ഓഹരി വിപണിയിൽ തട്ടിപ്പ്: മുന്നറിയിപ്പുമായി സെബി
Wednesday, November 6, 2024 1:22 AM IST
മുംബൈ: ഓഹരി വിപണിയുമായി ബന്ധപ്പെട്ട് നിക്ഷേപകർക്ക് വീണ്ടും മുന്നറിയിപ്പുമായി മാർക്കറ്റ് റെഗുലേറ്റർ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി).
വെർച്വൽ ട്രേഡിംഗ്, ഗെയിമിംഗ് പ്ലാറ്റ്ഫോമുകളിലെ വ്യാപാരം ഒഴിവാക്കാനും അവരുടെ എല്ലാ ഇടപാടുകളും രജിസ്റ്റർ ചെയ്ത ഇടനിലക്കാർ വഴിയാണെന്ന് ഉറപ്പാക്കാനും നിർദേശിക്കുന്നു.
സാന്പത്തിക തട്ടിപ്പുകൾ വർധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് സെബി വീണ്ടും മാർഗനിർദേശം നൽകിയത്. ഈ വർഷം ഇത് മൂന്നാം തവണയാണ് സെബി നിക്ഷേപകർക്ക് മുന്നറിയിപ്പ് നൽകുന്നത്.
ലിസ്റ്റ് ചെയ്ത കന്പനികളുടെ സ്റ്റോക്ക് വിലയെ അടിസ്ഥാനമാക്കി ചില ആപ്പുകൾ/വെബ് ആപ്ലിക്കേഷനുകൾ/ പ്ലാറ്റ്ഫോമുകൾ എന്നിവ വെർച്വൽ ട്രേഡിംഗ് സേവനങ്ങൾ, പേപ്പർ ട്രേഡിംഗ്, ഫാന്റസി ഗെയിമുകൾ തുടങ്ങിയവ വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തുന്നത്.
നിക്ഷേപകരെ സംരക്ഷിക്കുന്നതിനായി രൂപകൽപ്പന ചെയ്തിട്ടുള്ള സെബിയുടെ നിയമങ്ങളുടെയും ചട്ടങ്ങളുടെയും ലംഘനമാണ് ഇത്തരം പ്രവർത്തനങ്ങൾ. അതിനാൽ ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങളുടെ കെണിയിൽ വീണുപോകരുതെന്നും സെബിയുടെ മുന്നറിയിപ്പിൽ പറയുന്നു.
സെക്യൂരിറ്റീസ് മാർക്കറ്റിൽ ഉറപ്പായ റിട്ടേണിന് ഒരു ഗാരണ്ടിയും ഉണ്ടാകില്ലെന്നും നിക്ഷേപകർ ഇക്കാര്യം മനസിലാക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും സെബിയുടെ മാർഗനിർദേശത്തിൽ പറയുന്നു.
ഫെബ്രുവരിയിൽ, വിദേശ സ്ഥാപന നിക്ഷേപകർ ആസ്വദിക്കുന്ന അതേ ആനുകൂല്യങ്ങൾ ഇന്ത്യയിലെ നിക്ഷേപകർക്കും വാഗ്ദാനം ചെയ്യുന്ന തട്ടിപ്പ് പദ്ധതികൾക്കെതിരെ സെബി നിക്ഷേപകർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.