കുറഞ്ഞ വിലയിൽ ഒരു ഇ-സ്കൂട്ടർ
Saturday, July 12, 2025 1:20 AM IST
ഓട്ടോസ്പോട്ട് / അരുൺ ടോം
ഇരുചക്ര വാഹന നിർമാതാക്കളായ ഹീറോ മോട്ടോകോർപ്പ് പുതിയ ഇലക്ട്രിക് സ്കൂട്ടർ വിഡ വിഎക്സ്2 വിപണിയിൽ അവതരിപ്പിച്ചു.
വിഎക്സ്2 ഗോ, വിഎക്സ്2 പ്ലസ് എന്നീ വേരിയന്റുകളിലാണ് വാഹനം ലഭ്യമാകുന്നത്. കന്പനിയുടെ ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും താങ്ങാനാവുന്ന വിലയിലുള്ള ഇലക്ട്രിക് വാഹനമാണിത്. കുറഞ്ഞ വിലയിൽ ഇലക്ട്രിക് സ്കൂട്ടർ ആഗ്രഹിക്കുന്നവർക്ക് വേണ്ടിയാണ് ഈ മോഡൽ ഹീറോ മോട്ടോകോർപ്പ് ഇറക്കിയിരിക്കുന്നത്.
വില
വിഎക്സ്2 ഗോയ്ക്ക് 99,490 രൂപയാണ് എക്സ് ഷോറൂം വില. ബാറ്ററി വാടകയ്ക്ക് എടുക്കുന്ന ബാറ്ററി ആസ് എ സർവീസ് (BaaS) സബ്സ്ക്രിപ്ഷൻ പ്ലാനിൽ 59,490 രൂപയ്ക്ക് വാഹനം ലഭ്യമാകും. ഈ പ്ലാൻ കിലോമീറ്ററിന് 0.96 രൂപയിൽ നിന്നാണ് തുടങ്ങുന്നത്. വിഎക്സ്2 പ്ലസിന് ബാറ്ററിയടക്കം 1.10 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില. ബാറ്ററി ആസ് എ സർവീസ് (BaaS) സബ്സ്ക്രിപ്ഷൻ പ്ലാനിൽ 64,990 രൂപയ്ക്ക് വാഹനം ലഭ്യമാകും.
ബാറ്ററി
ഗോ, പ്ലസ് എന്നീ വേരിയന്റുകൾ തമ്മിലുള്ള പ്രധാന വ്യത്യാസം ബാറ്ററി ശേഷിയാണ്. 2.2 കിലോവാട്ട് ശേഷിയുള്ള നീക്കം ചെയ്യാവുന്ന ഒറ്റ ബാറ്ററി പായ്ക്കുമായിയാണ് വിഎക്സ്2 ഗോയുടെ വരവ്. അതേസമയം 3.4 കിലോവാട്ട് ശേഷിയുള്ള നീക്കം ചെയ്യാവുന്ന രണ്ടു ബാറ്ററി പായ്ക്ക് ഓപ്ഷനുകളുമായിയാണ് വിഎക്സ്2 പ്ലസിന്റെ വരവ്. ഗോയ്ക്ക് 92 കിലോമീറ്റർ വരെയും പ്ലസിന് 142 കിലോമീറ്റർ വരെയും ഒറ്റ ചാർജിൽ സഞ്ചരിക്കാനാകുമെന്ന് ഹീറോ മോട്ടോകോർപ്പ് അവകാശപ്പെടുന്നു.
ഫീച്ചർ
എൻട്രി ലെവൽ വേരിയന്റായ വിഎക്സ്2 ഗോയിൽ 4.3 ഇഞ്ച് എൽസിഡി ഡിസ്പ്ലേയാണ് കന്പനി നൽകിയിരിക്കുന്നത്. ഉയർന്ന വേരിയന്റായ വിഎക്സ്2 പ്ലസിൽ 4.3 ഇഞ്ച് ടിഎഫ്ടി ഡിസ്പ്ലേയാണ് ഉള്ളത്. രണ്ട് വേരിയന്റുകളിലും ടേണ്‍-ബൈ-ടേണ്‍ നാവിഗേഷൻ സൗകര്യം നൽകിയിട്ടുണ്ട്. സെഗ്മെന്റിൽ ആദ്യമായി ഇലക്ട്രിക്ക് സ്കൂട്ടറുകളിൽ ക്ലൗഡ് അധിഷ്ഠിത കണക്റ്റിവിറ്റിയും നൽകിയിട്ടുണ്ട്. ഉപയോക്താക്കൾക്ക് സ്കൂട്ടറുകളെ അവരുടെ സ്മാർട്ട്ഫോണുകളുമായി എളുപ്പത്തിൽ ബന്ധിപ്പിക്കാനും കഴിയും.
12 ഇഞ്ച് വീലുകളിൽ ഓടുന്ന വാഹനത്തിന് ഇക്കോ, റൈഡ്, സ്പോർട്് എന്നീ മൂന്ന് മോഡുകളാണുള്ളത്. ഡിസ്ക് ബ്രേക്കുകൾ, 27.2 ലിറ്റർ ശേഷിയുള്ള അണ്ടർ സീറ്റ് സ്റ്റോറേജ്, 6.1 ലിറ്റർ ഫ്രങ്ക് സ്റ്റോറേജ്, എൽജഡി ലൈറ്റുകൾ തുടങ്ങിയ ഫീച്ചറുകളുമുണ്ട്. സ്പ്ലിറ്റ് സീറ്റിന് പകരം സിംഗിൾ പീസ് സീറ്റാണ് നൽകിയിരിക്കുന്നത്.
വാറന്റി
വിഡ വിഎക്സ്2 വേരിയന്റുകൾക്ക് കന്പനി അഞ്ചു വർഷം അല്ലെങ്കിൽ 50,000 കിലോമീറ്റർ സമഗ്ര വാറന്റിയാണ് നൽകുന്നത്. നീല, കറുപ്പ്, മഞ്ഞ, ചുവപ്പ്, വെള്ള, ചാര, ഓറഞ്ച് എന്നീ നിറങ്ങളിലാണ് വാഹനം ലഭ്യമാകുന്നത്.
ബജാജ് ചേതക്, ടിവിഎസ് ഐക്യൂബ്, ഒല ഇലക്ട്രിക് എന്നിവരാണ് വിപണിയിൽ എതിരാളികൾ.
വില : 59,490
മൈലേജ്: 92 കിലോമീറ്റർ