വിജയരാഷ്ട്ര; സൗരാഷ്ട്ര രഞ്ജി ട്രോഫി ജേതാക്കള്‍
Monday, February 20, 2023 1:36 AM IST
കോൽക്കത്ത: മൂന്നു വർഷത്തിനിടെ രണ്ടാം രഞ്ജി ട്രോഫി കിരീടനേട്ടവുമായി സൗരാഷ്ട്ര. ബംഗാളിനെ ഒന്‍പതു വിക്കറ്റിനു തകർത്താണു സൗരാഷ്ട്ര കിരീടത്തിൽ മുത്തമിട്ടത്. സൗരാഷ്ട്രയുടെ രണ്ടാം രഞ്ജി കിരീടമാണിത്.
ടോസ് നഷ്ടപ്പെട്ടു ബാറ്റിംഗിനിറങ്ങിയ ബംഗാൾ ആദ്യ ഇന്നിംഗ്സിൽ 174 റണ്‍സിന് പുറത്തായി. മറുപടി പറഞ്ഞ സൗരാഷ്ട്ര 404 റണ്‍സ് നേടി. 81 റണ്‍സ് നേടിയ അർപ്പിത് വാസവഡയായിരുന്നു സൗരാഷ്ട്രയുടെ ടോപ് സ്കോറർ. 230 റണ്‍സ് കടവുമായി രണ്ടാം ഇന്നിംഗ്സ് ബാറ്റ് ചെയ്ത ബംഗാൾ പക്ഷേ, 241ൽ ഒതുങ്ങി. വെറും 11 റണ്‍സിന്റെ ലീഡ്. ആറു വിക്കറ്റ് വീഴ്ത്തിയ സൗരാഷ്ട്ര ക്യാപ്റ്റൻ ജയദേവ് ഉനാദ്ഘട്ടാണ് ബംഗാളിനെ തകർത്തത്. ചേതൻ സക്കാരിയ മൂന്നു വിക്കറ്റും നേടി.
12 റണ്‍ ലക്ഷ്യം സൗരാഷ്ട്ര 2.4 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. രണ്ട് ഇന്നിംഗ്സിലുമായി ഒന്‍പതു വിക്കറ്റ് വീഴ്ത്തിയ ക്യാപ്റ്റൻ ജയദേവ് ഉനാദ്ഘട്ടാണു കളിയിലെ താരം. മത്സരത്തിലാകെ ആറു വിക്കറ്റ് വീഴ്ത്തിയ ചേതൻ സക്കാരിയ ഉനദ്ഘട്ടിനു മികച്ച പിന്തുണ നൽകി. ടൂർണമെന്റിലാകെ പത്തു മത്സരങ്ങളിൽ 907 റണ്‍സ് നേടിയ സൗരാഷ്ട്ര ബാറ്റർ അർപ്പിത് വാസവഡയാണ് രഞ്ജി സീസണിലെ താരം. ഒന്‍പതു മത്സരങ്ങളിൽനിന്ന് 990 റണ്‍സ് നേടിയ മായങ്ക് അഗർവാളാണ് റണ്‍വേട്ടയിൽ അർപ്പിതിനു മുന്നിലുള്ളത്.