റെയിൽവേ ‘സൂപ്പർ ആപ്പ് ’ ഉടൻ
Monday, November 4, 2024 10:58 PM IST
ന്യൂഡൽഹി: റെയിൽവേയുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങൾ കാര്യക്ഷമമാക്കാൻ ലക്ഷ്യമിട്ട് റെയിൽവേ നിർമിക്കുന്ന സൂപ്പർ ആപ്പ് അടുത്ത മാസം പുറത്തിറക്കുമെന്ന് സൂചന. ഐആർസിടിസിയുമായി സഹകരിച്ച് റെയിൽവേയുടെ ഐടി വിഭാഗം ഒരു വർഷമായി ഈ ആപ്പിന്റെ പണിപ്പുരയിലാണ്.
സൂപ്പർ ആപ്പിൽ യാത്രക്കാർക്കും ചരക്ക് ഗതാഗതത്തിനുമായി രണ്ട് ഓപ്ഷനുകൾ നല്‍കിയിട്ടുണ്ടെന്നാണ് വിവരം. യാത്രക്കാർക്ക് ടിക്കറ്റ് ബുക്കിംഗ്, പിഎൻആർ ചെക്കിംഗ്, ട്രെയിൻ ട്രാക്കിംഗ് എന്നിവയെല്ലാം ആദ്യ ഓപ്ഷനിൽ ലഭ്യമാകും. ചരക്ക് ഉപയോക്താക്കൾക്ക് പാഴ്സൽ ബുക്കിംഗിനും ചരക്കുകളുടെ നീക്കങ്ങൾ സംബന്ധിച്ച ട്രാക്കിംഗിനും പേയ്മെന്റിനും ആപ്പ് ഉപയോഗിക്കാൻ സാധിക്കും.
ടാക്സി, വിമാന ടിക്കറ്റ്, ടൂർ പാക്കേജ് ബുക്കിംഗ് എന്നിവയും ലഭ്യമാകും. എല്ലാ സൗകര്യങ്ങൾക്കും ആപ്പിലൂടെതന്നെ പേയ്മെന്റും നടത്താാകും. 24 മണിക്കൂറിനുള്ളിൽ ടിക്കറ്റ് റീഫണ്ടിംഗ് നൽകുന്ന സംവിധാനവും ആപ്പിലുണ്ടാകുമെന്നാണ് റിപ്പോർട്ട്.
നിലവിൽ റെയിൽവേയുടെ പല സേവനങ്ങളും പല ആപ്പുകളിലൂടെയാണ് ലഭ്യമാകുന്നത്. ഇതിൽ ഏറ്റവും ജനകീയം ഐആർസിടിസി റെയിൽ കണക്ട് ആപ്പ് ആണ്. 100 മില്യൺ ഡൗൺലോഡ്സ് ഈ ആപ്പിനുണ്ട്.
പുതിയ സൂപ്പർ ആപ്പ് പുറത്തിറക്കുന്നതോടെ ടിക്കറ്റ് ബുക്കിംഗ്, പ്ലാറ്റ് ഫോം ബുക്കിംഗ് എന്നിവയെല്ലാം കൂടുതൽ എളുപ്പമാകുമെന്നും വരുമാനം വർധിക്കുമെന്നും റെയിൽവേ കണക്കുകൂട്ടുന്നു. റെയിൽവേയുടെ എല്ലാ സേവനങ്ങളും ഒരു ആപ്പിൽ ലഭിക്കണമെന്നത് യാത്രക്കാരുടെ ഏറെക്കാലമായുള്ള ആവശ്യമായിരുന്നു.