ഐബിഎം ഇക്കോസിസ്റ്റം ഇന്‍കുബേഷന്‍ സെന്റർ കൊച്ചിയില്‍
Tuesday, July 15, 2025 11:26 PM IST
കൊച്ചി: കൊച്ചിയില്‍ ഐബിഎം ഇക്കോസിസ്റ്റം ഇന്‍കുബേഷന്‍ സെന്റര്‍ (ഇഐസി) ആരംഭിച്ചു. ഉദ്ഘാടനം മന്ത്രി പി. രാജീവ് നിർവഹിച്ചു.
സ്റ്റാര്‍ട്ടപ്പുകള്‍, വ്യവസായ സംരംഭങ്ങള്‍, അക്കാദമിക മേഖലകള്‍ എന്നിവയിലുടനീളമുള്ള നവീകരണം, സംരംഭകത്വം, സഹകരണം എന്നിവ ത്വരിതപ്പെടുത്തുന്നതിനായി രൂപകല്പന ചെയ്തിരിക്കുന്നതാണ് ഇന്‍ഫോപാര്‍ക്ക് ഫേസ് ഒന്നിലെ ഐബിഎമ്മിന്റെ ഇഐസി.
ഐബിഎമ്മിന്റെ ഐഎ, ഓട്ടോമേഷന്‍ സൊല്യൂഷനുകളുടെ നിര്‍മിതിയില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന സോഫ്റ്റ്വേര്‍ ലാബ് കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. നിലവില്‍ ലാബിലുള്ള ജനറേറ്റീവ് എഐ ഇന്നൊവേഷന് സെന്ററിനെ അടിസ്ഥാനമാക്കിയാണു സെന്റര്‍ സജ്ജമാക്കുന്നത്.
ഐബിഎം സോഫ്റ്റ്വേര്‍ സീനിയര്‍ വൈസ് പ്രസിഡന്റ് ദിനേശ് നിര്‍മല്‍, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, കെഎസ്ഐഡിസി എംഡി മിർ മുഹമ്മദ് അലി, എബിഎം ഇന്ത്യ സോഫ്റ്റ്വേര്‍ ലാബ്സ് വൈസ് പ്രസിഡന്റ് വിശാല്‍ ചഹല്‍ എന്നിവര്‍ പങ്കെടുത്തു.
സര്‍ക്കാരിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് എഐ ഉപയോഗപ്പെടുത്തും: മന്ത്രി
കൊച്ചി: സര്‍ക്കാരിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ജനോപകാരപ്രദമായ രീതിയില്‍ ലളിതവത്കരിക്കാന്‍ ജെന്‍ എഐ അടക്കമുള്ള നിര്‍മിതബുദ്ധി ഉപയോഗിക്കുന്നതിന്റെ സാധ്യതകള്‍ തേടുമെന്ന് മന്ത്രി പി. രാജീവ്. സ്വകാര്യത, ഡാറ്റാ സുരക്ഷ എന്നിവയില്‍ വിട്ടുവീഴ്ചയില്ലാതെയാകും ഇത് ഏര്‍പ്പെടുത്തുന്നത്.