പണപ്പെരുപ്പം 2.10%
Monday, July 14, 2025 11:36 PM IST
ന്യൂഡൽഹി: ഇന്ത്യയിൽ ഉപഭോക്തൃ വിലസൂചികയെ (സിപിഐ) അടിസ്ഥാനമാക്കിയുള്ള ചില്ലറ പണപ്പെരുപ്പം (റീട്ടെയ്ൽ ഇൻഫ്ലേഷൻ) ആറു വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കിൽ. 2.10 ശതമാനമാണ് ജൂണിൽ രേഖപ്പെടുത്തിയത്.
മേയിലെ നിരക്കിനേക്കാൾ 72 ബേസിസ് പോയിന്റ് കുറവാണ് ജൂണിൽ രേഖപ്പെടുത്തിയത്. റിസർവ് ബാങ്കിന്റെ ഇടക്കാല ലക്ഷ്യമായ നാലു ശതമാനത്തിൽ താഴെ പണപ്പെരുപ്പമെത്തുന്നത് തുടർച്ചയായ അഞ്ചാം മാസമാണ്.
2019 ജനുവരിക്കുശേഷമുള്ള (1.97%) ഏറ്റവും കുറഞ്ഞ പണപ്പെരുപ്പ നിരക്കാണിത്. തുടർച്ചയായ രണ്ടാം മാസമാണ് പണപ്പെരുപ്പ നിരക്ക് മൂന്നു ശതമാനത്തിൽ താഴെയെത്തുന്നത്. മേയിൽ 2.82 ശതമാനമായിരുന്നു പണപ്പെരുപ്പം. 2024 ജൂണിൽ ഇത് 5.08 ശതമാനത്തിലായിരുന്നു. ഭക്ഷ്യവസ്തുക്കളുടെ വിലയിലുണ്ടായ കുറവാണ് ചില്ലറ പണപ്പെരുപ്പം താഴ്ന്ന നിലയിലെത്തിച്ചത്.
ഉപഭോക്തൃ ഭക്ഷ്യവില സൂചിക (സിഎഫ്പിഐ) അടിസ്ഥാനമാക്കിയുള്ള ഭക്ഷ്യ പണപ്പെരുപ്പം ജൂണിൽ -1.06 ശതമാനത്തിലേക്കു താഴ്ന്നു. മേയിൽ 0.99 ശതമാനത്തിലായിരുന്നു. ഗ്രാമീണ, നഗര മേഖലയിയും ഭക്ഷ്യ പണപ്പെരുപ്പം കുത്തനെ ഇടിഞ്ഞു. പച്ചക്കറികൾ, പയർ, ധാന്യങ്ങൾ, ഇറച്ചി, മത്സ്യം, പഞ്ചസാര, പാൽ, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയുടെ വിലയിലുണ്ടായ ഇടിവാണ് 2019 ജനുവരിക്കുശേഷമുള്ള ഏറ്റവും കുറഞ്ഞ ഭക്ഷ്യ പണപ്പെരുപ്പത്തിനു കാരണമായത്.
ഗ്രാമീണ മേഖലയിലെ പണപ്പെരുപ്പവും ഭക്ഷ്യ പണപ്പെരുപ്പവും ജൂണിൽ കുറഞ്ഞു. റീട്ടെയ്ൽ പണപ്പെരുപ്പം മേയിലെ 2.59 ശതമാനത്തിൽനിന്ന് ജൂണിൽ 1.72 ആയി. സിഎഫ്പിഐ അടിസ്ഥാനമാക്കിയുള്ള ഭക്ഷ്യ പണപ്പെരുപ്പം ജൂണിൽ -92 ശതമാനത്തിലെത്തി. മേയിൽ 0.95 ശതമാനമായിരുന്നു.
നഗരമേഖലയിലും കുത്തനെയുള്ള ഇടിവ് പ്രകടമായി. മുഖ്യപണപ്പെരുപ്പം മേയിലെ 3.12 ശതമാനത്തിൽനിന്ന് ജൂണിൽ 2.56 ശതമാനത്തിലെത്തി. ഭക്ഷ്യപണപ്പെരുപ്പം മേയിലെ 1.01 ശതമാനത്തിൽനിന്ന് ജൂണിൽ -1.22 ശതമാനമായി.
മൊത്തവില പണപ്പെരുപ്പം ജൂണിൽ -0.13%
ഇന്ത്യയുടെ മൊത്ത വില പണപ്പെരുപ്പ സൂചിക ജൂണിൽ ഇടിഞ്ഞു. വാർഷികാടിസ്ഥാനത്തിൽ ജൂണിലെ മൊത്ത വില സൂചിക -0.13 ശതമാനത്തിലെത്തി. മേയിൽ 0.39 ശതമാനമാണ് രേഖപ്പെടുത്തിയത്. 21 മാസത്തിനുശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണ് ജൂണിലേത്.
ഭക്ഷ്യവസ്തുക്കൾ, മിനിറൽ ഓയിലുകൾ, അടിസ്ഥാന ലോഹങ്ങളുടെ നിർമാണം, അസംസ്കൃത പെട്രോളിം, പ്രകൃതി വാതകം എന്നിവയുടെ വിലയിലുണ്ടായ കുറവാണ് പണപ്പെരുപ്പം നെഗറ്റീവ് നിലയിലെത്തിച്ചത്.
ഉയർന്ന പണപ്പെരുപ്പ നിരക്ക്: കേരളം മുന്നിൽ
ഉയർന്ന പണപ്പെരുപ്പ നിരക്കിൽ കേരളം മുന്നിൽ തുടരുന്നു. 6.71 ശതമാനവുമായാണ് കേരളം മുന്നിലെത്തിയത്. ഭക്ഷ്യസാധനങ്ങളുടെയും അവശ്യസാധനങ്ങളുടെയും വിലക്കയറ്റമാണ് ദേശീയ ശരാശരിയേക്കാൾ കേരളത്തെ വളരെ മുന്നിലെത്തിക്കുന്നത്.
പഞ്ചാബ് (4.671%), ജമ്മു കാഷ്മീർ (4.38%), ഉത്തരാഖണ്ഡ് (3.40%), ഹരിയാന (3.10%), എന്നീ സംസ്ഥാനങ്ങളാണ് കേരളത്തിനു പിന്നിൽ. -0.93 ശതമാനവുമായി തെലുങ്കാനയാണ് ഏറ്റവും കുറഞ്ഞ പണപ്പെരുപ്പമുള്ള സംസ്ഥാനം. പൂജ്യശതമാനവുമായി ആന്ധ്രാപ്രദേശാണ് രണ്ടാമത്.
12 സംസ്ഥാനങ്ങളിൽ പണപ്പെരുപ്പ നിരക്ക് ദേശീയ ശരാശരിയേക്കാൾ താഴെയാണ്.