രാജ്യത്തെ അഞ്ച് ധനികരായ നിക്ഷേപകരിൽ ഡോ. ആസാദ് മൂപ്പനും
Wednesday, July 16, 2025 11:50 PM IST
കൊച്ചി: രാജ്യത്തെ ധനികരായ പ്രമോട്ടർ നിക്ഷേപകരുടെ പട്ടികയിൽ ആദ്യ അഞ്ചു പേരിൽ ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ സ്ഥാപക ചെയർമാൻ ഡോ. ആസാദ് മൂപ്പനും. 2,594 കോടി രൂപയുടെ ആളോഹരി വരുമാനമാണ് ഡോ. ആസാദ് മൂപ്പനെ മുൻനിരയിലെത്തിച്ചത്.
വ്യവസായികളായ മുകേഷ് അംബാനി, അനിൽ അഗർവാൾ, അസിം പ്രേംജി എന്നിവരാണ് പട്ടികയിൽ മുന്നിലുള്ള മറ്റുള്ളവർ. കാപ്പിറ്റലൈൻ ഡാറ്റബേസിസും ബിസിനസ് സ്റ്റാൻഡേർഡും സംയുക്തമായി നടത്തിയ പഠനത്തിന്റെ ഭാഗമായാണ് പട്ടിക പുറത്തിറക്കിയത്. കേരളത്തിൽനിന്ന് ഈ പട്ടികയിൽ ഇടംപിടിച്ച ഏക വ്യവസായിയും ആസാദ് മൂപ്പനാണ്.
നിക്ഷേപകർക്ക് ഓരോ ഓഹരിക്കും 118 രൂപവീതം ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ അടുത്തിടെ പ്രത്യേക ലാഭവിഹിതം പ്രഖ്യാപിച്ചിരുന്നു. ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ കമ്പനിയുടെ 42 ശതമാനം ഓഹരികളാണ് ഡോ. മൂപ്പൻ ഉൾപ്പെടെയുള്ള പ്രമോട്ടർമാരുടെ കൈവശമുള്ളത്.
ആസ്റ്റർ ഡിഎം - ക്വാളിറ്റി കെയർ ലയനനടപടികൾ ഈ വർഷം പൂർത്തിയാകുന്നതോടെ ഇന്ത്യയിലെ ഏറ്റവും വലിയ മൂന്ന് ആശുപത്രി ശൃംഖലകളിൽ ഒന്നായി ഇതു മാറും. ഈ വിശാല ശൃംഖലയിലെ ആശുപത്രികളുടെ എണ്ണം 38 ആയി ഉയരുമെന്നും ആസ്റ്റർ അധികൃതർ പറഞ്ഞു.