നികുതിരഹിതമോ വെള്ളിപ്പാത്രങ്ങൾ?
മാത്തുക്കുട്ടി ടി. കൂട്ടുമ്മേൽ
Monday, October 20, 2025 12:28 AM IST
ദീപാവലി ആഘോഷങ്ങളുടെ തുടക്കം കുറിക്കുന്ന ധൻതേരസ് ദിനത്തിൽ അമൂല്യ ലോഹങ്ങൾ വാങ്ങിക്കുന്ന പതിവ് ഇന്ത്യക്കാർക്കുണ്ട്. കൂടുതലായും സ്വർണം, വെള്ളി, മറ്റ് ലോഹങ്ങളാൽ നിർമിതമായ പാത്രങ്ങൾ വാങ്ങിക്കൊണ്ടാണ് ആഘോഷിക്കുന്നത്. സ്വർണം, വെള്ളി, പ്ലാറ്റിനം എന്നീ അമൂല്യ ലോഹങ്ങൾക്കും ചെന്പിനും ഇപ്പോൾ ഉയർന്ന വിലയാണ്.
ഇന്ത്യയിൽ വെള്ളി എക്കാലത്തെയും ഉയർന്ന വിലയിലാണ്. പരന്പരാഗതമായി സ്വർണത്തിൽ ആകൃഷ്ടരായിരുന്ന ഇന്ത്യക്കാർ 2025ൽ 14 വർഷത്തെ ഏറ്റവും ഉയർന്ന നിലയിലെത്തിയ വെള്ളിയിലേക്ക് തിരിയുകയാണ്. ഇന്ത്യയിൽ വെള്ളിക്ക് വാങ്ങൽ ഉയർന്നതോടെ ഇതിനു ക്ഷാമം നേരിടുകയാണ്. ഇന്ത്യയിൽ മാത്രമല്ല ആഗോളതലത്തിലും ഇതേ അവസ്ഥയാണ്.
വെള്ളിക്ക് രാജ്യത്ത് എക്കാലത്തെയും ഉയർന്ന വില നിലനിൽക്കുന്ന സമയത്ത് വെള്ളിപ്പാത്രങ്ങൾ വാങ്ങുന്നതിനാണ് ഇന്ത്യക്കാർ പ്രധാന്യം കൊടുക്കുന്നത്. അതിനൊരു കാരണമുണ്ട്. വെള്ളിപ്പാത്രങ്ങൾ വിൽക്കുന്പോൾ നികുതി ലാഭിക്കുമെന്ന ധാരണയാണ്. കാരണം വെള്ളി നാണയങ്ങളുടെയും വെള്ളിക്കട്ടിക്കളുടെയും വിൽപ്പനയ്ക്ക് ഹ്രസ്വകാല അല്ലെങ്കിൽ ദീർഘകാല നികുതി ചുമത്തും. എന്നാൽ, വെള്ളിപ്പാത്രങ്ങളുടെ വിൽപ്പനയിലൂടെ നികുതിരഹിതമായി പണം നേടാനുമാകും. അതുകൊണ്ട് 2025ലെ ധൻതേരസിൽ സ്വർണത്തിന്റെ വിലക്കയറ്റത്തെപ്പോലും മറികടന്ന് വെള്ളി അമൂല്യലോഹമായി.
വെള്ളിയുടെ ശരാശരി വില വടക്കേ ഇന്ത്യയിൽ 1.75 ലക്ഷത്തിനു മുകളിലും തെക്കേയിന്ത്യയിൽ രണ്ടു ലക്ഷത്തിലുമാണ്. ആഗോളതലത്തിൽ വെള്ളിക്കുണ്ടായ കുതിപ്പിനെത്തുടർന്ന് ഇന്ത്യയിലെ വില കഴിഞ്ഞ വർഷത്തേക്കാൾ 98 ശതമാനം വർധിച്ചു. വെള്ളിയുടെ ആവശ്യകത ഉയർന്നതോടെ ദീർഘകാല പ്രവചനങ്ങളും വില ഉയരുമെന്ന് തന്നെയാണ്.
കഴിഞ്ഞ വർഷം ഇതേ സമയത്ത് കിലോയ്ക്ക് 96,000 രൂപയായിരുന്ന വെള്ളി നിക്ഷേപകർക്ക് കഴിഞ്ഞ വർഷത്തേക്കാൾ 93 ശതമാനം റിട്ടേണാണ് നൽകുന്നത്. മറുവശത്ത് സ്വർണം 55 ശതമാനം റിട്ടേണും നൽകുന്നുണ്ട്. കഴിഞ്ഞ വർഷം ഒക്ടോബറിൽ 10 ഗ്രാമിന് 83,800 രൂപയിൽനിന്ന് ഈ വർഷം സ്വർണത്തിന്റെ വില 1,29,500 രൂപയിലേക്ക് ഉയർന്നു.
