ടെക്നോപാർക്ക് കന്പനി ഹെക്സ്20 യുടെ ആദ്യ സാറ്റലൈറ്റ് സ്പേസ് എക്സിനൊപ്പം
Monday, November 4, 2024 10:58 PM IST
തിരുവനന്തപുരം: ടെക്നോപാർക്ക് ആസ്ഥാനമായ ചെറുകിട സാറ്റലൈറ്റ് നിർമാണ കന്പനിയായ ഹെക്സ്20 ആദ്യ സാറ്റലൈറ്റ് വിക്ഷേപണത്തിനായി യുഎസ് ലോഞ്ച് പ്രൊവൈഡറായ സ്പേസ് എക്സ്പ്ലൊറേഷൻ ടെക്നോളജീസ് കോർപറേഷനുമായി (സ്പേസ്എക്സ്) പങ്കാളിത്തത്തിൽ. സ്പേസ് എക്സുമായി പങ്കാളിത്തത്തിൽ ഏർപ്പെടുന്ന കേരളത്തിലെ ആദ്യത്തെ സ്റ്റാർട്ടപ്പാണ് ഹെക്സ്20.
‘നിള’ എന്നാണ് സാറ്റലൈറ്റിന് പേരു നൽകിയിരിക്കുന്നത്. ടെക്നോപാർക്കിലെ ‘നിള’ കെട്ടിടത്തിലാണ് ഹെക്സ്20യുടെ ഓഫീസ് പ്രവർത്തിക്കുന്നത്. അടുത്ത ഫെബ്രുവരിയിൽ ട്രാൻസ്പോർട്ടർ13 ദൗത്യത്തിലാണ് ഉപഗ്രഹം വിക്ഷേപിക്കുന്നത്. ഈ ദൗത്യത്തിലൂടെ ഹെക്സ്20 ഹോസ്റ്റഡ് പേലോഡ് സൊലൂഷനുകളുടെ തുടക്കം കുറിക്കും.
തിരുവനന്തപുരത്തെ മേനംകുളം മരിയൻ കോളജ് ഓഫ് എൻജിനിയറിംഗിൽ സാറ്റലൈറ്റ് കമാൻഡ് ആൻഡ് കണ്ട്രോളിനായി ഒരു ഗ്രൗണ്ട് സ്റ്റേഷൻ സ്ഥാപിക്കാൻ ഹെക്സ്20 പദ്ധതിയിടുന്നു. ഉപഗ്രഹത്തിൽ നിന്നുള്ള വിവരങ്ങൾ ഗ്രൗണ്ട് സ്റ്റേഷനിൽ ലഭിക്കും. ഗ്രൗണ്ട് സ്റ്റേഷൻ സൗകര്യം പ്രവർത്തിപ്പിക്കുന്നതിന് കോളജിലെ ഫാക്കൽറ്റി അംഗങ്ങളുടെയും വിദ്യാർഥികളുടെയും ഒരു ടീമിനെ ഹെക്സ്20 പരിശീലിപ്പിക്കുന്നു.
ചെറുകിട ഉപഗ്രഹ വികസനം, സബ് സിസ്റ്റം വികസനം, ഗ്രൗണ്ട് സ്റ്റേഷൻ സേവനങ്ങൾ എന്നിവയിൽ കഴിവുള്ളവരെ വളർത്തിയെടുക്കുന്നതിനായി അക്കാദമിക് സ്ഥാപനങ്ങളുമായി ഹെക്സ്20 ധാരണാപത്രം ഒപ്പുവച്ചിട്ടുണ്ട്.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്പേസ് സയൻസ് ആൻഡ് ടെക്നോളജിയുമായി (ഐഐഎസ്ടി) സഹകരണത്തിന്റെ സാധ്യമായ മേഖലകളെക്കുറിച്ച് ചർച്ചകളും ആരംഭിച്ചിട്ടുണ്ട്.