നിക്ഷേപ പ്രതീക്ഷയിൽ ഓഹരിവിപണി
ഓഹരി അവലോകനം / സോണിയ ഭാനു
Monday, October 20, 2025 12:28 AM IST
ദീപാവലി വേളയിൽ ഇന്ത്യൻ ഓഹരി ഇൻഡക്സുകൾ തിളങ്ങുമെന്ന് വ്യക്തമായതോടെ ഉത്സാഹം കാണിക്കാതെ അകന്നു കളിച്ച വിദേശ ഓപ്പറേറ്റർമാർ നിക്ഷേപകരായി. മുൻനിര ഇൻഡക്സുകൾ തുടർച്ചയായ മൂന്നാം വാരത്തിലും മികവ് കാണിച്ചു, ബാങ്ക് നിഫ്റ്റി ഇൻഡക്സ് സർവകാല റിക്കാർഡിലേക്ക് പ്രവേശിച്ചു. ഈ വാരം നിഫ്റ്റി റിക്കാർഡ് പ്രകടനം കാഴ്ചവയ്ക്കുമെന്ന പ്രതീക്ഷയിലാണു നിക്ഷേപകർ. നിഫ്റ്റി സൂചിക 424 പോയിന്റും സെൻസെക്സ് 1451 പോയിന്റും പ്രതിവാര മികവിലാണ്, രണ്ട് സൂചികയും ഒന്നര ശതമാനത്തിൽ അധികം കഴിഞ്ഞവാരം മുന്നേറി.
ഹിന്ദു കലർണ്ടർ വർഷമായ വിക്രം സംവത്ത് 2082നെ വരവേൽക്കാൻ വിപണി ഒരുങ്ങി. നാളെ ഉച്ചയ്ക്ക് നടക്കുന്ന മുഹൂർത്ത വ്യാപാരത്തിനു തയാറെടുക്കുകയാണു നിക്ഷേപർ. 2081 സംവത് വർഷത്തിൽ ബോംബെ സെൻസെക്സ് 5.3 ശതമാനവും നിഫ്റ്റി സൂചിക ആറ് ശതമാനം ഉയർന്നു. സംവത് വർഷത്തിൽ ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ 4.7 ട്രില്യൺ രൂപയാണു നിക്ഷേപിച്ചത്.
രാജ്യാന്തര വിപണിയിൽ നിന്നുള്ള പ്രതികൂല വാർത്തകളുടെ വേലിയേറ്റം ഒരു പരിധി വരെ ഇന്ത്യൻ കുതിപ്പിനെ തടഞ്ഞു. അതേസമയം പാക്കിസ്ഥാനുമായി നടന്ന സംഘർഷങ്ങൾ വിപണിയുടെ അടിത്ത കൂടുതൽ ശക്തമാക്കി. ട്രംപിന്റെ ഭീഷണികൾ ഇന്ത്യ എഴുതിത്തള്ളിയ അവസ്ഥയിലാണ്. ഇന്ത്യൻ ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവകൾ കുത്തനെ ഉയർത്തിയെങ്കിലും അതിനെ അതിജീവിക്കുമെന്ന ആത്മവിശ്വാസം ധനമന്ത്രാലയം നിലനിർത്തിയത് രാജ്യാന്തര ഫണ്ടുകളെ ആകർഷിച്ചു.
റഷ്യൻ ക്രൂഡ് ഓയിൽ ഇറക്കുമതി ഉയർത്തി എണ്ണ ഇറക്കുമതി ചെലവ് പതിനാലു ശതമാനം കുറച്ചത് സാമ്പത്തിക മേഖലയുടെ വളർച്ചയ്ക്ക് വേഗത പകരും. അതേസമയം ഡോളറിനു മുന്നിൽ രൂപയുടെ മൂല്യം ഒരു വർഷകാലയളവിൽ ഇടിഞ്ഞു, ഈ ഇടിവ് ഒറ്റപ്പെട്ട സംഭവുമല്ല, മുൻനിര കറൻസികൾ എല്ലാംതന്നെ പിന്നിട്ട ഏതാനും മാസങ്ങളായി കനത്ത ചാഞ്ചാട്ടത്തിന്റെ പിടിയിലാണ്. യുഎസ് ഭീഷണി തന്നെയാണ് വിദേശ ഫണ്ടുകളെ ഇന്ത്യയിൽ വില്പനക്കാരാക്കിയതും. അവരുടെ പിൻമാറ്റത്തിനിടയിൽ രൂപ വിറ്റ് ഡോളർ ശേഖരിക്കാൻ കാണിച്ച തിടുക്കം തിരിച്ചടിയായി.
