രാഹുലിനെ വെട്ടി!
Tuesday, February 21, 2023 1:10 AM IST
ന്യൂഡൽഹി: തുടർച്ചയായി മോശം ഇന്നിംഗ്സുകൾ കളിക്കുന്ന കെ.എൽ. രാഹുലിനു ബിസിസിഐ നൽകിയ നിരുപാധിക പിന്തുണ അവസാനിക്കുകയാണോ? അങ്ങനെ തോന്നിപ്പിക്കുന്ന സംഭവങ്ങൾ അണിയറയിൽ നടക്കുന്നുണ്ട്.
മാറ്റങ്ങളില്ലാതെയാണ് ബോർഡർ-ഗാവസ്കർ ട്രോഫി പരന്പരയിലെ ശേഷിക്കുന്ന രണ്ടു ടെസ്റ്റുകൾക്കുള്ള ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചത്. എന്നാൽ, രോഹിത് ശർമ നായകനായ ടീമിന്റെ വൈസ് ക്യാപ്റ്റൻ സ്ഥാനം ആർക്കും നൽകിയില്ല. കെ.എൽ. രാഹുലാണ് ഈ പദവി വഹിച്ചിരുന്നത്.
ഗില്‍ ഭീഷണി
തകർപ്പൻ ഫോമിലുള്ള ശുഭ്മൻ ഗിൽ പുറത്തിരിക്കുന്പോൾ രാഹുലിനെ അടുത്ത ടെസ്റ്റ് മത്സരങ്ങളിൽ ഇറക്കാൻ സാധ്യതയില്ലെന്നാണ് അണിയറവർത്തമാനം. പരന്പരയിലെ രണ്ടു ടെസ്റ്റുകളിലും രാഹുലിനു തിളങ്ങാൻ കഴിഞ്ഞിരുന്നില്ല. 8,12,9,22,23,10,2,20,17,1 എന്നിങ്ങനെയാണു കഴിഞ്ഞ പത്ത് ഇന്നിംഗ്സിലെ രാഹുലിന്റെ സംഭാവന.
രാഹുലിനെ ടീമിൽ തുടരാൻ അനുവദിക്കുന്നതിനെതിരേ പല മുൻ താരങ്ങളും പരസ്യവിമർശനം ഉന്നയിച്ചിരുന്നു. ഇത്രയും കുറഞ്ഞ റണ്‍ ശരാശരിയുമായി ഒരാളും ഇത്രയധികം മത്സരം കളിച്ചത് ഓർമയിൽപോലുമില്ലെന്നായിരുന്നു വെങ്കടേഷ് പ്രസാദിന്റെ വാദം. എന്നാൽ, രണ്ടാം ടെസ്റ്റിനുശേഷം മാധ്യമങ്ങളോടു സംസാരിക്കവെ, ഓപ്പണറെന്ന നിലയിൽ രാഹുലിന്റെ കഴിവിൽ വിശ്വാസമുണ്ടെന്നു നായകൻ രോഹിത് ശർമ പ്രതികരിച്ചു. ഇതിനു പിന്നാലെ ഉപനായകസ്ഥാനവും പോയി!
എങ്ങനെ?
രണ്ടു വർഷം മുന്‍പ് ടീമിലെ സ്ഥിരസാന്നിധ്യം പോലുമായിരുന്നില്ല രാഹുൽ. എന്നാൽ വളരെപ്പെട്ടെന്ന് ഓപ്പണറായും വൈസ് ക്യാപ്റ്റനായും പകരക്കാരൻ നായകനായും രാഹുൽ ടീമിന്റെ ഭാഗമായി; അതും ഒരു വർഷത്തിന്റെ ഇടവേളയിൽ. രോഹിതിന്റെ അഭാവത്തിൽ ഇന്ത്യൻ ടെസ്റ്റ് ടീമിനെ നയിച്ച രാഹുലിന്റെ കരിയറിന്റെ നിർണായകഘട്ടമാണിതെന്നാണു വിലയിരുത്തൽ.
47 ടെസ്റ്റ് കളിച്ച രാഹുലിന്റെ ബാറ്റിംഗ് ശരാശരി 33.44 ആണ്. 2018നുശേഷം 25.82 എന്ന ശരാശരിയിലാണു താരത്തിന്റെ ബാറ്റിംഗ്. ഈ കാലഘട്ടത്തിലെ 48 ഇന്നിംഗ്സുകളിൽ ആറു വട്ടം മാത്രമാണു രാഹുലിന് 50 കടക്കാൻ കഴിഞ്ഞത്. ഇതു വിമർശനങ്ങളുടെ മൂർച്ച കൂട്ടുന്നു.
ഇൻഡോറിൽ രാഹുൽ പുറത്തായാൽ അത് മാനേജ്മെന്റിന് അദ്ദേഹത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടതുകൊണ്ടാകില്ല. മറിച്ച്, ശുഭ്മൻ ഗില്ലിന്റെ ബാറ്റിംഗ് ഫോമിനെ ഇനിയും അവഗണിക്കാൻ കഴിയില്ലെന്ന യാഥാർഥ്യം തിരിച്ചറിഞ്ഞാകണം.