രണ്ടാംപാദം: സൗത്ത് ഇന്ത്യൻ ബാങ്കിന് 351 കോടിയുടെ റിക്കാർഡ് അറ്റാദായം
Thursday, October 16, 2025 11:22 PM IST
കൊച്ചി: 2025-26 സാന്പത്തികവർഷത്തെ രണ്ടാംപാദത്തിൽ 351.36 കോടി രൂപയുടെ റിക്കാർഡ് അറ്റാദായം രേഖപ്പെടുത്തി സൗത്ത് ഇന്ത്യൻ ബാങ്ക്.
മുൻവർഷത്തെ രണ്ടാംപാദത്തെ അപേക്ഷിച്ച് ഇത്തവണ എട്ടു ശതമാനത്തിന്റെ വർധന. മുൻവർഷം 324.69 കോടി രൂപയായിരുന്നു അറ്റാദായം. ബാങ്കിന്റെ മൊത്ത നിഷ്ക്രിയആസ്തി മുൻ വർഷത്തെ 4.40 ശതമാനത്തിൽനിന്നു 2.93 ശതമാനമായി കുറഞ്ഞു.
പലിശയിതര വരുമാനം 26 ശതമാനം വളർച്ചയോടെ 515.73 കോടിയായി. എഴുതിത്തള്ളലിനുപുറമേയുള്ള കിട്ടാക്കടങ്ങളുടെ നീക്കിയിരിപ്പ് അനുപാതം 81.29 ശതമാനമായും എഴുതിത്തള്ളൽ ഉൾപ്പെടുത്തിയുള്ള കിട്ടാക്കടങ്ങളുടെ നീക്കിയിരുപ്പ് അനുപാതം 90.25 ശതമാനമായും വർധിച്ചു.ആസ്തിവരുമാന അനുപാതത്തിൽ ഒരു ശതമാനത്തിനു മുകളിലാണു വളർച്ച.
റീട്ടെയിൽ നിക്ഷേപങ്ങൾ 11 ശതമാനം വളർച്ചയോടെ 1,12,625 കോടിയായി. പ്രവാസിനിക്ഷേപം ഒന്പതു ശതമാനം വർധിച്ച് 33,195 കോടിയായി. മുൻവർഷം ഈ കാലയളവിൽ ഇത് 30,488 കോടി രൂപയായിരുന്നു.
കറന്റ്-സേവിംഗ്സ് അക്കൗണ്ട് നിക്ഷേപം 10 ശതമാനം വാർഷികവളർച്ച നേടി (കറണ്ട് അക്കൗണ്ട് 11 ശതമാനം, സേവിംഗ്സ് അക്കൗണ്ട് 10 ശതമാനം). മൊത്തവായ്പാവിതരണം ഒന്പതുശതമാനം വളർച്ച കൈവരിച്ച് 84,714 കോടിയിൽനിന്ന് 92,286 കോടിയായി. കോർപറേറ്റ് വിഭാഗം ഒന്പതു ശതമാനം വാർഷികവളർച്ചയോടെ 33,961 കോടി രൂപയിൽനിന്ന് 37,008 കോടി രൂപയിലെത്തി.
എ അല്ലെങ്കിൽ അതിനു മുകളിൽ റേറ്റിംഗ് ഉള്ള കോർപറേറ്റ് വായ്പാവിതരണം 3,825 കോടി രൂപ വർധിച്ച് 20,679 കോടിയിൽനിന്ന് 24,503 കോടി രൂപയിലെത്തി. ബിസിനസ് വായ്പകൾ നാലു ശതമാനം വളർച്ചയോടെ 13,424 കോടിയായി. സ്വർണവായ്പ 16,609 കോടിയിൽനിന്ന് 18,845 കോടി രൂപയായി. 13 ശതമാനം വളർച്ച. ഭവനവായ്പ 25 ശതമാനം വാർഷികവളർച്ചയോടെ 8,849 കോടി രൂപയിലെത്തി. വാഹനവായ്പ 25 ശതമാനം വാർഷികവളർച്ചയോടെ 2,288 കോടിയുമായി.
സൗത്ത് ഇന്ത്യൻ ബാങ്ക് പിന്തുടരുന്ന കൃത്യമായ നയങ്ങളുടെ തുടർച്ചയായി, ശക്തമായ ബിസിനസ് പ്രകടനമാണ് ഇക്കാലയളവിൽ കാഴ്ചവച്ചതെന്നു സൗത്ത് ഇന്ത്യൻ ബാങ്ക് എംഡിയും സിഇഒയുമായ പി.ആർ. ശേഷാദ്രി പറഞ്ഞു.
സുസ്ഥിരവളർച്ച, വിവേകപൂർണമായ റിസ്ക് മാനേജ്മെന്റ്, മുഴുവൻ ഓഹരി ഉടമകൾക്കുമുള്ള സാന്പത്തികനേട്ടം എന്നിവയിലുള്ള ബാങ്കിന്റെ തുടർച്ചയായ പ്രതിബദ്ധതയാണ് ഈ സമീപനം പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.