റിക്കാർഡ് പിൻവലിക്കൽ; പിൻവലിച്ചത് 94000 കോടി
Monday, November 4, 2024 10:58 PM IST
മുംബൈ: ഒക്ടോബറിൽ ഇന്ത്യൻ ഓഹരിവിപണിയിൽനിന്ന് വിദേശ നിക്ഷേപകർ പിൻവലിച്ചത് 94,000 കോടിയുടെ ഓഹരികൾ.
നിക്ഷേപം പിൻവലിക്കുന്ന കാര്യത്തിൽ ഇന്ത്യൻ ഓഹരിവിപണിയുടെ ചരിത്രത്തിലെ ഏറ്റവും മോശം മാസമായിരുന്നു ഒക്ടോബർ. ഇതിന് മുൻപ് കോവിഡ് മഹാമാരിയുടെ കാലത്ത് 2020 മാർച്ചിലാണ് ഇത്രയും വലിയ തോതിൽ വിദേശ നിക്ഷേപകർ ഇന്ത്യൻ ഓഹരിവിപണിയിൽ നിന്ന് നിക്ഷേപം പിൻവലിച്ചത്. അന്ന് 61,973 കോടിയുടെ ഓഹരികളാണ് പിൻവലിച്ചത്.
ചൈനീസ് സന്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്താൻ ചൈനീസ് സർക്കാർ സ്വീകരിച്ച ഉത്തേജക നടപടികളിൽ പ്രതീക്ഷയർപ്പിച്ച് വിദേശ നിക്ഷേപകർ അവിടേയ്ക്ക് പോയതാണ് ഇന്ത്യൻ ഓഹരിവിപണിയുടെ ഇടിവിന് കാരണമെന്ന് വിപണി വിദഗ്ധർ അഭിപ്രായപ്പെട്ടു.
സെപ്റ്റംബറിൽ ഒൻപത് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന വിദേശ നിക്ഷപം ആകർഷിച്ച ശേഷമാണ് ഓഹരി വിപണിയിൽ അടുത്ത മാസം കനത്ത ഇടിവ് നേരിട്ടത്. സെപ്റ്റംബറിൽ 57,724 കോടിയാണ് വിദേശ നിക്ഷേപകർ ഇന്ത്യൻ ഓഹരിവിപണിയിൽ നിക്ഷേപിച്ചത്.
ഏപ്രിൽ- മേയ് മാസത്തിൽ 34,252 കോടി രൂപ പിൻവലിച്ചതിനു പിന്നാലെ ജൂണ്‍ മുതൽ വിദേശനിക്ഷേപകർ സ്ഥിരമായി ഇക്വിറ്റികൾ വാങ്ങുന്നുണ്ട്.
ഈ വർഷം മൊത്തം പരിശോധിച്ചാൽ ജനുവരി, ഏപ്രിൽ, മേയ്, ഒക്ടോബർ മാസങ്ങൾ ഒഴിച്ചാൽ വിദേശ നിക്ഷേപകർ ഇന്ത്യൻ ഓഹരിവിപണിയിൽ വലിയ തോതിലാണ് നിക്ഷേപം നടത്തിയിരിക്കുന്നത്.