വെള്ളി വിൽക്കുന്പോൾ 24 മാസത്തിൽ താഴെയാണ് കൈവശം വച്ചിരിക്കുന്നതെങ്കിൽ 15%-20% വരെ ഹ്രസ്വകാല മൂലധന നേട്ട നികുതിക്ക് (എസ്ടിസിജി) വിധേയമാകും. അല്ലെങ്കിൽ 2024 ബജറ്റ് മാറ്റങ്ങൾക്കുശേഷം ഇൻഡെക്സേഷൻ ഇല്ലാതെ 12.5 ശതമാനം നിരക്കിൽ ദീർഘകാല മൂലധന നേട്ട നികുതി (എൽടിസിജി) ബാധകമാകും.
വെള്ളിയുടെ വിൽപ്പന നടപടികൾ മുഴുവനും നികുതിരഹിതമാക്കാനുള്ള വഴികളുമുണ്ട്. ഇൻകം ടാക്സ് ആക്ട് 1961 പ്രകാരം തളികകൾ, സ്പൂണുകൾ ഉൾപ്പെടുന്ന വെള്ളിപ്പാത്രങ്ങളെ വ്യക്തിപരമായ വസ്തുക്കൾ എന്ന പട്ടികയിൽ പെടുത്തി നികുതിയിൽനിന്ന് ഒഴിവാക്കാനാകും. വെള്ളി നാണയങ്ങൾ, കട്ടികൾ എന്നിവയിലെ നിക്ഷേപത്തിനു പകരം ദൈനംദിനം ഉപയോഗിക്കുന്ന വെള്ളിപ്പാത്രങ്ങളിൽ നിക്ഷേപം നടത്തുന്നത് ഹ്രസ്വകാല, ദീർഘകാല നികുതി ഒഴിവാക്കാനുമെങ്കിലും ഇത് സങ്കീർണമാണ്.
ആദായ നികുതി നിയമത്തിൽ
നിയമത്തിലെ സെഷൻ 2(14) മൂലധന ആസ്തികളെ നിർവചിക്കുന്നത് നികുതിദായകനോ അവരുടെ കുടുംബമോ ഉപയോഗിക്കുന്ന വസ്ത്രങ്ങൾ, ഫർണിച്ചറുകൾ, പാത്രങ്ങൾ എന്നിവയെ ഒഴിവാക്കിയാണ്. ഇവയെ വ്യക്തിപരമായ വസ്തുക്കളുടെ പട്ടികയിലാണ് പെടുത്തിയിരിക്കുന്നത്.
വെള്ളി ആഭരണങ്ങളും കട്ടികളും നാണയങ്ങളും നികുതി വിധേയമാണ്. ആഭരണങ്ങളെക്കുറിച്ചുള്ള നിയമപ്രകാരം സ്വർണം, വെള്ളി, പ്ലാറ്റിനം എന്നിവ, അവ പാത്രങ്ങളിൽ പതിപ്പിച്ചതാണെങ്കിൽ പോലും നികുതിയിൽ പെടും. ഇതിനൊരു പ്രശ്നമുണ്ട്; വ്യക്തിഗത ഇനങ്ങളായി തിരിച്ചിരിക്കുന്ന വെള്ളിപ്പാത്രങ്ങളെ ആഭരണങ്ങളായാണോ അല്ലെങ്കിൽ വീട്ടുപകരണങ്ങളായാണോ പരിഗണിക്കേണ്ടത് എന്നതാണ്.
ദൈനദിനം ആവശ്യത്തിനോ, ഭക്ഷണം കഴിക്കാനോ, പൂജയ്ക്കോ ഉപയോഗിക്കുന്ന വെള്ളി തളികകൾ, പാത്രങ്ങൾ പോലുള്ള വ്യക്തിപരമായ വസ്തുക്കളെ മൂലധന നികുതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് ഇൻകംടാക്സ് ഡിപ്പാർട്ടമെന്റ് വെബ്സൈറ്റിൽ പറയുന്നു.
ഈ പാത്രങ്ങൾ ന്യായമായ ഉപയോഗത്തിനാകണം. ഇവ ഒരു ശേഖരമാകാതെ വീട്ടാവശ്യത്തിന് ഉപയോഗിക്കുന്നവയാണം. പാത്രങ്ങളുടെ വിപുലമായ ശേഖരം നിക്ഷേപമായി കണക്കിലെടുത്ത് നികുതി ചുമത്തപ്പെടും. ഒരാൾ വലിയ തോതിൽ വെള്ളിപ്പാത്രങ്ങൾ വില്ക്കുകയാണെങ്കിൽ, വീട്ടാവശ്യത്തിന് ഉപയോഗിച്ചതിനു തെളിവില്ലെങ്കിൽ നികുതിക്കു വിധേയമാകും. നികുതി ഒഴിവാക്കുന്നതിന് നികുതിദായകർ പാത്രങ്ങൾ വാങ്ങിയതിന്റെ രസീതുകളും അവ പതിവായി ഉപയോഗിച്ചതിന്റെ ഫോട്ടോകളും കുടുംബത്തിൽ ഉപയോഗിച്ചതിന്റെ സത്യവാങ്മൂലവും നൽകേണ്ടതായിവരും.
