തോറ്റു... എവേ പോരാട്ടത്തിൽ ഈസ്റ്റ് ബംഗാളിനോട് കേരള ബ്ലാസ്റ്റേഴ്സിന് തോൽവി
Saturday, February 4, 2023 4:45 AM IST
കോൽക്കത്ത: ഐഎസ്എൽ ഫുട്ബോൾ ചരിത്രത്തിൽ ആദ്യമായി കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഈസ്റ്റ് ബംഗാളിനു മുന്നിൽ തോൽവി സമ്മതിച്ചു. എവേ പോരാട്ടത്തിൽ 1-0നായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ തോൽവി.
കോൽക്കത്ത സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ അരങ്ങേറിയ മത്സരത്തിൽ 77-ാം മിനിറ്റിൽ ക്ലെയ്ട്ടൻ സിൽവയുടെ വകയായിരുന്നു ഈസ്റ്റ് ബംഗാളിന്റെ ജയം കുറിച്ച ഗോൾ. 90+5-ാം മിനിറ്റിൽ അഡ്രിയാൻ ലൂണയെ ഫൗൾ ചെയ്തതിന് രണ്ടാം മഞ്ഞക്കാർഡിലൂടെ മൊബഷീൻ റഹ്മാൻ ചുവപ്പുകാർഡ് കണ്ടതോടെ ഈസ്റ്റ് ബംഗാൾ 10 പേരുമായാണ് മത്സരം അവസാനിപ്പിച്ചത്. നാല് മത്സരത്തിനിടെ ബ്ലാസ്റ്റേഴ്സിന്റെ മൂന്നാം തോൽവിയാണ്.
ആദ്യതോൽവി
ഈസ്റ്റ് ബംഗാളിനെതിരേ ഇതുവരെ അഞ്ച് മത്സരങ്ങൾ കളിച്ചതിൽ കേരള ബ്ലാസ്റ്റേഴ്സ് രണ്ട് ജയം നേടിയപ്പോൾ മൂന്ന് എണ്ണം സമനിലയിൽ കലാശിച്ചു. കോൽക്കത്തൻ പാരന്പര്യ ക്ലബ്ബിനെതിരേ ബ്ലാസ്റ്റേഴ്സിന്റെ ആദ്യതോൽവിയാണ്.
ഫറൂഖിന്റെ അരങ്ങേറ്റം
ബംഗളൂരു എഫ്സിയിൽനിന്ന് ജനുവരി ട്രാൻസ്ഫർ വിൻഡോയിലൂടെ കേരള ബ്ലാസ്റ്റേഴ്സിലെത്തിയ ഡാനിഷ് ഫറൂഖ് ക്ലബ്ബിനായി അരങ്ങേറി. 75-ാം മിനിറ്റിൽ ജീക്സണ് സിംഗിനെ പിൻവലിച്ചാണ് ഡാനിഷ് ഫറൂഖിനെ ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകോമനോവിച്ച് കളത്തിലിറങ്ങിയത്. ഫറൂഖിനു ക്ലിയർ ചെയ്യാൻ സാധിക്കാതിരുന്ന പന്തിൽനിന്നായിരുന്നു സിൽവ ഗോൾ സ്വന്തമാക്കിയത്.
ഹാപ്പി ബെർത്ത് ഡേ
ഈസ്റ്റ് ബംഗാളിന്റെ ജയം കുറിച്ച ഗോൾ നേടിയ ക്ലെയ്ട്ടൻ സിൽവയുടെ 36-ാം ജന്മദിനമായിരുന്നു ഇന്നലെ. 15 പോയിന്റുമായി ഈസ്റ്റ് ബംഗാൾ ഒന്പതാം സ്ഥാനത്താണ്. 16 മത്സരങ്ങളിൽനിന്ന് 28 പോയിന്റുമായി കേരള ബ്ലാസ്റ്റേഴ്സ് മൂന്നാം സ്ഥാനത്ത് തുടരുന്നു.