റിക്കാർഡുകൾ ഭേദിച്ച് യുപിഐ; ഈമാസം ശരാശരി 64,000 കോടിയുടെ പ്രതിദിന ഇടപാടുകൾ
Wednesday, October 22, 2025 11:43 PM IST
ന്യൂഡൽഹി: ഉത്സവകാലത്ത് റിക്കാർഡുകൾ ഭേദിച്ച് യുപിഐ പണമിടപാടുകൾ. ദീപാവലിയും നവരാത്രിയും കണ്ട ഈമാസം യുപിഐ വഴിയുള്ള രാജ്യത്തെ ശരാശരി പ്രതിദിന പണമിടപാടുകൾ 94,000 കോടി രൂപയിലെത്തി.
സെപ്റ്റംബർ മാസത്തെ അപേക്ഷിച്ച് ഏകദേശം 13 ശതമാനം വർധനയാണിതെന്ന് നാഷണൽ പേമെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) വ്യക്തമാക്കി. ഈമാസം അവസാനിക്കാൻ ഒരാഴ്ചകൂടി ബാക്കിനിൽക്കെ എക്കാലത്തെയും മികച്ച പ്രതിമാസ പ്രകടനത്തിലേക്കാണ് യുപിഐ നീങ്ങിക്കൊണ്ടിരിക്കുന്നത്.
കഴിഞ്ഞ മാസം വരെ ശരാശരി 82,991 കോടി രൂപയുടെ പ്രതിദിന ഇടപാടുകളാണ് യുപിഐ വഴി നടന്നുകൊണ്ടിരുന്നതെങ്കിലും ഉത്സവങ്ങളും ജിഎസ്ടി നിരക്കിളവുകളും ജനങ്ങളുടെ ഉപഭോഗം വർധിപ്പിച്ചെന്നാണു കണക്കുകൾ വ്യക്തമാക്കുന്നത്.
ഇക്കാരണങ്ങളാൽ രാജ്യത്തെ ഡിജിറ്റൽ പണമിടപാടുകളുടെ 85 ശതമാനവും നടക്കുന്ന യുപിഐയുടെ ദിവസേനയുള്ള ഇടപാടുകളിലും വൻ വർധന രേഖപ്പെടുത്തിയിട്ടുണ്ട്.
ദീപാവലി ദിനം മാത്രം 74 കോടിയുടെ ഇടപാടുകളാണ് യുപിഐ വഴി നടന്നത്. ഒറ്റദിവസത്തെ പണമിടപാടുകളുടെ കണക്കെടുക്കുന്പോൾ ഇത് എക്കാലത്തെയും മികച്ച റിക്കാർഡാണ്.