ജ്വല്ലറികളിലെ വെയിംഗ് ബാലന്‍സുകള്‍ ഒരു മില്ലി അക്യുറസിയിലേക്കു മാറ്റാന്‍ സമയം അനുവദിക്കണമെന്ന്
Saturday, October 18, 2025 11:52 PM IST
കൊച്ചി: സ്വര്‍ണവ്യാപാര ശാലകളിലെ വെയിംഗ് ബാലന്‍സുകള്‍ 10 മില്ലി അക്യുറസിയില്നിന്നും ഒരു മില്ലി അക്യുറസിയിലേക്കു മാറ്റുന്നതിന് മതിയായ സമയം അനുവദിക്കണമെന്ന് ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന്. ആവശ്യം ഉന്നയിച്ച് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന് മന്ത്രി ജി.ആര്. അനിലിനു നിവേദനം നല്കി.
കേരളത്തിലെ സ്വര്‍ണവ്യാപാര മേഖലയില്‍ ഒരു ലക്ഷത്തിലധികം വെയിംഗ് ബാലന്‍സാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്. 10 മില്ലി അക്യുറസിയില്നിന്നും ഒരു മില്ലി അക്യുറസിയിലേക്കു ബാലന്‍സുകളുടെ മാറ്റം വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കും. 650 കോടിയിലധികം രൂപയുടെ അധിക ബാധ്യതയാണ് ഇതുമൂലം സ്വര്‍ണാഭരണ മേഖലയ്ക്ക് ഉണ്ടാകുക.
ഇപ്പോള്‍ ഉപയോഗിച്ചുവരുന്ന 10 മില്ലി വെയിംഗ് ബാലന്‍സില്‍ തന്നെയാണു പുതിയ സ്വര്‍ണം വില്‍ക്കുന്നതും പഴയ സ്വര്‍ണം തിരിച്ചെടുക്കുന്നതും. ഒരുതരത്തിലുള്ള നഷ്ടവും ഉപഭോക്താക്കള്‍ക്കു വരുന്നില്ല. ചട്ടങ്ങളും നിയമങ്ങളും ഉണ്ടാക്കുന്നതിന് കാലതാമസം വരുമെന്നും ആവശ്യമായ സമയം അനുവദിക്കുമെന്നും മന്ത്രി നിവേദകസംഘത്തിന് ഉറപ്പ് നല്കി.
സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.എസ്. അബ്ദുൾ നാസര്‍, വര്‍ക്കിംഗ് ജനറല്‍ സെക്രട്ടറി ബി. പ്രേമാനന്ദ്, സംസ്ഥാന സെക്രട്ടറി എസ്. പളനി, സംസ്ഥാന കൗണ്‍സില്‍ അംഗം വിജയകൃഷ്ണാ വിജയന് എന്നിവരാണു നിവേദകസംഘത്തില്‍ ഉണ്ടായിരുന്നത്.