സൂചികകളിൽ തകർച്ച
Saturday, July 12, 2025 1:20 AM IST
മുംബൈ: ഇന്ത്യൻ ഓഹരിവിപണി തുടർച്ചയായ മൂന്നാം ദിവസവും നഷ്ടത്തിൽ. നേരിയ നഷ്ടത്തിൽ വ്യാപാരം തുടങ്ങിയ വിപണിയിൽ വിൽപ്പന സമ്മർദമേറിയതോടെ തകർച്ചയിലേക്കു വീണു.
കന്പനികൾ ത്രൈമാസ വരുമാനക്കണക്കുകൾ പുറത്തുവിടാൻ തുടങ്ങിയതോടെ മങ്ങിയ വരുമാന സീസണിനെക്കുറിച്ചുള്ള ആശങ്കകൾക്കിടയിലും നിക്ഷേപകർ ലാഭമെടുപ്പിന് തിരക്കു കൂട്ടിയത് വിപണിയിൽ വിൽപ്പന ഉയർത്തി.
ടാറ്റ കണ്‍സൾട്ടൻസി സർവീസസ് (ടിസിഎസ്) പ്രതീക്ഷിച്ചതിലും ദുർബലമായ വരുമാനം രേഖപ്പെടുത്തിയതിനെത്തുടർന്ന് ഐടി ഓഹരികൾ സമ്മർദത്തിലായത് ഇന്ത്യൻ ഓഹരി സൂചികകളായ സെൻസെക്സ്, നിഫ്റ്റി 50 എന്നിവ നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിക്കുന്നതിനിടയാക്കി. കാനഡയ്ക്കു മേൽ യുഎസ് വ്യാപാര തീരുവ പുതുക്കിയതും റഷ്യക്കെതിരേ സാധ്യമായ ഉപരോധങ്ങളെക്കുറിച്ചുള്ള ആശങ്കളും വിപണിയെ ബാധിച്ചു.
30 ഓഹരികളുള്ള ബിഎസ്ഇ സെൻസെക്സ് 690 പോയിന്റ് (0.83%) നഷ്ടത്തിൽ 82,500ലും എൻഎസ്ഇ നിഫ്റ്റി 205 പോയിന്റ് (0.81%) താഴ്ന്ന് 25,149.85ലും ക്ലോസ് ചെയ്തു. ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത മൊത്തം കന്പനികളുടെ വിപണി മൂലധനം 3.77 ലക്ഷം കോടി രൂപ താഴ്ന്ന് 456.48 ലക്ഷം കോടിയിലെത്തി.
നിഫ്റ്റി മിഡ്കാപ് 0.88 ശതമാനവും സ്മോൾകാപ് 1.02 ശതമാനവും താഴ്ന്നു. മേഖലാ സൂചികകളിൽ ടിസിഎസ്, എൽടിഐ മൈൻഡ്ട്രീ, ഇൻഫോസിസ്, വിപ്രോ, പെർസിസ്റ്റെന്റ് സിസ്റ്റംസ്, എച്ച്സിഎൽ എന്നിവയുടെ ഓഹരികളിലുണ്ടായ നഷ്ടം മൂലം നിഫ്റ്റി ഐടി സൂചിക 1.78 ശതമാനം താഴ്ന്നു.
ഓട്ടോ (1.77%), റിയാലിറ്റി (1.21%), മീഡിയ (1.60%), കണ്‍സ്യൂമർ ഡ്യൂറബിൾസ് (0.97%), ഓയിൽ ആൻഡ് ഗ്യാസ് (1.26%) സൂചികകൾ വലിയ തകർച്ചയാണ് നേരിട്ടത്. മെറ്റൽ, ബാങ്ക്, സാന്പത്തിക സൂചികകളും ഇടിഞ്ഞു. എന്നാൽ നിഫ്റ്റി ഫാർമ (0.68%), എഫ്എംസിജി (0.51%) ഉയർന്ന് നഷ്ടങ്ങളുടെ പ്രവണതയെ മറികടന്നു.