാറ്റിംഗിനിറങ്ങിയ കിവീസിന് അക്കൗണ്ട് തുറക്കും മുന്‍പ് വിൽ യംഗിനെ നഷ്ടമായി. സാം കരനാണ് വിൽ യംഗിനെ പുറത്താക്കിയത്. എന്നാൽ, രണ്ടാം വിക്കറ്റിൽ ഓപ്പണർ ഡെവണ്‍ കോണ്‍വെയ്ക്കൊപ്പം ഇന്ത്യൻ വംശജൻ രചിൻ രവീന്ദ്ര ഒന്നിച്ചതോടെ ന്യൂസിലൻഡ് കുതിച്ചു.
തുടക്കത്തിൽ ശ്രദ്ധിച്ചു കളിച്ച ഇരുവരും നിലയുറപ്പിച്ചതോടെ ഇംഗ്ലീഷ് ബൗളർമാരെ അടിച്ചുപറത്തി. കോണ്‍വേ 83 പന്തിൽനിന്നും രചിൻ 82 പന്തിൽനിന്നും സെഞ്ചുറി പൂർത്തിയാക്കി. രണ്ടാം വിക്കറ്റിൽ പിരിയാതെ ഇരുവരും ചേർന്ന് 273 റണ്‍സാണ് അടിച്ചുകൂട്ടിയത്.
ഒടുവിൽ 82 പന്ത് ബാക്കിനിൽക്കെ കിവീസ് ലക്ഷ്യം മറികടക്കുന്പോൾ, 121 പന്തിൽ 19 ഫോറും മൂന്നു സിക്സും പായിച്ച കോണ്‍വെ 152 റണ്‍സോടെയും 96 പന്ത് നേരിട്ട് 11 ബൗണ്ടറികളും അഞ്ചു സിക്സും പായിച്ച രവീന്ദ്ര 123 റണ്‍സോടെയും പുറത്താകാതെനിന്നു.
ഈ ഏകദിന ലോകകപ്പിലെ ആദ്യ അർധ സെഞ്ചുറി ഇംഗ്ലീഷ് ബാറ്റർ ജോ റൂട്ടിന്റെ പേരിൽ. ന്യൂസിലൻഡിനെതിരായ മത്സരത്തിൽ 57 പന്തിൽനിന്ന് അർധസെഞ്ചുറി പൂർത്തിയാക്കിയതോടെയാണ് റൂട്ടിന്റെ നേട്ടം. റൂട്ടിന്റെ ഏകദിന കരിയറിലെ 37-ാം അർധസെഞ്ചുറിയാണിത്. ന്യൂസിലൻഡിനെതിരേ രാജ്യാന്തര ഏകദിന ക്രിക്കറ്റിൽ 1,000 റൺസ് തികയ്ക്കുന്ന ആദ്യ ഇംഗ്ലീഷ് താരം എന്ന ചരിത്ര നേട്ടവും ഇന്നിംഗ്സിനിടെ റൂട്ട് സ്വന്തമാക്കി.
സ്കോര്‍ ബോര്‍ഡ്
ഇംഗ്ലണ്ട്: 282/9 (50)
ജോ റൂട്ട് 77 (86)
ജോസ് ബട്ലർ 43 (42)
മാറ്റ് ഹെൻറി 3/48 (10)
ഗ്ലെൻ ഫിലിപ്സ് 2/17(3)
മിച്ചൽ സാന്റ്നർ 2/37 (10)
ന്യൂസിലൻഡ്: 283/1 (36.2)
കോണ്‍വെ 152* (121)
രചിൻ രവീന്ദ്ര 123* (96)
സാം കരൻ 1/46(6)