ആഭ്യന്തര ഷീറ്റിനു നേരേ മുഖംതിരിച്ച് ടയർലോബി
വിപണിവിശേഷം / കെ.ബി. ഉദയഭാനു
Monday, November 4, 2024 1:04 AM IST
ഫണ്ടുകളുടെ കനത്ത വില്പനയിൽ രാജ്യാന്തര റബർ വിപണി തളർന്നു, ടയർ ലോബി ആഭ്യന്തര വിലയിൽ കത്തിവച്ചു, ബോർഡിന്റെ വാക്ക് പാഴ്വാക്കായി. ഉത്സവ ഡിമാൻഡ് കുരുമുളക് നേട്ടമാക്കി. കൊക്കോ വിലയിൽ വീണ്ടും മുന്നേറ്റം. നാളികേരോത്പന്നങ്ങൾ പുതിയ തലങ്ങളിലേക്ക്. പവൻ റിക്കാർഡ് സൃഷ്ടിച്ചശേഷം സാങ്കേതിക തിരുത്തലിൽ, ഡിസംബറിന് മുന്നേ കൂടുതൽ കുതിപ്പിന് സാധ്യത.
ഒസാക്ക എക്സ്ചേഞ്ചിൽ റബർ ദുർബലമായി. മുൻവാരം സൂചന നൽകിയതാണ് ഊഹക്കച്ചവടക്കാരും വ്യവസായികളും ചേർന്ന് വിപണിയെ തളർത്താനുള്ള നീക്കം നടത്തുന്ന കാര്യം. ഷീറ്റ് വില ഒറ്റ ആഴ്ചയിൽ ഏഴ് ശതമാനം ഇടിഞ്ഞു, രണ്ടാഴ്ച്ചയിൽ അവധി നിരക്കുകളിൽ പത്ത് ശതമാനം വിലത്തകർച്ച സംഭവിച്ചു. ജപ്പാനിൽ ഫെബ്രുവരി അവധി 372 യെന്നിൽനിന്നും മുൻവാരം സൂചിപ്പിച്ച 355 യെന്നിലെ ആദ്യ സപ്പോർട്ട് തകർത്ത് 345 യെന്നായി. വിപണിയുടെ ചലനങ്ങൾ വിലയിരുത്തിയാൽ ഈ വാരം ഒരു പുൾ ബാക്ക് റാലിക്ക് സാധ്യത തെളിയുന്നതിനാൽ തിരിച്ചുവരവിൽ റബർ 355-366 റേഞ്ചിലേയ്ക്ക് ഉയരാൻ ശ്രമിക്കാം. കരുത്ത് തിരിച്ചു പിടിക്കാനായില്ലെങ്കിൽ റബർ 336 യെന്നിലേയ്ക്ക് ഇടിയും.
ഫോറെക്സ് മാർക്കറ്റിൽ ഡോളറിനു മുന്നിൽ യെൻ സെല്ലിംഗ് മൂഡിലായതിനാൽ നാണയം കൂടുതൽ ദുർബലമായാൽ റബറിലെ തകർച്ചയെ പിടിച്ചു നിർത്താൻ ഉപകരിക്കും. വാരാന്ത്യം 152.87ൽ നിലകൊള്ളുന്ന യെൻ 153.92 റേഞ്ചിലേക്ക് ഇടിയാം. സിംഗപ്പുരിൽ 197 ഡോളറിൽനിന്നും 200ന് മുകളിൽ ഇടംപിടിക്കാൻ ശ്രമിക്കുന്നുണ്ട്. ഐഎംഎഫ് ചൈനീസ് വ്യാവസായിക മേഖലയെക്കുറിച്ച് തൊട്ട് മുൻവാരം നടത്തിയ പ്രവചനമാണ് ഏഷ്യൻ റബറിനെ പിടിച്ചുലച്ചത്. ബാങ്കോക്കിൽ മൂന്നാം ഗ്രേഡ് ഷീറ്റ് വില 20,589 രൂപയിൽനിന്ന് 19,432 രൂപയായി.
