ഓഹരി വിപണിയിൽ മുന്നേറ്റം
Wednesday, November 6, 2024 1:22 AM IST
മുംബൈ: വലിയ തോതിൽ ഓഹരി വാങ്ങിക്കൂട്ടൽ നടന്നതിനെ തുടർന്ന് ഇന്നലെ ഓഹരി വിപണിയിൽ മുന്നേറ്റം. സെൻസെക്സ് 694 പോയിന്റ് നേട്ടത്തോടെ 79,476ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റിയിലും സമാനമായ മുന്നേറ്റം ദൃശ്യമായി.
217 പോയിന്റ് നേട്ടത്തോടെ നിഫ്റ്റി വീണ്ടും 24,000 എന്ന സൈക്കോളജിക്കൽ ലെവലിന് മുകളിൽ എത്തി. നടപ്പുസാന്പത്തികവർഷത്തിന്റെ രണ്ടാം പകുതിയിൽ രാജ്യത്ത് ഉപഭോഗം വർധിക്കുമെന്ന പ്രതീക്ഷകളാണ് വിപണിയെ തുണച്ചത്. പ്രധാനമായി ബാങ്കിംഗ്, മെറ്റൽ ഓഹരികളാണ് നിക്ഷേപകർ വാങ്ങിക്കൂട്ടിയത്.
എച്ച്ഡിഎഫ്സി ബാങ്ക്, എസ്ബിഐ, ഐസിഐസിഐ ബാങ്ക്, റിലയൻസ്, ആക്സിസ് ബാങ്ക് ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കിയത്. അതേസമയം കോൾഇന്ത്യ, അദാനി പോർട്സ്, ഏഷ്യൻ പെയിന്റ്സ്, ഐടിസി ഓഹരികൾ നഷ്ടം നേരിട്ടു.
തിങ്കളാഴ്ച വ്യാപാരത്തിനിടെ സെൻസെക്സ് 1500 പോയിന്റ് ആണ് ഇടിഞ്ഞത്. ഒടുവിൽ 940 പോയിന്റ് നഷ്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. വിദേശ നിക്ഷേപത്തിന്റെ പിൻവലിക്കലാണ് വിപണിയിൽ പ്രതിഫലിച്ചത്.
ഇന്നലെ വ്യാപാരത്തിന്റെ തുടക്കത്തിലും ഇതിന്റെ തുടർച്ച ദൃശ്യമായിരുന്നു. നഷ്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്. ഒരു ഘട്ടത്തിൽ അടുത്തകാലത്തെ ഏറ്റവും താഴ്ന്ന നിലവാരമായ 78,296 പോയിന്റിലേക്കും താഴ്ന്നിരുന്നു. തുടർന്നായിരുന്നു തിരിച്ചുവരവ്.