ചാന്പ്യൻ മുംബൈ
Saturday, February 11, 2023 11:19 PM IST
മഡ്ഗാവ്: ഐഎസ്എൽ 2022-23 സീസണ് ലീഗ് വിന്നേഴ്സ് ഷീൽഡ് മുംബൈ സിറ്റി എഫ്സി സ്വന്തമാക്കി. എവേ പോരാട്ടത്തിൽ എഫ്സി ഗോവയെ തോൽപ്പിച്ചാണ് മുംബൈ സിറ്റി ലീഗ് വിന്നേഴ്സ് ഷീൽഡ് സ്വന്തമാക്കിയത്.
എട്ട് ഗോൾ പിറന്ന സൂപ്പർ ത്രില്ലറിൽ 5-3നായിരുന്നു മുംബൈയുടെ ജയം. മുംബൈ സിറ്റിക്കായി ഗ്രെഗ് സ്റ്റൂവർട്ട് (18’, 44’) ഇരട്ടഗോൾ സ്വന്തമാക്കി. ജോർജ് പെരേര ഡിയസ് (40’), ഛാങ്തെ (71’ പെനാൽറ്റി), വിക്രം സിംഗ് (77’) എന്നിവരും മുംബൈ സിറ്റിക്കായി ഗോൾ നേടി. നാലാം മിനിറ്റിൽ നോഹ് സദൗയിയിലൂടെ ലീഡ് നേടിയ ശേഷമായിരുന്നു ഗോവയുടെ തോൽവി.
സീസണിൽ ഇതുവരെ തോൽവി അറിയാതെയാണ് മുംബൈ സിറ്റി ലീഗ് വിന്നേഴ്സ് ഷീൽഡ് ഉറപ്പിച്ചത്. 18 മത്സരങ്ങളിൽ 14 ജയവും നാല് സമനിലയും ഉൾപ്പെടെ 46 പോയിന്റാണ് മുംബൈ സിറ്റി എഫ്സിക്കുള്ളത്. രണ്ടാം സ്ഥാനത്തുള്ള ഹൈദരാബാദ് എഫ്സിക്ക് 17 മത്സരങ്ങളിൽ 36 പോയിന്റാണ്. ശേഷിക്കുന്ന മൂന്ന് മത്സരങ്ങളിലും ഹൈദരാബാദ് ജയിച്ചാലും 45 പോയിന്റിലേയെത്തൂ.