നിഫ്റ്റി സൂചിക 25,285 പോയിന്റിൽ ട്രേഡിംഗ് പുനരാരംഭിച്ചെങ്കിലും വാങ്ങൽ താത്പര്യം ഉയരാഞ്ഞതു മൂലം തുടക്കത്തിൽ തളർന്നതോടെ കഴിഞ്ഞവാരം വ്യക്തമാക്കിയ 25,044ലെ താങ്ങിൽ പരീക്ഷണത്തിനു മുതിർന്നു, ഒരു വേള 25,063 വരെ താഴ്ന്ന അവസരത്തിൽ ഫണ്ടുകളിൽ ഉടലെടുത്ത ശക്തമായ വാങ്ങൽ താത്പര്യത്തിൽ സൂചിക 25,442ലെ ആദ്യ പ്രതിരോധം തകർത്തുവെന്ന് മാത്രമല്ല രണ്ടാം പ്രതിരോധമായി സൂചിപ്പിച്ച 25,600 പോയിന്റ് കടന്ന് 25,781 വരെ സഞ്ചരിച്ചു. വാരാന്ത്യം വിപണി 25,709 പോയിന്റിലാണ്. ഈ വാരം ആദ്യ പ്രതിരോധം 25,972ലാണ്, ഇത് മറികടന്നാലും 26,235 പോയിന്റിൽ വീണ്ടും തടസം ഉടലെടുക്കാം.
ദീപാവലി വേളയായതിനാൽ നിക്ഷേപകർ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. മുൻനിര ഓഹരികളിൽ അവർ പിടിമുറുക്കിയാൽ 26,277ലെ റിക്കാർഡ് തകർക്കാൻ നിഫ്റ്റിക്കാവും. അമേരിക്കൻ ഭീഷണികൾ പലതും നിലനിൽക്കുമ്പോഴും ആഭ്യന്തര ഫണ്ടുകളുടെ നിറഞ്ഞ സാന്നിധ്യം പ്രദേശിക നിക്ഷേപകർക്ക് പ്രതീക്ഷ സമ്മാനിച്ചു. ഈ വാരം നിഫ്റ്റിക്ക് 25,254 - 24,799 റേഞ്ചിൽ സപ്പോർട്ടുണ്ട്. സാങ്കേതിക വശങ്ങൾ ബുള്ളിഷെങ്കിലും വിവിധ ഇൻഡിക്കേറ്ററുകൾ ഓവർ ബോട്ടായതിനാൽ ലാഭമെടുപ്പിനുള്ള സാധ്യതകൾ തള്ളിക്കളയാനാവില്ല.
നിഫ്റ്റി ഫ്യൂച്ചേഴ്സ് ഒക്ടോബർ സീരീസ് 25,411ൽനിന്നും ഒന്നര ശതമാനം ഉയർന്ന് 25,849 വരെ കയറിയ ശേഷം 25,758ലാണ്. വിപണിയിലെ ഓപ്പൺ ഇന്ററസ്റ്റ് തൊട്ട് മുൻവാരത്തിലെ 175 ലക്ഷം കരാറുകളിൽനിന്നും 199 ലക്ഷമായെങ്കിലും 25,850ൽ പ്രതിരോധം തലയുയർത്താൻ ഇടയുള്ളതിനാൽ പ്രോഫിറ്റ് ബുക്കിംഗിനു നീക്കം നടക്കാം.
സെൻസെക്സ് തൊട്ട് മുൻവാരത്തിലെ 82,500 പോയിന്റിൽനിന്നും വാരത്തിന്റെ ആദ്യ പകുതിയിൽ 81,771 വരെ താഴ്ന്ന ശേഷമുള്ള തിരിച്ചുവരവിൽ 83,566 പ്രതിരോധം തകർത്ത് 84,172 വരെ കയറി, വാരാന്ത്യം 83,952 പോയിന്റിലാണ്. ഈ വാരം സെൻസെക്സിന് 84,825 – 85,699 പോയിന്റിൽ പ്രതിരോധമുണ്ട്, ഉയർന്ന റേഞ്ചിൽ ലാഭമെടുപ്പിനു നീക്കം നടന്നാൽ 82,424ൽ ആദ്യ താങ്ങ് പ്രതീക്ഷിക്കാം.
നിഫ്റ്റി ബാങ്ക് സൂചിക വാരാന്ത്യം ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലവാരമായ 57,828.30 വരെ കയറി, വിപണി ജൂലൈ ആദ്യം രേഖപ്പെടുത്തിയ 57,628.40 ലെ റിക്കാർഡാണു മറികടന്നത്.
ആഭ്യന്തര ഫണ്ടുകൾ 27-ാം വാരവും നിക്ഷേപകരാണ്. ദീപാവലി വേളയായതിനാൽ മുൻവാരം സൂചിപ്പിച്ച പോലെ തന്നെ നിക്ഷേപ താത്പര്യം ഉയർന്നു. പിന്നിട്ട വാരം അവർ 16,247 കോടി രൂപയുടെ ഓഹരികൾ വാങ്ങി. ഇതോടെ ഒക്ടോബറിലെ അവരുടെ മൊത്തം നിക്ഷേപം 28,043.64 കോടി രൂപയായി. സെപ്റ്റംബറിലെ ആഭ്യന്തര ഫണ്ടുകളുടെ മൊത്തം വാങ്ങൽ 65,338.59 കോടി രൂപയാണ്. വിദേശ ഫണ്ടുകൾ രണ്ട് ദിവസങ്ങളിലായി 1748.63 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചെങ്കിലും പിന്നീട് വാങ്ങലുകാരായി 1564 കോടി രൂപ നിക്ഷേപിച്ചു.
