കിവീസ് പൊരുതുന്നു
Monday, February 27, 2023 3:56 AM IST
വെല്ലിംഗ്ടണ്‍: ഇംഗ്ലണ്ടിനെതിരായ വെല്ലിംഗ്ടൻ ടെസ്റ്റിൽ തോൽവി ഒഴിവാക്കാൻ ആതിഥേയരായ ന്യൂസിലൻഡ് പൊരുതുന്നു. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 435 റണ്‍സ് പിന്തുടർന്ന് ഒന്നാം ഇന്നിംഗ്സിൽ ഫോളോ ഓണ്‍ വഴങ്ങിയ ന്യൂസിലൻഡ്, മൂന്നാം ദിനം കളി അവസാനിപ്പിക്കുന്പോൾ 202/3 എന്ന നിലയിലാണ്.
ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറിനേക്കാൾ 24 റണ്‍സ് പിന്നിലാണു നിലവിൽ ന്യൂസിലൻഡ്. ടോം ലാഥം (83), ഡെവണ്‍ കോണ്‍വേ (61) എന്നിവരുടെ 149 റണ്‍സിന്റെ ഓപ്പണിംഗ് കൂട്ടുകെട്ടാണ് ന്യൂസിലൻഡിനെ ഇപ്പോഴും കളിയിൽ നിലനിർത്തുന്നത്. കെയ്ൻ വില്യംസണ് (25), ഹെൻറി നിഷോൾസ് (18) എന്നിവരാണു മൂന്നാം ദിനം കളി അവസാനിക്കുന്പോൾ ക്രീസിൽ. എട്ടു റണ്‍സെടുത്ത വിൽ യംഗിനു തിളങ്ങാനായില്ല.
ഒന്നാം ഇന്നിംഗ്സിൽ ന്യൂസിലൻഡ് 209 റണ്‍സിനു പുറത്തായിരുന്നു. 49 പന്തിൽ 73 റണ്‍സ് നേടിയ ടിം സൗത്തിയാണു കിവീസ് ടോപ് സ്കോറർ. ഇംഗ്ലണ്ടിനായി സ്റ്റ്യുവർട്ട് ബ്രോഡ് നാലും ജയിംസ് ആൻഡേഴ്സണ്, ജാക്ക ലീച്ച് എന്നിവർ മൂന്നും വിക്കറ്റ് നേടി.