ഓഹരി നിക്ഷേപകർ അനിശ്ചിതത്വത്തിൽ
ഓഹരി അവലോകനം / സോണിയ ഭാനു
Monday, November 4, 2024 1:04 AM IST
ഓഹരി നിക്ഷേപകർ വീണ്ടും അനിശ്ചിതത്വത്തിൽ. ദീപാവലി മുഹൂർത്ത വ്യാപാരത്തിൽ അലയടിച്ച ബുള്ളിഷ് മനോഭാവം ഇന്ന് നിലനിർത്താൻ ഇന്ത്യൻ മാർക്കറ്റിനാവുമോ? മുഹൂർത്ത കച്ചവടത്തിൽ താത്പര്യം കാണിക്കാഞ്ഞ വിദേശ ഓപ്പറേറ്റർമാർ രംഗത്ത് തിരിച്ചെത്തുന്നതോടെ സൂചിക വീണ്ടും ആടി ഉലയുമെന്ന ഭീതിയിലാണ് ഒരു വിഭാഗം നിക്ഷേപകർ.
നാലാഴ്ചകളിലെ തിരിച്ചടികളുടെ തുടർച്ചയെന്നോണം നെഗറ്റീവ് ക്ലോസിംഗിലേക്കു നീങ്ങുന്ന പ്രവണതയിലാണ് വ്യാഴാഴ്ച ഇടപാടുകൾ അവസാനിച്ചത്. എന്നാൽ, വെള്ളിയാഴ്ച വൈകിട്ട് നടന്ന സംവത് 2081ലെ ആദ്യ കച്ചവടത്തിൽ അലയടിച്ച് മുന്നേറ്റം വിപണിയെ പ്രതിവാര നേട്ടത്തിലെത്തിച്ചു. സെൻസെക്സ് 321 പോയിന്റും നിഫ്റ്റി സൂചിക 118 പോയിന്റും മികവിലാണ്. ആഗോള വിപണികൾ അമേരിക്കൻ തെരഞ്ഞടുപ്പിനെ ഉറ്റു നോക്കുകയാണ്, ഒപ്പം ഫെഡ് റിസർവ് യോഗവും സാമ്പത്തികരംഗത്ത് വൻ ചലനങ്ങൾ സൃഷ്ടിക്കാൻ ഇടയുണ്ട്.
തിളക്കമാർന്ന പ്രകടനം സംവത് 2080ൽ ഇന്ത്യൻ മാർക്കറ്റ് കാഴ്ചവച്ചു. കടന്നുപോയ സംവത് വർഷത്തിൽ സൂചിക 38 ശതമാനം മുന്നേറി, വർഷാന്ത്യം നേട്ടം 25 ശതമാനമാണ്. 2017 കോവിഡ് കാലയളവിനു ശേഷം ഇന്ത്യൻ വിപണിയിൽ ഇത്ര ശക്തമായ മുന്നേറ്റം ആദ്യമാണ്. അതേസമയം ഇന്ത്യാ വോളാറ്റിലിറ്റി ഇൻഡക്സ് ഓഗസ്റ്റ് 13ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലവാരത്തിലേയ്ക്ക് ചുവടുവയ്ക്കുന്നത് ബുൾ ഓപ്പറേറ്റർമാരുടെ നെഞ്ചിടിപ്പ് വർധിപ്പിക്കാം. സൂചിക രണ്ടര മാസത്തെ ഉയർന്ന തലമായ 15.9 ലേയ്ക്ക് കയറി.
തകർച്ച തുടർന്ന് നിഫ്റ്റി
നിഫ്റ്റി തുടർച്ചയായ തളർച്ചക്ക് ശേഷം 24,180ൽ വ്യാപാരം തുടങ്ങിയെങ്കിലും ഒക്ടോബർ സീരീസ് സെറ്റിൽമെന്റിന്റെ പിരിമുറുക്കങ്ങൾ സൂചികയിൽ പ്രതിഫലിച്ചു. ഫ്യൂച്ചേഴ്സിൽ ഷോട്ട് കവറിംഗ് ഓപ്പറേറ്റർമാർ ഉത്സാഹിച്ചതോടെ സൂചിക 24,490ലേക്ക് ഉയർന്നങ്കിലും ആ റേഞ്ചിൽ അധികനേരം പിടിച്ചു നിൽക്കാനായില്ല.
വിദേശ ഫണ്ടുകളുടെ വില്പനയിൽ നിഫ്റ്റിയെ ഒരു വേള 24,155ലേയ്ക്ക് തളർത്തി, വാരാന്ത്യം 24,304 പോയിന്റിലാണ്. ഡെയ്ലി ചാർട്ടിൽ സൂപ്പർ ട്രെന്റും, പാരാബോളിക്കും, എംഎസിഡിയും സെല്ലിംഗ് മൂഡിലാണ്. ഓവർ സോൾഡ് മേഖലയിൽനിന്നും മറ്റ് പല ഇൻഡിക്കേറ്ററുകളും ന്യൂട്ടറൽ റേഞ്ചിലേക്ക് നീങ്ങി. ഈ വാരം നിഫ്റ്റിക്ക് 24,132ലെ ആദ്യ താങ്ങ് നഷ്ടപ്പെട്ടാൽ 23,965 റേഞ്ചിലേയ്ക്ക് പരീക്ഷണം നടത്താം.