ചാർട്ടേഡ് അക്കൗണ്ടന്റുമാർ പറയുന്നത്
വെള്ളിയുടെ വിൽപ്പനയിലെ നികുതിയെക്കുറിച്ച് ചാർട്ടേഡ് അക്കൗണ്ടന്റുമാർക്ക് വ്യത്യസ്തമായ അഭിപ്രായങ്ങളാണുള്ളത്. മൂലധന ആസ്തികൾ വിൽക്കുന്നതിലൂടെ ലഭിക്കുന്ന ലാഭത്തിന് നികുതി നൽകേണ്ടതാണ്. വീട്ടുപകരണങ്ങൾ മൂലധന ആസ്തികളല്ല. വീട്ടുകാര്യങ്ങൾക്കായി ഉപയോഗിക്കുന്ന വെള്ളിപ്പാത്രങ്ങൾ നികുതിരഹിതമാണ്. എന്നാൽ, ഇവയുടെ ശേഖരം വീട്ടുകാര്യങ്ങളേക്കാൾ ഉപരിയായിട്ടുണ്ടെങ്കിൽ നികുതി ബാധകമാകുമെന്നാണ് ഒരു ചാർട്ടേഡ് അക്കൗണ്ടന്റ് പറയുന്നത്.
2010 ൽ വെള്ളി വാങ്ങി 2025 ൽ വിൽക്കുകയാണെങ്കിൽ, ലാഭം 10 ലക്ഷം രൂപയോ അതിൽ കൂടുതലോ- വാർഷിക വിവര പ്രസ്താവനയിൽ കാണിക്കും. ചാർട്ടേഡ് അക്കൗണ്ടന്റ് അത് വരുമാനമായി കാണിച്ചേക്കാം. നികുതിയിളവ് ക്ലെയിം ചെയ്യുന്നതിന് തെളിവ് ആവശ്യമായിവരും, അല്ലാത്തപക്ഷം എൽടിസിജി നേരിടേണ്ടിവരും, കൂടാതെ അടയ്ക്കാത്ത നികുതിയുടെ 200% വരെ പിഴയും നേരിടേണ്ടിവരും.
വെള്ളിപ്പാത്രങ്ങൾ സമ്മാനമായി ലഭിച്ചതാണെങ്കിൽ അല്ലെങ്കിൽ പാരന്പര്യമായി ലഭിച്ചതാണെങ്കിൽ, കാര്യങ്ങൾ വ്യത്യസ്തമാണ്. അടുത്ത ബന്ധുക്കളിൽനിന്ന് വിവാഹ സമ്മാനമായും അല്ലാത്തപ്പോഴും ലഭിക്കുന്ന വെള്ളിപ്പാത്രങ്ങൾക്ക് നികുതിയില്ല. എന്നാൽ, ബന്ധുക്കളല്ലാത്തവരിൽനിന്ന് 50,000 രൂപയിൽ കൂടുതലുള്ള വെള്ളിപ്പാത്രങ്ങൾ ഉൾപ്പെടെയുള്ള സമ്മാനങ്ങൾക്ക് ‘മറ്റ് സ്രോതസുകളിൽ നിന്നുള്ള വരുമാനം’ എന്ന നിലയിൽ നികുതി നൽകേണ്ടിവരും. പാരന്പര്യമായി ലഭിച്ച വെള്ളി പാത്രങ്ങൾക്ക് നികുതിരഹിതമാണ്. പക്ഷേ അത് വിൽക്കുന്പോൾ നികുതിയുണ്ടോ എന്നത് വ്യക്തിഗത ഉപഭോഗ വസ്തു എന്ന തരംതിരിവിനെ ആശ്രയിച്ചിരിക്കും.
വെള്ളിയിൽനിന്നുള്ള വരുമാനം സ്വർണത്തെക്കാൾ കൂടുതലാണ്. വെള്ളിപ്പാത്രങ്ങൾ നികുതി ലാഭിക്കാനുള്ള വഴിയുമാണ്. എന്നാൽ, ഇവ ആദ്യം ദൈനംദിന ആവശ്യങ്ങൾക്കായി ഉപയോഗിക്കണം. ഇതിൽ എന്തെങ്കിലും തെറ്റുപറ്റിയാൽ ഓഡിറ്റിംഗിനും നികുതികൾക്കും പിഴകൾക്കും വിധേയമാകും. പാരന്പര്യമായി ലഭിച്ച വെള്ളിപാത്രങ്ങൾ നികുതിരഹിതമാണോയെന്നറിയാൻ വിദഗ്ധരുടെ അഭിപ്രായം തേടണം.