വിദേശ ഓപ്പറേറ്റർമാർ വില്പന കുറച്ചത് ഫോറെക്സ് മാർക്കറ്റിൽ രൂപയുടെ തിരിച്ചുവരവിന് അവസരം ഒരുക്കി. രൂപ 88.78ൽനിന്നും 87.58ലേക്ക് ശക്തിപ്രാപിച്ചെങ്കിലും വാരാന്ത്യം രൂപ 87.95ലാണ്. മൂന്നാഴ്ചയോളം രൂപയുടെ മൂല്യം നേരിയ റേഞ്ചിൽ നീങ്ങിയ ശേഷമാണു കരുത്ത് വീണ്ടെടുത്തത്. സാങ്കേതിക ചലനങ്ങൾ നിരീക്ഷിച്ചാൽ 86.91ലേക്ക് മികവിനു ശ്രമിക്കാം.
ക്രൂഡ് ഓയിലിന് ഇടിവ്
രാജ്യാന്തര ക്രൂഡ് ഓയിൽ വില ബാരലിന് 61 ഡോളറായി താഴ്ന്നു. മൂന്നാം വാരമാണ് എണ്ണവില താഴുന്നത്. റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതിയിൽനിന്നും ഇന്ത്യ പിൻമാറുമെന്ന അമേരിക്ക പ്രസിഡന്റ് വെളിപ്പെടുത്തൽ ഇന്ത്യ കാറ്റിൽ പറത്തി. നിലവിൽ എറ്റവും കൂടുതൽ ക്രൂഡ് ഓയിൽ ഇറക്കുമതി റഷ്യയിൽ നിന്നാണ്.
സെപ്റ്റംബറിൽ പ്രതിദിനം 16 ലക്ഷം ബാരൽ എണ്ണ ഇറക്കുമതി നടത്തിയിരുന്നത് ഈ മാസം 20 ലക്ഷം ബാരലായി ഉയർത്തി. രാജ്യാന്തര വിലയിലും ഒന്നര മുതൽ രണ്ട് ഡോളർ വരെ വില കുറച്ചാണ് അവർ ഇന്ത്യക്ക് വിൽപ്പന നടത്തിയിരുന്നത്, ഇപ്പോൾ മൂന്നര മുതൽ അഞ്ച് ഡോളർ വരെ വില കുറച്ചിട്ടുണ്ട്. റഷ്യൻ എണ്ണയുടെ പേരിൽ 50 ശതമാനം തീരുവയാണ് ഇന്ത്യക്കുമേൽ അമേരിക്ക അടിച്ചേൽപ്പിച്ചത്.
സ്വർണത്തിനു ചാഞ്ചാട്ടം
ആഗോള വിപണിയിൽ സ്വർണം പുതിയ റിക്കാർഡ് സ്ഥാപിച്ച ശേഷം സാങ്കേതിക തിരുത്തലിലേക്കു വഴുതി. ന്യൂയോർക്കിൽ ട്രോയ് ഔൺസിനു 4016 ഡോളറിൽനിന്നും 4380 ഡോളർ വരെ കയറി. തുടർച്ചയായി ഒന്പതാം വാരത്തിലും മഞ്ഞലോഹം മികവിൽ നീങ്ങിയതിനിടയിൽ ഫണ്ടുകൾ ലാഭമെടുപ്പിനു മത്സരിച്ച് ഇറങ്ങിയത് വാരാന്ത്യ ദിനം സ്വർണത്തെ റിക്കാർഡ് തലത്തിൽനിന്നും 4186 ഡോളറിലേക്ക് ഇടിച്ചു, ഏകദേശം 200 ഡോളറിനടുത്ത് തിരുത്തൽ കാഴ്ചവച്ച ശേഷം മാർക്കറ്റ് ക്ലോസിംഗിൽ 4250 ഡോളറിലാണ്. ഒക്ടോബർ ആദ്യ ലക്കം സൂചന നൽകിയതാണ് വീക്കിലി ചാർട്ട് പ്രകാരം മാസാന്ത്യത്തിനു മുന്നേ സ്വർണം തിരുത്തലിലേക്ക് മുഖംതിരിക്കുമെന്ന്.
ഈ വാരം രണ്ട് അവധി ദിനങ്ങൾ
ദീപാവലി പ്രമാണിച്ച് ഈ വാരം രണ്ട് ദിവസം വിപണി പ്രവർത്തിക്കില്ല, അതേ സമയം നാളെ ഉച്ചയ്ക്ക് ഒരു മണികൂർ മുഹൂർത്ത വ്യാപാരത്തിനായി വിപണി തുറക്കും, ബുധനാഴ്ചയും വിപണി അവധിയാണ്. കഴിഞ്ഞ വർഷത്തെ മുഹൂർത്ത വ്യാപാരത്തിനുശേഷം സ്വർണവില 56 ശതമാനം വർധിച്ചപ്പോൾ വെള്ളിവിലയിലുണ്ടായ വർധന 63 ശതമാനമാണ്.