മുന്നേറാൻ ശ്രമിച്ചാൽ 24,478-24,657 റേഞ്ചിലെ പ്രതിരോധമുണ്ട്. ഡെറിവേറ്റീവ് മാർക്കറ്റിൽ നിഫ്റ്റി നവംബർ സീരീസ് 24,383ലാണ്. ഓപ്പൺ ഇന്ററസ്റ്റ് തൊട്ട് മുൻവാരത്തിലെ 158.6 ലക്ഷം കരാറുകളിൽനിന്നും 111.7 ലക്ഷമായി ഇടിഞ്ഞു. ബിയറിഷ് മനോഭാവം നിലനിർത്തുകയാണെങ്കിലും 24,100 റേഞ്ചിലെ സപ്പോർട്ട് കാത്തുസൂക്ഷിച്ച് 25,000ലേക്ക് തിരിച്ചുവരവിനു ശ്രമിക്കാം, എന്നാൽ, ആദ്യ സപ്പോർട്ട് നഷ്ടമായാൽ ബുള്ളിഷ് മനോഭാവം തന്നെ മാറിമറിയാം.
പ്രതീക്ഷയോടെ സെൻസെക്സ്
സെൻസെക്സ് 79,402ൽനിന്നും 80,531ലേയ്ക്ക് കയറിയതിനിടയിൽ വിദേശ വില്പന തരംഗത്തിൽ സൂചിക 79,300ലേക്ക് ഇടിഞ്ഞു. വെള്ളിയാഴ്ച്ച വൈകുന്നേരം നടന്ന മുഹൂർത്ത കച്ചവടത്തിൽ സെൻസെക്സ് 79,724ലേയ്ക്ക് തിരിച്ചുവരവ് നടത്തി. എന്നാൽ, ഈ തിരിച്ചുവരവിന്റെ ആയുസ് തിങ്കളാഴ്ച്ച ഇടപാടുകളുടെ ആദ്യ പകുതിയിൽ നിർണയിക്കും. വിദേശ വില്പന തുടർന്നാൽ സൂചിക 79,166ലേയ്ക്കും തുടർന്ന് 78,608 പോയിന്റിലേയ്ക്കും സാങ്കേതിക പരീക്ഷണം നടത്താം. മുഹൂർത്ത വ്യാപാരത്തിലെ ആവേശം നിലനിർത്താൻ വിപണിക്കായാൽ സെൻസെക്സ് 80,406-81,088ലേക്കും ഉയരും.
വിദേശ ഫണ്ടുകൾ വില്പന തുടരുന്നു. അമേരിക്കൻ തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ചുള്ള ആശങ്കകളും ഇന്ത്യയിൽനിന്നും ചൈനയിലേയ്ക്കു നിക്ഷേപം തിരിക്കാൻ അവർ കാണിച്ച വ്യഗ്രതയും വിനിമയ വിപണിയിൽ ഇന്ത്യൻ രൂപയുടെ റിക്കാർഡ് മൂല്യ തകർച്ചയ്ക്ക് ഇടയാക്കി.
രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിരക്കായ 84.10ലേക്ക് ദുർബലമായി. ഏതാനും ആഴ്ചകളായി രൂപയ്ക്ക് താങ്ങ് പകരാൻ റിസർവ് ബാങ്ക് ശക്തമായ ശ്രമം നടത്തുകയാണ്. ഒക്ടോബർ ആദ്യം 84ലേക്ക് ദുർബലമായ അവസരം മുതൽ ആർബിഐ കരുതൽ ധനം ഇറക്കി രൂപയുടെ മുഖം മിനുക്കുകയാണ്. പുതിയ സാഹചര്യത്തിൽ രൂപ 84.19-84.27നെ ഉറ്റുനോക്കും.
വില്പന തുടർന്ന് വിദേശഫണ്ടുകൾ
വിദേശ ഫണ്ടുകൾ ഒക്ടോബറിൽ കനത്ത വില്പന നടത്തി. സെപ്റ്റംബറിൽ അവർ ഏഴ് ബില്യൺ ഡോളർ നിക്ഷേപിച്ചിരുന്നു. കഴിഞ്ഞവാരം 14,415.65 കോടി രൂപയുടെ ഓഹരികൾ അവർ വിറ്റഴിച്ചു. ഇതോടെ ഒക്ടോബറിലെ മൊത്തം വിൽപ്പന 1,28,546.62 കോടി രൂപയായി.
രാജ്യാന്തര സ്വർണം ബുള്ളിഷ് ട്രന്റിലാണ്. ന്യൂയോർക്ക് എക്സ്ചേഞ്ചിൽ ട്രോയ് ഔൺസിന് 2749 ഡോളറിൽനിന്നും റിക്കാർഡായ 2790 വരെ മുന്നേറിയതിനിടയിൽ വീക്കിലി ചാർട്ടിൽ സാങ്കേതികമായി ഓവർ ബ്രോട്ടായത് ഫണ്ടുകളെ ലാഭമെടുപ്പിന് പ്രേരിപ്പിച്ചതോടെ 2731 ഡോളറിലേക്ക് ഇടിഞ്ഞു. വെള്ളിയാഴ്ച്ച 2762ലേക്കു തിരിച്ചുവരവ് കാഴ്ചവച്ചു. ക്ലോസിംഗിൽ 2735 ഡോളറിലാണ്. 2694 ഡോളറിലെ സപ്പോർട്ട് നിലനിൽക്കുവോളം മുന്നേറാനുളള പ്രവണത നിലനിർത്തും.