എൻവിഡിയ ചൈനയ്ക്ക് എഐ ചിപ്പ് വിൽക്കും
Thursday, July 17, 2025 11:55 PM IST
ന്യൂയോർക്ക്: യുഎസ് ചിപ്പ് നിർമാതാക്കളായ എൻവിഡിയയ്ക്ക് ചൈനയുമായി എച്ച്20 എഐ ചിപ്പുകകളുടെ വില്പന പുനരാരംഭിക്കാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അനുമതി നൽകി. ഇതുവഴി മുന്‍പുണ്ടായിരുന്ന കയറ്റുമതി നിരോധനങ്ങൾ പിൻവലിച്ചു.
എൻവിഡിയയ്ക്ക് നൽകിയ അനുമതിക്കു പിന്നിൽ പല കാര്യങ്ങളാണുള്ളത്. എഐ ചിപ്പ് വിൽപ്പന പുനരാരംഭിക്കുന്നതിലൂടെ യുഎസിൽ നിർമാണ പ്രവർത്തനങ്ങൾക്ക് നിർണായകമായ അപൂർവ ഭൗമ മൂലകങ്ങളുടെ വിതരണത്തെക്കുറിച്ചുള്ള ചർച്ചകളുമായി ഈ തീരുമാനം ബന്ധപ്പെട്ടിരിക്കുന്നു.
ഏപ്രിലിൽ, എൻവിഡിയയെ എച്ച്20 എഐ ചിപ്പുകൾ പോലും ചൈനയ്ക്ക് വിൽക്കുന്നതിൽ നിന്ന് യുഎസ് വിലക്കേർപ്പെടുത്തി. ഇത് ബെയ്ജിംഗിന്റെ എഐ മോഹങ്ങളെ ശ്വാസം മുട്ടിക്കുക എന്ന തന്ത്രമായിരുന്നു. എന്നാൽ വെറും മൂന്ന് മാസങ്ങൾക്ക് ശേഷം, അതേ ചിപ്പുകൾ വീണ്ടും ചൈനയിലേക്ക് തിരിച്ചുവരുകയാണ്.
എൻവിഡിയയുടെ എച്ച്20 ചിപ്പുകളുടെ കയറ്റുമതികൾക്കുള്ള പച്ചക്കൊടി ഇപ്പോൾ അപൂർവ ഭൗമ മൂലകങ്ങളുടെ ഇറക്കുമതി ബന്ധപ്പെട്ട ചർച്ചകളുമായി ബന്ധപ്പെട്ടിരിക്കുന്നു.
യുഎസ്-ചൈന വ്യാപാര ചർച്ചകളിൽ എൻവിഡിയയുടെ കയറ്റുമതി നിയന്ത്രണങ്ങൾ ഒരു ‘ചർച്ചാ ചിപ്പ്’ ആയി മാറിയെന്ന് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് പറഞ്ഞു. ഇത് അടുത്തിടെ പരസ്പര താരിഫ് കുറയ്ക്കുന്നതിനുള്ള ഒരു കരാറിലേക്ക് നയിച്ചു.