തൊഴിലില്ലായ്മ നിരക്ക് ഉയർന്നു
Friday, October 17, 2025 11:24 PM IST
ന്യൂഡൽഹി: രാജ്യത്ത് തൊഴിലില്ലായ്മ നിരക്കിൽ ഉയർച്ച. ഓഗസ്റ്റിലെ 5.1 ശതമാനത്തിൽനിന്ന് സെപ്റ്റംബറിൽ 5.2 ശതമാനത്തിലേക്കാണ് നിരക്ക് ഉയർന്നത്. നഗരമേഖലകളിൽ നിരക്കിൽ വലിയ മാറ്റമില്ലെങ്കിലും ഗ്രാമീണ മേഖലകളിൽ തൊഴിലില്ലായ്മ വർധിക്കുന്നുവെന്ന് ഏറ്റവും പുതിയ പീരിയോഡിക് ലേബർ ഫോഴ്സ് സർവേയുടെ കണക്കുകൾ വ്യക്തമാക്കുന്നു.
ഗ്രാമീണ മേഖലയിലെ മാന്ദ്യവും വിവിധ മേഖലകളിൽ പുരുഷന്മാർക്കും സ്ത്രീകൾക്കുമുണ്ടായ തൊഴിലില്ലായ്മയുടെ വർധനവുമാണ് ഈ നിരക്ക് പ്രതിഫലിപ്പിക്കുന്നത്. രാജ്യത്ത് വിവിധ മേഖലകളിൽ സ്ത്രീ, പുരുഷന്മാരുടെ ഇടയിൽ തൊഴിലില്ലായ്മ കൂടിയിട്ടുണ്ട്.
മൊത്തത്തിൽ പുരുഷന്മാരിലെ തൊഴിലില്ലായ്മ അഞ്ചു ശതമാനത്തിൽനിന്ന് 5.1 ശതമാനമായി ഉയർന്നു. വനിതകളിലെ തൊഴിലില്ലായ്മ 5.5 ശതമാനത്തിലേക്കാണ് വർധിച്ചത്. ഓഗസ്റ്റിൽ ഇത് 5.2 ശതമാനമായിരുന്നു.
ഗ്രാമീണ മേഖലയിൽ ഉയർന്നു
ഗ്രാമീണ മേഖലയിലെ തൊഴിലില്ലായ്മ ഓഗസ്റ്റിൽ 4.3 ശതമാനമായിരുന്നു. ഇത് 4.6 ശതമാനമായി ഉയർന്നു. പുരുഷന്മാരിലെ തൊഴിലില്ലായ്മ ഗ്രാമീണ ഇടങ്ങളിൽ 4.5 ശതമാനത്തിൽ നിന്ന് 4.7 ആയി ഉയർന്നു. വനിതകളിൽ ഓഗസ്റ്റിലെ 5.2 ശതമാനത്തിൽ നിന്ന് 5.5 ശതമാനമായി കൂടി.
നഗരങ്ങളിൽ നേരിയ വർധന
നഗരമേഖലകളിലെ തൊഴിലില്ലായ്മയിൽ നേരിയ വർധനവുണ്ടായി. 6.7 ശതമാനത്തിൽനിന്ന് 6.8 ശതമാനത്തിലേക്കെത്തി. സ്ത്രീകളിലാണ് തൊഴിലില്ലായ്മ നിരക്ക് ഏറ്റവും കൂടുതൽ. ഓഗസ്റ്റിലെ 8.9 ശതമാനത്തിൽ നിന്ന് 9.3 ശതമാനമായിട്ടാണ് സ്ത്രീകളിലെ തൊഴിലില്ലായ്മ ഉയർന്നത്. പുരുഷന്മാരിൽ ഇത് ആറ് ശതമാനമാണ്. 5.9 ശതമാനത്തിൽ നിന്ന് നേരിയ വർധന.
യുവാക്കളിലും നിരക്ക് ഉയർന്നു
15 മുതൽ 29 വയസ് വരെയുള്ളവരിലെ തൊഴിലില്ലായ്മ നിരക്ക് മൂന്നു മാസത്തെ ഉയർന്ന നിലയിലാണ്. 14.6 ശതമാനത്തിൽ നിന്ന് 15 ശതമാനമായി വർധിച്ചു. ഉത്സവസീസണ് ആയതോടെ വരും മാസങ്ങളിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണ് കരുതുന്നത്.
എൽഎഫ്പിആർ വർധിച്ചു
തൊഴിൽ ചെയ്യുന്നവരോ സജീവമായി ജോലി അന്വേഷിക്കുന്നവരോ ആയ ജനസംഖ്യയുടെ വിഹിതമായ ലേബർ ഫോഴ്സ് പാർട്ടിസിപ്പേഷൻ റേറ്റ് (എൽഎഫ്പിആർ) സെപ്റ്റംബറിൽ അഞ്ച് മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 55.3 ശതമാനമായി വർധിച്ചു. ഓഗസ്റ്റിൽ 55 ശതമാനമായിരുന്നു. ഗ്രാമപ്രദേശത്ത് 57 ശതമാനത്തിൽനിന്ന് 57.4 ശതമാനത്തിലേക്ക് ഉയർന്ന പ്പോൾ നഗരപ്രദേശങ്ങളിൽ മാറ്റമില്ലാതെ 50.9 ശതമാനത്തിൽ നിലനിന്നു.
വനിതകളുടെ എൽഎഫ്പിആർ 34.1 ശതമാനമായി ഉയർന്നു. ഈ വർഷം മേയ് മാസത്തിനുശേഷമുള്ള വർധനവാണ്. പുരുഷന്മാരുടെ എൽഎഫ്പിആറിൽ നേരിയ ഉയർച്ചയുണ്ടായി. 77 ശതമാനത്തിൽനിന്ന് 77.1 ശതമാനമായി.
ഗ്രാമപ്രദേശങ്ങളിൽ പുരുഷന്മാരുടെ പങ്കാളിത്തം 77.9 ശതമാനത്തിൽനിന്ന് 78.1 ശതമാനത്തിലേക്കും വനിതകളുടേത് 37.4 ശതമാനത്തിൽനിന്ന് 37.9 ശതമാനത്തിലേക്കും ഉയർന്നു. ഇതിനു വിപരീതമായി, നഗരങ്ങളിലെ പുരുഷ പങ്കാളിത്തം നേരിയ തോതിൽ കുറഞ്ഞ് 75.3 ശതമാനമായി, അതേസമയം സ്ത്രീ പങ്കാളിത്തം 26.1 ശതമാനത്തിൽ സ്ഥിരത പുലർത്തി.
യുവാക്കളിലെ പങ്കാളിത്തം 41.3 ശതമാനമായി നാലു മാസത്തെ ഉയർന്ന നിലയിലെത്തി. വനിതകളുടെ പങ്കാളിത്തം 21.7 ശതമാനത്തിലേക്ക് ഉയർന്നതാണ് ഇതിനു കാരണമായത്. യുവ പുരുഷന്മാരുടെ പങ്കാളിത്തം 60.7 ശതമാനത്തിൽ തന്നെ മാറ്റമില്ലാതെ തുടരുന്നു.