സംസ്ഥാനത്ത് റബർ വില കുറഞ്ഞു. ടയർ കന്പനികൾ വാങ്ങൽ കുറച്ചതോടെ നാലാം ഗ്രേഡ് 18,000 രൂപയിൽനിന്ന് 17,800 രൂപയായി. ആഭ്യന്തര റബർ ശേഖരിക്കാൻ കന്പനികൾ മുന്നോട്ടു വരണമെന്ന റബർ ബോർഡ് ആഹ്വാനം പാഴ്വാക്കായി. അഞ്ചാം ഗ്രേഡ് 17500ലും ഒട്ടുപാൽ 12,600ലും ലാറ്റ്ക്സ് 11,500 രൂപയിലുമാണ്.
മഴയിൽ കണ്ണുംനട്ട് കർഷകർ
മഴ ചുരുങ്ങിയതിനാൽ നവംബറിൽ റബർ ടാപ്പിംഗ് ദിനങ്ങൾ ഉയർത്താമെന്ന പ്രതീക്ഷയിലാണ് കർഷകർ. രാത്രി താപനില കുറയുന്നത് മരങ്ങളിൽനിന്നുള്ള യീൽഡ് ഉയർത്തും. തുലാവർഷത്തിന് തുടക്കം കുറിച്ചെങ്കിലും ആദ്യ രണ്ടാഴ്ച്ചകളിൽ മഴ കുറവായിരുന്നു.
അതേസമയം, 1901ന് ശേഷം ആദ്യമായി ഏറ്റവും ഉയർന്ന പകൽ താപനില രേഖപ്പെടുത്തിയ മാസമായി ഒക്ടോബർ. ചൂടു മൂലം ടാപ്പിംഗ് നടന്ന ഒട്ടുമിക്ക തോട്ടങ്ങളിലും പാൽ ലഭ്യത ചുരുങ്ങിയത് ഉത്പാദകരെ മാനസികമായി തളർത്തി. രണ്ട് മാസത്തിനിടയിൽ റബർവില കിലോ 70 രൂപ ഇടിഞ്ഞതും കർഷകരുടെ കണക്കു കൂട്ടലുകൾ തെറ്റിച്ചു. പ്രതിസന്ധി പരിഹരിക്കാൻ ടയർ കന്പനികൾ ആഭ്യന്തര ഷീറ്റ് ശേഖരിക്കണമെന്ന ആവശ്യം വ്യവസായികൾ ചെവിക്കൊണ്ടില്ല.
വീഴാതെ കുരുമുളക്
ഉത്തരേന്ത്യൻ ലോബിയുടെ കുതന്ത്രത്തിനു മുന്നിൽ കുരുമുളക് കർഷകർ വീഴില്ലെന്നു വ്യക്തമായതോടെ അവർ വില ഉയർത്തി ചരക്ക് സംഭരിച്ചു. ദീപാവലി വേളയിൽ കൂടിയ വിലയ്ക്ക് ശേഖരിക്കാൻ അവർ മുന്നോട്ടു വന്നതോടെ അൺഗാർബിൾഡ് 62,500 രൂപയിൽനിന്ന് 63,900 രൂപയായി. വില്പനയ്ക്കെത്തിയത് ആകെ 106 ടൺ ചരക്ക് മാത്രമാണ്, തൊട്ട് മുൻവാരം വരവ് 147 ടണ്ണായിരുന്നു. ആഗോള ഉത്പാദനം ചുരുങ്ങുന്നത് വിലക്കയറ്റ സാധ്യത ശക്തമാക്കും. അന്താരാഷ്ട്ര മാർക്കറ്റിൽ ഇന്ത്യൻ വില ടണ്ണിന് 8000 ഡോളർ.
