രാജ്യത്തെ ആദ്യ സമ്പൂര്‍ണ സൗരോര്‍ജ ഡയറിയാകാന് എറണാകുളം മില്‍മ
Wednesday, November 6, 2024 1:22 AM IST
കൊച്ചി: രാജ്യത്തെ ആദ്യ സമ്പൂര്‍ണ ഓണ്‍ ഗ്രിഡ് സൗരോര്‍ജ ഡയറിയായി എറണാകുളം മേഖലാ ക്ഷീരോത്പാദക സഹകരണസംഘം (മില്‍മ) മാറുന്നു. മില്‍മ എറണാകുളം യൂണിയന്റെ തൃപ്പൂണിത്തുറയില്‍ സ്ഥാപിച്ച രണ്ട് മെഗാവാട്ട് സൗരോര്‍ജ പ്ലാന്റ് ഒന്‍പതിന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന് നാടിന് സമര്‍പ്പിക്കും.
മില്‍മയുടെ പ്രൊഡക്ട്സ് ഡയറി നവീകരണ പദ്ധതിയുടെ ശിലാസ്ഥാപനം മന്ത്രി ജെ. ചിഞ്ചുറാണി നിര്‍വഹിക്കും. ദേശീയ ക്ഷീരവികസന പദ്ധതിയുടെ സഹായത്തോടെ നിര്‍മിച്ച മില്‍മ സെന്‍ട്രല്‍ ക്വാളിറ്റി കണ്ട്രോള് ലാബിന്റെ താക്കോല്‍ മില്‍മ ഫെഡറേഷന് ചെയര്മാന് കെ.എസ്. മണി എന്‍ഡിഡിബി ചെയര്മാന് ഡോ. മീനേഷ് ഷായ്ക്കു കൈമാറും.
16 കോടി രൂപയാണ് പദ്ധതിയുടെ ആകെ മുതല്‍മുടക്ക്. ഡയറി പ്രോസസിംഗ് ആൻഡ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡെവലപ്മെന്റ് സ്കീമില്‍നിന്നുള്ള 9.2 കോടി രൂപയുടെ വായ്പയും മേഖലാ യൂണിയന്റെ തനത് ഫണ്ടായ 6.8 കോടി രൂപയും ഉപയോഗിച്ചാണു ഈ പദ്ധതി പൂര്‍ത്തീകരിച്ചിട്ടുള്ളതെന്ന് മില്‍മ എറണാകുളം യൂണിയന് ചെയര്മാന് എം.ടി. ജയന് അറിയിച്ചു.