ഗൃഹരക്ഷാ പോളിസികള്‍ അത്യാവശ്യം: ഡോ. തപന്‍ സിംഗല്‍
Tuesday, October 21, 2025 11:10 PM IST
കൊച്ചി: ഹോം ഇന്‍ഷ്വറന്‍സ് പോലുള്ള വ്യക്തിഗത തയാറെടുപ്പ് ഇനി ഒരു ആഡംബരമല്ലെന്നും മറിച്ച് ഒരു ആവശ്യകതയായി മാറുകയാണെന്നും ബജാജ് ജനറല്‍ ഇൻഷ്വറന്‍സ് ലിമിറ്റഡ് എംഡിയും സിഇഒയുമായ ഡോ. തപന്‍ സിംഗല്‍.
ഭൂകമ്പസാധ്യത, വെള്ളപ്പൊക്ക ഭീഷണി, ചുഴലിക്കാറ്റ് തുടങ്ങിയ കാരണങ്ങളാല്‍ ദശലക്ഷക്കണക്കിന് ഇന്ത്യന്‍ വീടുകള്‍ തകര്‍ച്ചയുടെ വക്കിലാണ്. കഠിനമായി അധ്വാനിച്ചുണ്ടാക്കിയ സമ്പാദ്യംകൊണ്ടു നിർമിച്ച വീടുകളെല്ലാം ഒരൊറ്റ ദുരന്തത്തില്‍ ഇല്ലാതാകുന്ന സാഹചര്യമാണുള്ളത്. മാത്രമല്ല, കുടുംബങ്ങള്‍ കടക്കെണിയിലാകുകയും ചെയ്യുന്നു.
സര്‍ക്കാര്‍ സഹായവാഗ്ദാനങ്ങള്‍ നല്‍കുന്നുണ്ടെങ്കിലും ഒരു ദുരിതാശ്വാസ സംവിധാനത്തിനും വ്യക്തിപരമായ നഷ്ടം പൂര്‍ണമായും നികത്താന്‍ കഴിയില്ല എന്നതാണു യാഥാര്‍ഥ്യം. അവിടെയാണ് ഹോം ഇൻഷ്വറന്‍സ് പ്രസക്തമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
വ്യാപകമായി ഭവനസംരക്ഷണത്തിന് പിന്തുണയേകുന്നതിന് ഇൻഷ്വറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അഥോറിറ്റി ഓഫ് ഇന്ത്യ ഭാരത് ഗൃഹ രക്ഷാ പോളിസി അവതരിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.