എഐ മാജിക് റിമോട്ടുമായി എൽജിയുടെ പുതിയ ടിവികൾ
Monday, July 14, 2025 11:36 PM IST
ന്യൂഡൽഹി: നിർമിതബുദ്ധിയിലൂടെ പ്രേക്ഷകരുടെ ദൃശ്യാനുഭവം മനോഹരമാക്കാൻ എഐ സാങ്കേതികവിദ്യയിൽ ഊർജിതമായ നെക്സ്റ്റ് ജനറേഷൻ ടെലിവിഷനുകൾ എൽജി അവതരിപ്പിച്ചു. എൽജിയുടെ എറ്റവും പുതിയ ആൽഫ എഐ പ്രോസസർ 2 സാങ്കേതികവിദ്യയുള്ള ഒഎൽഇഡി ഇവോ, ക്യൂഎൻഇഡി ഇവോ എന്നീ മോഡലുകളാണ് ന്യൂഡൽഹിയിൽ അവതരിപ്പിച്ചത്.
ഉപയോക്താക്കളുടെ ശബ്ദം തിരിച്ചറിഞ്ഞ് അവർക്കാവശ്യമായ ഉള്ളടക്കങ്ങൾ നൽകുന്ന ‘എഐ വോയ്സ് ഐഡി’ ബട്ടണ്‍ അടങ്ങുന്ന ‘എഐ മാജിക് റിമോട്ട്’ ആണ് പുതിയ ടിവികളിലെ പ്രധാന ആകർഷണം. ഒരു ടിവി ഒന്നിൽക്കൂടുതൽ പേർ ഉപയോഗിക്കുന്നുണ്ടെങ്കിൽ ഏത് ഉപയോക്താവാണു ടിവി ഉപയോഗിക്കുന്നതെന്ന് എഐ വോയ്സ് ഐഡി തനിയെ ശബ്ദത്തിലൂടെ തിരിച്ചറിയും. ശബ്ദം തിരിച്ചറിഞ്ഞാണ് ടിവി അതിലെ ഉള്ളടക്കങ്ങളും ശിപാർശ ചെയ്യുന്നത്.
രാജ്യത്ത് ആദ്യമായാണു എഐ വോയ്സ് ഐഡി ടിവിയിൽ അവതരിപ്പിക്കുന്നതെന്ന് എൽജി അധികൃതർ അവകാശപ്പെട്ടു. നിർമിത ബുദ്ധിയിലൂന്നിയുള്ള സെർച്ച് ഓപ്ഷനിലും കീവേഡുകൾ ഉപയോഗിച്ചു ബുദ്ധിപരമായ ശിപാർശകൾ നൽകാൻ ടിവികൾക്ക് കഴിയും. ഉദാഹരണമായി മുങ്ങുന്ന ഒരു കപ്പലിനെക്കുറിച്ചുള്ള സിനിമ സെർച്ച് ചെയ്താൽ ടിവി ‘ടൈറ്റാനിക്’ മുതലായ സിനിമകൾ ശിപാർശ ചെയ്യും.
ഈ മാസം മുതൽ വില്പന ആരംഭിക്കുന്ന ടിവികൾ രാജ്യത്തുടനീളമുള്ള റീട്ടെയിൽ ഔട്ട്ലറ്റുകളിലും എൽജി.കോം ഉൾപ്പെടെയുള്ള ഓണ്‍ലൈൻ പ്ലാറ്റ്ഫോമുകളിലും ലഭ്യമാണ്. ക്യുഎൻഇഡി വിഭാഗത്തിന്റെ വില 74,990 രൂപ മുതലും ഒഎൽഇഡി ഇവോ വിഭാഗത്തിന്റേത് 149,990 രൂപ മുതലുമാണ് ആരംഭിക്കുന്നത്.