മും​​ബൈ: ദീ​​പാ​​വ​​ലി ആ​​ഘോ​​ഷ​​ങ്ങ​​ളു​​ടെ ഭാ​​ഗ​​മാ​​യു​​ള്ള 2025 മു​​ഹൂ​​ർ​​ത്ത​​വ്യാ​​പാ​​രം ഒ​​ട്ടും ആ​​വേ​​ശ​​ക​​ര​​മാ​​യി​​ല്ല. ഇ​​ന്ന​​ലെ ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 1.45 മു​​ത​​ൽ 2.45 വ​​രെ ഒ​​രു മ​​ണി​​ക്കൂ​​ർ മാ​​ത്രം നീ​​ണ്ട വ്യാ​​പാ​​ര​​ത്തി​​ൽ ഓ​​ഹ​​രി​​വി​​പ​​ണി ചെ​​റി​​യൊ​​രു നേ​​ട്ട​​ത്തി​​ൽ ക്ലോ​​സ് ചെ​​യ്തു. തു​​ട​​ർ​​ച്ച​​യാ​​യ അ​​ഞ്ചാം സെ​​ഷ​​നി​​ലാ​​ണ് ഓ​​ഹ​​രി​​വി​​പ​​ണി നേ​​ട്ട​​ത്തി​​ൽ വ്യാ​​പാ​​രം പൂ​​ർ​​ത്തി​​യാ​​ക്കു​​ന്ന​​ത്.

എ​​ൻ​​എ​​സ്ഇ നി​​ഫ്റ്റി 25800 പോ​​യി​​ന്‍റി​​നു മു​​ക​​ളി​​ലാ​​യും ബി​​എ​​സ്ഇ സെ​​ൻ​​സെ​​ക്സ് 63 പോ​​യി​​ന്‍റ് ഉ​​യ​​ർ​​ന്നു​​മാ​​ണ് വ്യാ​​പാ​​രം അ​​വ​​സാ​​നി​​പ്പി​​ച്ച​​ത്. തു​​ട​​ർ​​ച്ച​​യാ​​യ എ​​ട്ട് മു​​ഹൂ​​ർ​​ത്ത​​വ്യാ​​പാ​​ര​​ത്തി​​ലും ഓ​​ഹ​​രി​​വി​​പ​​ണി​​ക്ക് നേ​​ട്ട​​മു​​ണ്ടാ​​ക്കാ​​നാ​​യി. 2024ലെ ​​സം​​വ​​ത് 2081ൽ ​​തു​​ട​​ർ​​ച്ച​​യാ​​യ ര​​ണ്ടു ദി​​വ​​സ​​ത്തെ വ്യാ​​പാ​​ര ന​​ഷ്ട​​ത്തി​​നു​​ശേ​​ഷ​​മാ​​ണ് ഓ​​ഹ​​രി​​വി​​പ​​ണി ഉ​​യ​​ർ​​ന്ന​​ത്.

സം​​വ​​ത് 2082ലേ​​ക്കു​​ള്ള മു​​ഹൂ​​ർ​​ത്ത വ്യാ​​പാ​​ര​​ത്തി​​ന്‍റെ തു​​ട​​ക്ക​​ത്തി​​ൽ ഓ​​ഹ​​രി​​ക​​ൾ ന​​ല്ല മു​​ന്നേ​​റ്റം കാ​​ഴ്ച​​വ​​ച്ചു. എ​​ന്നാ​​ൽ, ഈ ​കു​തി​പ്പി​ന് അ​ധി​ക​നേ​രം നി​ൽ​ക്കാ​നാ​യി​ല്ല. മു​​ഖ്യ സൂ​​ചി​​ക​​ക​​ളി​ലും ബാ​​ങ്ക് നി​​ഫ്റ്റി​​യി​ലും ഇ​​ടി​​വു​​ണ്ടാ​​യി.


250 പോ​​യി​​ന്‍റ് വ​​രെ ഉ​​യ​​ർ​​ന്ന സെ​​ൻ​​സെ​​ക്സ് താ​​ഴ്ന്നു. നി​​ഫ്റ്റി 25,934.35 ൽ ​​എ​​ത്തി​​യ ശേ​​ഷ​​മാ​​ണ് ത​ക​ർ​ച്ച നേ​​രി​​ട്ട​​ത്. അ​​വ​​സാ​​നം സെ​​ൻ​​സെ​​ക്സ് 62.97 പോ​​യി​​ന്‍റ് ഉ​​യ​​ർ​​ന്ന് 84,426.34ലും ​​നി​​ഫ്റ്റി 25.45 പോ​​യി​​ന്‍റ് ലാ​​ഭ​​ത്തി​​ൽ 25,868.60ലും ​​വ്യാ​​പാ​​രം പൂ​​ർ​​ത്തി​​യാ​​ക്കി.

ന​​വം​​ബ​​ർ ഒ​​ന്നു​​മു​​ത​​ൽ ചൈ​​നീ​​സ് ഉ​​ത്പ​​ന്ന​​ങ്ങ​​ളു​ടെ ഇ​റ​ക്കു​മ​തി​ക്ക് 100 ശ​ത​മാ​നം അ​​ധി​​ക​​ത്തീ​​രു​​വ യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​​ണ​​ൾ​​ഡ് ട്രം​​പ് പ്ര​​ഖ്യാ​​പി​​ച്ചി​​രു​​ന്നു. ചൈ​​ന ക​​ടും​​പി​​ടി​​ത്തം തു​​ട​​ർ​​ന്നാ​​ൽ ഇ​​തു 155 ശ​​ത​​മാ​​നം ആ​​ക്കു​​മെ​​ന്നാ​​ണ് പു​​തി​​യ ഭീ​​ഷ​​ണി. ഇ​​ത് മു​​ഹൂ​​ർ​​ത്ത വ്യാ​​പാ​​ര​​ത്തി​​നു മേ​​ൽ നി​​ഴ​​ൽ പ​​ര​​ത്തി.

മേ​​ഖ​​ലാ സൂ​​ചി​​ക​​ക​​ളി​​ൽ നി​​ഫ്റ്റി പൊ​​തു​​മേ​​ഖ​​ല ബാ​​ങ്ക്, റി​​യ​​ൽ​​റ്റി ഒ​​ഴി​​കെ എ​​ല്ലാ സൂ​​ചി​​ക​​ക​​ളും ഉ​​യ​​ർ​​ന്നു.ഇ​​ന്ന​​ലെ ഏ​​ഷ്യ​​ൻ വി​​പ​​ണി​​ക​​ൾ ഉ​​യ​​ർ​​ന്നാ​​ണ് ക്ലോ​​സ് ചെ​​യ്ത​​ത്. ര​​ണ്ടു വ​​ൻ സാ​​ന്പ​​ത്തി​​ക ശ​​ക്തി​​ക​​ളാ​​യ യു​​എ​​സും ചൈ​​ന​​യും ത​​മ്മി​​ൽ വ്യാ​​പാ​​ര ച​​ർ​​ച്ച​​ക​​ൾ ന​​ട​​ന്നേ​​ക്കു​​മെ​​ന്ന സൂ​​ച​​ന​​ക​​ളും ഏ​​ഷ്യ​​ൻ വി​​പ​​ണി​​യി​​ൽ സ്വാ​​ധീ​​നി​​ച്ചു.