കൊക്കോയ്ക്ക് ക്ഷാമം
സംസ്ഥാനത്ത് വീണ്ടും കൊക്കോ ക്ഷാമം. ചിങ്ങത്തിലെ കനത്ത മഴയിൽ ഒട്ടുമിക്ക തോട്ടങ്ങളിലും പൂക്കൾ കൊഴിഞ്ഞത് കൊക്കോ ഉത്പാദനത്തിൽ വിള്ളലുളവാക്കി. നവംബറായിട്ടും വിപണികളിൽ ചരക്കു വരവ് നാമമാത്രമാണ്. മധ്യകേരളത്തിലും ഹൈറേഞ്ചിലും കൊക്കോ ഉത്പാദനം പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ലെന്നത് വീണ്ടും വിലക്കയറ്റത്തിന് അവസരമൊരുക്കാം. മധ്യകേരളത്തിൽ പച്ച കായ കിലോ 90-110 രൂപയിലും കൊക്കോ കുരു കിലോ 480 രൂപയിലുമാണ്. ഹൈറേഞ്ച് ചരക്ക് കിലോ 480-500 രൂപയിലും മികച്ചയിനങ്ങൾ 550 രൂപയിലുമാണ്.
വിപണി ചൂടുപിടിച്ചു തുടങ്ങിയെങ്കിലും ബഹുരാഷ്ട്ര കമ്പനി രംഗത്ത് ഇനിയും താത്പര്യം കാണിച്ചിട്ടില്ല. അതേസമയം ചെറുകിട ചോക്ലേറ്റ് നിർമാതാക്കൾ വില്പനയ്ക്കെത്തുന്ന ചരക്കത്രയും ശേഖരിക്കുന്നുണ്ട്. രാജ്യാന്തര വിപണിയിൽ കൊക്കോ വില 7,341 ഡോളറിലാണ്. 8,340 ഡോളറിലേയ്ക്ക് മുന്നേറാനുള്ള ശ്രമത്തിലാണ്. മുഖ്യ ഉത്പാദന രാജ്യമായ ഐവറികോസ്റ്റിൽ മഴ ശക്തമായത് കൊക്കോയുടെ ഗുണനിലവാരത്തെ ബാധിച്ചത് ആശങ്കയുളവാക്കുന്നു. ബ്ലാക്ക് പോഡ് രോഗം കണ്ടുതുടങ്ങിയാൽ സ്ഥിതി കൂടുതൽ സങ്കീർണമാകും.
നേട്ടത്തോടെ കൊപ്ര, വെളിച്ചെണ്ണ
ദീപാവലി മുഹൂർത്ത വ്യാപാരത്തിൽ കൈവരിച്ച കരുത്തുമായി വെളിച്ചെണ്ണ, കൊപ്ര വിപണി അടുത്ത ചുവടുവയ്പ്പിന് ഒരുങ്ങുന്നു. ദീപാവലി വേളയിലാണ് ഏറ്റവും കൂടുതൽ ഭക്ഷ്യയെണ്ണ വില്പന. ഉത്സവ ഡിമാൻഡിൽ പാം ഓയിൽ ഒരു മാസം കൊണ്ട് 37 ശതമാനവും കടുകെണ്ണ 29 ശതമാനവും ഉയർന്നു. ഇറക്കുമതി ഡ്യൂട്ടി ഉയർത്തിയത് വിലക്കയറ്റം ശക്തമാക്കി. വാരാന്ത്യം കൊച്ചിയിൽ വെളിച്ചെണ്ണ 19,900ൽനിന്നും 20,200ലേയ്ക്ക് ഉയർന്നു. കൊപ്ര 12,650ൽനിന്നും 12,950 രൂപയായി. ആഭരണ വില പവൻ 58,880 രൂപയിൽനിന്നും 59,640ലേയ്ക്ക് കയറിയശേഷം വാരാന്ത്യം 58,960 രൂപയായി.