നിയോഡിമിയം കാന്തങ്ങളുടെ നിർമാതാക്കൾക്ക് സബ്സിഡി
Saturday, July 12, 2025 1:20 AM IST
ന്യൂഡൽഹി: ചൈനയിൽ നിന്നുള്ള അപൂർവ ഭൗമ മൂലക കാന്തങ്ങളുടെ (നിയോഡിമിയം) ലഭ്യതയിലുണ്ടായ നിയന്ത്രണങ്ങൾ മറികടക്കുന്നതിന് ഇന്ത്യ പദ്ധതികൾ ആസൂത്രണം ചെയ്യുന്നു.
ആഭ്യന്തരമായി നിയോഡിമിയം കാന്തങ്ങൾ വികസിപ്പിക്കാനുള്ള പദ്ധതി ഇന്ത്യ പ്രഖ്യാപിച്ചു.
തദ്ദേശീയമായി നിയോഡിമിയം കാന്തങ്ങളുടെ ഉത്പാദകർക്ക് 1,345 കോടി രൂപയുടെ സബ്സിഡികൾ വാഗ്ദാനം ചെയ്യുന്നതിനുള്ള ഒരു പദ്ധതി ഇന്ത്യൻ സർക്കാർ തയാറാക്കിയിട്ടുണ്ടെന്ന് കേന്ദ്ര ഘന വ്യവസായ, ഉരുക്ക് മന്ത്രി എച്ച്ഡി കുമാരസ്വാമി പറഞ്ഞു.
“അപൂർവ ഭൗമ മൂലക കാന്തങ്ങളുടെ നിർമാതാക്കൾക്ക് 1,345 കോടി രൂപയുടെ സബ്സിഡി നൽകുന്നതിനുള്ള ഒരു പദ്ധതിക്ക് അംഗീകാരം ലഭിച്ചു. ഇത് നിലവിൽ മന്ത്രിതല കൂടിയാലോചനയിലാണ്. നിലവിൽ രണ്ട് നിർമാതാക്കൾ ഉണ്ടാകുമെന്ന് നിർദേശിച്ചിട്ടുണ്ട്. എന്നാൽ പദ്ധതി തയാറാകുന്പോഴേക്കും ഇത് മാറിയേക്കാം.” മന്ത്രി പറഞ്ഞു.
അപൂർവ ഭൗമ ഓക്സൈഡുകളെ കാന്തങ്ങളാക്കി മാറ്റുന്നതിന് രണ്ട് നിർമാതാക്കൾക്ക് ‘പൂർണ പിന്തുണ’ നൽകുന്ന 1,345 കോടി രൂപയുടെ ഒരു പദ്ധതി വിഭാവനം ചെയ്തിട്ടുണ്ടെന്നും ഇത് മന്ത്രിതല കൂടിയാലോചനയിലാണെന്നും ഘന വ്യവസായ മന്ത്രാലയ സെക്രട്ടറി കമ്രാൻ റിസ്വി പറഞ്ഞു.
എൻഡ്-ടു-എൻഡ് പ്രോസസിംഗ് നടത്തുന്ന നിർമാതാക്കൾക്ക് സബ്സിഡിക്ക് അർഹതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നിർദിഷ്ട പദ്ധതി സ്വകാര്യ കന്പനികളെയും പൊതുമേഖലാ സംരംഭങ്ങളെയും ഉൾക്കൊള്ളുമെന്നാണ് പ്രതീക്ഷിക്കുന്നത്.